
കൊട്ടിയൂരില്‍ ഇന്ന് ഭക്തിയുടെ ഇളനീര്‍മഴ; അക്കരെ സന്നിധാനത്ത് ഇളനീരാട്ടവും അഷ്ടമി ആരാധനയും
കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഭക്തിനിര്‍ഭരവുമായ ചടങ്ങുകളിലൊന്നായ ‘ഇളനീരാട്ടം’ ഇന്ന് അക്കരെ കൊട്ടിയൂരില്‍ നടക്കും. വ്രതനിഷ്ഠരായ ഭക്തര്‍ ഇന്നലെ സന്നിധാനത്ത് സമര്‍പ്പിച്ച ആയിരക്കണക്കിന് ഇളനീരുകള്‍ പെരുമാളിന് അഭിഷേകം ചെയ്യുന്ന പുണ്യമുഹൂര്‍ത്തത്തിനാണ് ഇന്ന് കൊട്ടിയൂര്‍ സാക്ഷ്യം വഹിക്കുന്നത്. ഉത്സവകാലത്തെ രണ്ടാമത്തെ ആരാധനാ പൂജയായ അഷ്ടമി ആരാധനയും ഇന്നാണ് നടക്കുക.
ഇളനീരാട്ടത്തിന്റെ ചടങ്ങുകള്‍
ഇളനീരാട്ടത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ രാവിലെ മുതല്‍ തന്നെ ആരംഭിക്കും. കാര്യത്ത് കൈക്കോളന്റെ നേതൃത്വത്തിലുള്ള സംഘം തണ്ടയാന്മാര്‍ സമര്‍പ്പിച്ച കത്തികള്‍ ഉപയോഗിച്ച് ഇളനീരുകള്‍ ചെത്തിയൊരുക്കി മണിത്തറയിലെ മുഖമണ്ഡപത്തില്‍ കൂട്ടിവെക്കും. തുടര്‍ന്ന് രാത്രിയില്‍ കൊട്ടേരിക്കാവില്‍ നിന്നും ഓടച്ചൂട്ട് കത്തിച്ച് അതിവേഗം സന്നിധാനത്ത് എത്തുന്ന മുത്തപ്പന്‍ ദൈവവും അകമ്പടിക്കാരും ചേര്‍ന്ന് ‘കോവിലകം കൈയാല തീണ്ടുക’ എന്ന ചടങ്ങ് നടത്തും. മണിത്തറയ്ക്ക് മുന്നില്‍ നിന്നും അരിയും കളഭവും സ്വീകരിച്ച് അനുമതി നല്‍കി മുത്തപ്പന്‍ ദൈവം മടങ്ങിയ ശേഷം മുഹൂര്‍ത്തം നോക്കി രാശി വിളിക്കുന്നതോടെയാണ് ഇളനീരാട്ടം ആരംഭിക്കുന്നത്. ഭക്തര്‍ സമര്‍പ്പിച്ച ഓരോ ഇളനീരും വെട്ടി ആദ്യം വെള്ളിക്കുടങ്ങളിലും പിന്നീടത് സ്വര്‍ണക്കുടങ്ങളിലേക്കും പകരും. ഇതിനുശേഷം ഇടമുറിയാതെ പെരുമാളിന് ഈ ഇളനീര്‍ അഭിഷേകം ചെയ്യും.
ഭക്തിസാന്ദ്രമായി ഇളനീര്‍വയ്പ്പ്
ഇളനീരാട്ടത്തിന് മുന്നോടിയായുള്ള ഇളനീര്‍വയ്പ്പ് ഇന്നലെ രാത്രി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. നൂറുകണക്കിന് മഠങ്ങളില്‍ നിന്നും കഠിനവ്രതക്കാരായ തണ്ടയാന്മാര്‍ എത്തിച്ച ആയിരക്കണക്കിന് ഇളനീര്‍ക്കാവുകളാണ് ഇന്നലെ സമര്‍പ്പിച്ചത്. ശ്രീഭൂതബലിക്ക് ശേഷം കാര്യത്ത് കൈക്കോളന്‍ ഇളനീര്‍ വയ്പ്പിനായി കിഴക്കേ നടയില്‍ തട്ടും പോളയും വിരിച്ചു. തുടര്‍ന്ന് രാശി വിളിച്ചതോടെ കിഴക്കേ നടയായ മന്ദംചേരിയില്‍ കാത്തുനിന്ന വ്രതക്കാര്‍ ഇളനീര്‍ കാവുമായി ബാവലിപ്പുഴയില്‍ മുങ്ങി സന്നിധാനത്തേക്ക് ഓടിയെത്തി.
തട്ടും പോളയും പടച്ച സ്ഥാനത്ത് മൂന്ന് വലം വെച്ച ശേഷം ഇളനീര്‍ കാവുകള്‍ സമര്‍പ്പിച്ച്, ഭണ്ഡാരം പെരുക്കി വീരഭദ്രനെ വണങ്ങിയാണ് ഭക്തര്‍ മടങ്ങിയത്. രാത്രി മുഴുവന്‍ നീണ്ടുനിന്ന ഈ സമര്‍പ്പണച്ചടങ്ങ് എരുവട്ടി തണ്ടയാന്‍ ഇളനീരിനൊപ്പം ഒരു കുടം എള്ളെണ്ണ കൂടി സമര്‍പ്പിച്ചതോടെയാണ് സമാപിച്ചത്. ഇന്നത്തെ ഇളനീരാട്ടവും അഷ്ടമി ആരാധനയും ദര്‍ശിച്ച് സായൂജ്യമടയാന്‍ ആയിരക്കണക്കിന് ഭക്തരാണ് കൊട്ടിയൂരിലേക്ക് ഒഴുകിയെത്തുന്നത്.

