
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: പ്രധാന തീയതികള്‍ പ്രഖ്യാപിച്ചു
കൊട്ടിയൂര്‍: ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ തീയതിയും ചടങ്ങുകളും ചിട്ടകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകള്‍ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്ര സന്നിധിയില്‍ ഭക്തിസാന്ദ്രമായി നടന്നു. ഇതോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. സമുദായിയുടെയും ക്ഷേത്ര അടിയന്തിരക്കാരുടെയും സാന്നിധ്യത്തില്‍ കണക്കപ്പിള്ളയാണ് കുത്തോട് മണ്ഡപത്തില്‍ വെച്ച് മഹോത്സവത്തിന്റെ തീയതി കുറിച്ചത്.
നെയ്യും അവിലും എഴുന്നള്ളിച്ചു
പ്രക്കൂഴം മുതല്‍ വിളക്ക് തെളിയിക്കാനുള്ള പശുവിന്‍ നെയ്യ് മാലൂര്‍ പടി ക്ഷേത്രത്തില്‍ നിന്നും, ഗണപതി ഹോമത്തിനും അവില് നിവേദ്യത്തിനുമുള്ള അവില്‍ കാക്കയങ്ങാട് പാലാ പുല്ലാഞ്ഞിയോട് നരസിംഹമൂര്‍ത്തിക്ഷേത്രത്തില്‍ നിന്നുമാണ് എഴുന്നള്ളിച്ച് കൊണ്ടുവന്നത്. സ്ഥാനികര്‍ ഇന്നലെ രാവിലെ തന്നെ ഇവ ഇക്കരെ കൊട്ടിയൂരില്‍ എത്തിച്ചിരുന്നു.
തണ്ണീര്‍കുടിയും ബാവലിക്കെട്ടും
ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രനടയ്ക്ക് താഴെയായി കല്ലുവാഴയുടെ ഏഴ് ഇലകളില്‍ തേങ്ങയും ശര്‍ക്കരയും പഴവും വെച്ചുള്ള ‘തണ്ണീര്‍കുടി’ ചടങ്ങോടെയാണ് പ്രക്കൂഴത്തിന് തുടക്കമായത്. ക്ഷേത്ര അടിയന്തിരക്കാരായ ഒറ്റപ്പിലാന്‍, പുറങ്കലയന്‍, ജന്മാശാരി, പെരുവണ്ണാന്‍, കൊല്ലന്‍, കണിയാന്‍, കാടന്‍ എന്നിവര്‍ ചേര്‍ന്നാണ് ചടങ്ങ് നടത്തിയത്.
തുടര്‍ന്ന് അടിയന്തിരക്കാരായ ഒറ്റപ്പിലാനും പുറങ്കലയനും ചേര്‍ന്ന് കിഴക്കേ നടയ്ക്ക് സമീപം ബാവലിപ്പുഴയില്‍ മുങ്ങി മൂന്ന് കല്ലുകളെടുത്ത് ‘ബാവലി കെട്ടിനായി’ വച്ചു. ഉത്സവ നാളുകളില്‍ തിരുവഞ്ചിറയിലേക്ക് വെള്ളം ഒഴുക്കുന്നതിനാണ് ഈ ബാവലിക്കെട്ട് ഒരുക്കുന്നത്.
പാരമ്പര്യ ഊരാളന്മാരായ തിട്ടയില്‍ നാരായണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനക്കല്‍ ചാത്തോത്ത് കെ.സി. സുബ്രഹ്‌മണ്യന്‍ നായര്‍, കുളങ്ങരയത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ എന്നിവരുടെയും ഏഴില്ലക്കാരുടെയും നേതൃത്വത്തില്‍ സമുദായി കൃഷ്ണമുരളി, കണക്കപ്പിള്ള, ഓച്ചര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകള്‍. അര്‍ദ്ധരാത്രി ആയില്യാര്‍ക്കാവില്‍ നടന്ന ഗൂഢപൂജയ്ക്ക് ക്ഷേത്ര ജന്മശാന്തി പടിഞ്ഞീറ്റ രാമചന്ദ്രന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു.
സ്ത്രീകള്‍ക്കുള്ള പ്രവേശന നിയന്ത്രണം
അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്തുന്നതിന് പ്രത്യേക നിയന്ത്രണങ്ങളുണ്ട്. മേയ് 29-ന് അര്‍ദ്ധരാത്രി ഭണ്ഡാരം അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പും, ജൂണ്‍ 20-ന് മകം നാള്‍ ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
പ്രധാന വിശേഷ ദിവസങ്ങള്‍:
മേയ് 23: നീരെഴുന്നള്ളത്ത്
മേയ് 28: നെയ്യാട്ടം
മേയ് 29: ഭണ്ഡാരം എഴുന്നള്ളത്ത്
ജൂണ്‍ 5: തിരുവോണം ആരാധന
ജൂണ്‍ 7: ഇളനീര്‍ വെപ്പ്
ജൂണ്‍ 8: ഇളനീരാട്ടം, അഷ്ടമി ആരാധന
ജൂണ്‍ 10: രേവതി ആരാധന
ജൂണ്‍ 14: രോഹിണി ആരാധന
ജൂണ്‍ 16: തിരുവാതിര ചതുശ്ശതം
ജൂണ്‍ 17: പുണര്‍തം ചതുശ്ശതം
ജൂണ്‍ 19: ആയില്യം ചതുശ്ശതം
ജൂണ്‍ 20: മകം കലം വരവ്
ജൂണ്‍ 23: അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ
ജൂണ്‍ 24: തൃക്കലശ്ശാട്ട്



