
കൊട്ടിയൂര്‍ വൈശാഖോത്സവം; നീരെഴുന്നള്ളത്ത് നടത്തി
കൊട്ടിയൂര്‍ വൈശാഖോത്സവത്തിനു മുന്നോടിയായി മണിത്തറയിലെ സ്വയംഭൂ സ്ഥാനത്ത് ബാവലി തീര്‍ഥം അഭിഷേകം ചെയ്യുന്ന നീരെഴുന്നള്ളത്ത് ചടങ്ങ് നടത്തി.
ചടങ്ങില്‍ ആചാര്യന്മാരും അടിയന്തിര യോഗക്കാരും അവകാശികളും സ്ഥാനികരും പങ്കെടുത്തു. അക്കരെ കൊട്ടിയൂര്‍ ക്ഷേത്രസന്നിധാനത്ത് ആദ്യം പ്രവേശിക്കുന്ന ചടങ്ങാണ് നീരെഴുന്നള്ളത്ത്. വിളക്കുതിരി സംഘം ഇക്കരെ ക്ഷേത്രത്തിലെത്തിയ ശേഷം ഒറ്റപ്പിലാന്‍, പുറങ്കലയന്‍, ജന്മാശാരി, പെരുവണ്ണാന്‍, കൊല്ലന്‍, കണിശന്‍ ഗുരുക്കള്‍ എന്നിവര്‍ ചേര്‍ന്ന് ഇക്കരെ സന്നിധാനത്തും ബാവലി പുഴയിലും തണ്ണീര്‍കുടി ചടങ്ങ് നടത്തി. പിന്നീടാണു ജന്മാശാന്തിയുടെയും സമുദായിയുടെയും നേതൃത്വത്തില്‍ നീരെഴുന്നള്ളത്തിന് പുറപ്പെട്ടത്. മന്ദംചേരി ഉരുളിക്കുളത്തിലെത്തി കൂവയില പറിച്ചെടുത്താണു ബാവലിപ്പുഴയിലെ ജലം ശേഖരിച്ചത്.
ബാവലി തീര്‍ഥവുമായി മണിത്തറയില്‍ പ്രവേശിച്ച ജന്മശാന്തി അഭിഷേകം ചെയ്തു. രാത്രി ഇക്കരെ കൊട്ടിയൂരിലെ ആയില്യാര്‍ കാവില്‍ പ്രത്യേക ചടങ്ങുകളും നടത്തി.അപ്പട നിവേദിച്ചു.

