
ഇത്തവണ കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് പോകുന്നവര്‍ അറിയാന്‍
ഒരുമാസം നീണ്ടുനില്‍ക്കുന്ന കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് ഇടവത്തില്‍ ചോതിനക്ഷത്രം വരുന്ന ജൂണ്‍ ഒന്നിന് തുടക്കമാകും. ലക്ഷക്കണക്കിന് ഭക്തരാണ് ബാവലിപ്പുഴയോരത്തെ പുണ്യഭൂമിയായ കൊട്ടിയൂരിലേക്ക് വൈശാഖോത്സവത്തിനായി എത്തുന്നത്.
വീരഭദ്രന്‍ ദക്ഷന്റെ ശിരസ്സറുത്ത ശേഷം ചുഴറ്റിയെറിഞ്ഞ വാള്‍ ചെന്നു വീണ സ്ഥലമെന്ന് കരുതുന്ന മുതിരേരിയില്‍നിന്ന് വാള്‍ എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂരിലെത്തുന്നതോടെയാണ് വൈശാഖോത്സവത്തിന് തുടക്കമാകുന്നത്.
ദക്ഷിണകാശിയെന്നും ദക്ഷയാഗം നടന്ന ഭൂമിയെന്നുമെല്ലാം അറിയപ്പെടുന്നയിടമാണിവിടം. കണ്ണൂര്‍ ജില്ലയുടെ വടക്ക് വയനാട് ജില്ലയോട് ചേര്‍ന്നാണ് ഈ പുണ്യഭൂമി.
വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിച്ച് ഒഴുകുന്നു. ഇവിടെ മുഖത്തോടു മുഖം നോക്കിയാണ് ഇക്കരെ കൊട്ടിയൂരും അക്കരെ കൊട്ടിയൂരും സ്ഥിതി ചെയ്യുന്നത്. പുഴയുടെ തെക്കു ഭാഗത്തുള്ള ഇക്കരെ കൊട്ടിയൂരില്‍ സ്ഥിരം ശിവക്ഷേത്രം ഉണ്ട്. വടക്കുഭാഗത്തുള്ള അക്കരെ കൊട്ടിയൂരില്‍ വൈശാഖ ഉത്സവം നടക്കുന്ന ഉത്സവകാലത്തേക്ക് മാത്രം ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പൂജകള്‍ ഉണ്ടാവില്ല.
ദക്ഷയാഗം നടന്ന സ്ഥലമെന്ന് വിശ്വസിക്കുന്ന ഇവിടെ എത്താന്‍ കഴിയുന്നതുപോലും പുണ്യമാണ്. ഹോമകുണ്ഡത്തിന്റെ ആകൃതിയിലുള്ള തീര്‍ത്ഥത്തില്‍ ആണ് ശിവ പ്രതിഷ്ഠ. ശങ്കരാചാര്യരാണ് കൊട്ടിയൂര്‍ ക്ഷേത്രത്തിലെ പൂജയും ഉത്സവ ചിട്ടകളും ക്രമീകരിച്ചത്.
മൂലക്ഷേത്രമായ അക്കരെ കൊട്ടിയൂരില്‍ ജലാശയ നടുവില്‍ സ്വയംഭൂവായി മണിത്തറയില്‍ മഹാദേവനും സതീദേവി ശരീര ത്യാഗം ചെയ്തതായി വിശ്വസിക്കുന്ന അമ്മാറക്കല്‍ തറയില്‍ പാര്‍വതീ ദേവിയും കുടികൊള്ളുന്നു. പുഴയില്‍ നിന്നും എടുക്കുന്ന വെള്ളാരം കല്ലുകള്‍ കൊണ്ടാണ് ശിവലിംഗത്തിന് പീഠം നിര്‍മ്മിക്കുന്നത്. ഓലകൊണ്ട് ശ്രീകോവില്‍ ഒരുക്കി നെയ്യാട്ടത്തോടെ ഉത്സവം തുടങ്ങും. വൈശാഖോത്സവം നടക്കുമ്പോള്‍ മാത്രമേ ഇവിടെ പൂജയുള്ളൂ.
