ക്ഷേത്ര വാർത്തകൾ
ഗുരുവായൂരില്‍ കൃഷ്ണനാട്ടം സെപ്റ്റംബര്‍ 2 ന് ആരംഭിക്കും

ശ്രീഗുരുവായൂരപ്പന്റെ ഇഷ്ട കലയായ കൃഷ്ണനാട്ടം കളിയുടെ 2026വര്‍ഷത്തെ കച്ചകെട്ട് അഭ്യാസം തുടങ്ങി. ആദ്യ ഘട്ടത്തില്‍ രാവിലെ മാത്രമായിരിക്കും അഭ്യാസം. പുലര്‍ച്ചെ 3 മണി മുതല്‍ കച്ചകെട്ടിയുള്ള അഭ്യാസം, ചവിട്ടിയുഴിച്ചില്‍, കൃഷ്ണനാട്ടം രംഗങ്ങളുടെ വായ്ത്താരി ചൊല്ലിയുള്ള അഭ്യാസം, ചൊല്ലിയാട്ടം തുടങ്ങിയവ ജൂലൈ 16 വ്യാഴാഴ്ച മുതല്‍ ആരംഭിക്കും.

കണ്ണ് സാധകം, കാല്‍സാധകം, തീവട്ടം കുടയല്‍, ചില്വാനം കാല്‍സാധകം, പതിഞ്ഞ ഇരട്ടിവട്ടം എന്നിവ പ്രത്യേകമായി പരിശീലിപ്പിക്കും. ചവിട്ടിഉഴിച്ചിലും അവതാരം, കാളിയമര്‍ദ്ദനം, രാസക്രീഡ, കംസവധം, എന്നീ 4 കഥകളുടെ പൂര്‍ണ്ണ ചൊല്ലിയാട്ടവും മറ്റു കഥകളിലെ തെരഞ്ഞെടുത്ത രംഗങ്ങളുടെ പരിശീലനവും ഉണ്ടാകും.

വൈകിട്ട് ആറുമണി മുതല്‍ നാമം ചൊല്ലല്‍, മുദ്രാഭിനയം, കണ്ണ് സാധകം, കൈ വീശല്‍, കൈമറിയ്ക്കല്‍, ചെറിയ കുട്ടികള്‍ക്ക് താളം പിടിക്കല്‍, മുഖാഭിനയം എന്നിവപരിശീലിപ്പിക്കും. രാത്രി 8 മണിവരെ പരിശീലനം തുടരും. ശുദ്ധമദ്ദളം, തൊപ്പിമദ്ദളം വിഭാഗങ്ങളിലുള്ള കലാകാരന്മാര്‍ക്ക് പുലര്‍ച്ചെ പാഠക്കൈകള്‍ സാധകവും രാവിലെയും ഉച്ചയ്ക്കും അഭ്യാസത്തിനും ചൊല്ലിയാട്ടത്തിനും പ്രത്യേകം പരിശീലനവും നല്‍കും.

പാട്ട് വിഭാഗത്തിലുള്ളവര്‍ക്ക് പുലര്‍ച്ചെ കര്‍ണ്ണാടക സംഗീത സാധകവും രാവിലെ കൃഷ്ണനാട്ട സംഗീത സാഹിത്യ പഠനവും ചൊല്ലിയാട്ടത്തിന് കൂടി ചേര്‍ന്നുള്ള പഠനവും നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെ ചുട്ടി വിഭാഗത്തിന് പ്രത്യേക പരിശീലനവും കോപ്പു പണികളും നടക്കും. 41 ദിവസമാണ് കച്ചകെട്ട് അഭ്യാസം.

കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, കളിയോഗം ആശാന്‍ രമേശന്‍ കരുമത്തില്‍, വേഷം വിഭാഗം ആശാന്മാരായ എസ്. മാധവന്‍കുട്ടി, എ. മുരളീധരന്‍, എം.വി. ഉണ്ണികൃഷ്ണന്‍, പി. അരവിന്ദാക്ഷന്‍, പാട്ടു വിഭാഗം ആശാന്മാരായ എം. കെ.ദില്‍കുഷ് നെടുങ്ങാടി, സി പി. സത്യനാരായണന്‍ എളയത്, ശുദ്ധമദളം ആശാന്‍ പി. രാധാകൃഷ്ണന്‍, ചുട്ടി വിഭാഗം ആശാന്‍ പി.ആര്‍ ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.

ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം വഴിപാട് കളികള്‍
സെപ്റ്റംബര്‍ രണ്ട് മുതല്‍

ജൂലൈ, ആഗസ്റ്റ് മാസത്തെ കച്ചകെട്ട് അഭ്യാസകാലം കഴിഞ്ഞ് സെപ്റ്റംബര്‍ രണ്ടിന് അവതാരം കളിയോടെ ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം വഴിപാട് കളികള്‍ പുനരാരംഭിക്കും.

Related Posts