ഉത്സവം തുടങ്ങി ആദ്യ പതിനൊന്നു ദിവസം ശിവന്‍ കോപാകുലനായിരിക്കുമെന്നാണ് വിശ്വാസം. ഈ കോപം തണുക്കാന്‍ നീരഭിഷേകം, ഇളനീരഭിഷേകം, കളഭാഭിഷേകം എന്നിവ നിര്‍ത്താതെ ചെയ്തു കൊണ്ടിരിക്കും. ഉത്സവത്തിന്റെ ഭാഗമായി രണ്ട് ആനകളുടെ പുറത്ത് ശിവനേയും പാര്‍വതിയേയും എഴുന്നെള്ളിക്കും.
ഇവിടെ മാത്രമുള്ള ഒരു ചടങ്ങാണ് രോഹിണി ആരാധന അല്ലെങ്കില്‍ ആലിംഗന പുഷ്പാഞ്ജലി. വിഗ്രഹത്തെ കുറുമാത്തൂര്‍ വലിയ നമ്പൂതിരിപ്പാട് ശൈവ സാന്ത്വനത്തിനായി പുഷ്പവൃഷ്ടി നടത്തി ആലിംഗനം ചെയ്യും. പൂജകന്‍ ഇരു കൈകളാലും ചുറ്റി പിടിച്ചു വിഗ്രഹത്തില്‍ തല ചേര്‍ത്തു നില്ക്കും. സതി നഷ്ടപ്പെട്ട ശ്രീ പരമേശ്വരനെ ബ്രഹ്‌മാവ് സാന്ത്വനിപ്പിക്കുന്നതിന്റെ പ്രതീകമാണത്രെ ഈ ചടങ്ങ്.
മകം നാള്‍ ഉച്ച മുതല്‍ സ്ത്രീകള്‍ക്ക് കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല. കൊട്ടിയൂര്‍ ക്ഷേത്രത്തിലെ പ്രസാദമാ.ി കൊണ്ടുപോകുന്ന ഒന്നാണ് ഓടപ്പൂവ്. പൂമുഖത്തും പൂജാമുറിയിലും വാഹനങ്ങളിലുമെല്ലാം ഈ ഓടപ്പൂക്കള്‍ തൂക്കിയിട്ടുന്നത് ഐശ്വര്യമാണെന്നാണ് വിശ്വാസം.
കണ്ണൂരും തലശ്ശേരിയും ആണ് അടുത്തുള്ള പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും 45 കി.മീ ആണ് കൊട്ടിയൂര്‍ക്കുള്ള ദൂരം.
വൈശാഖോത്സവത്തിലെ പ്രധാന ചടങ്ങുകള്‍
ജൂണ്‍ 1 മുതിരേരിവാള്‍ എഴുന്നള്ളത്ത്, നെയ്യാട്ടം
ജൂണ്‍ 2 ഭണ്ഡാരം എഴുന്നള്ളത്ത്
ജൂണ്‍ 3 സ്ത്രീകള്‍ക്ക് പ്രവേശനം തുടങ്ങുന്നു
ജൂണ്‍ 8 തിരുവോണം ആരാധന
ജൂണ്‍ 9 ഇളനീര്‍ വെയ്പ്പ്
ജൂണ്‍ 10 ഇളനീരാട്ടം അഷ്ടമി ആരാധന
ജൂണ്‍ 13 രേവതി ആരാധന
ജൂണ്‍ 17 രോഹിണി ആരാധന
ജൂണ്‍ 19 തിരുവാതിര ചതുശതം
ജൂണ്‍ 20 പുണര്‍തം ചതുശ്ശതം
ജൂണ്‍ 22 ആയില്യം ചതുശ്ശതം
ജൂണ്‍ 24 മകം കലം വരവ്,
ഉച്ചയോടെ സ്ത്രീകള്‍ക്ക് പ്രവേശനം അവസാനിക്കും.
2023 ജൂണ്‍ 27 അത്തം ചതുശ്ശതം വാളാട്ടം കലശപൂജ
2023 ജൂണ്‍ 28 ബുധന്‍ തൃക്കലശാട്ട്.