
ജീവിതത്തിലൊരിക്കലെങ്കിലും ദര്‍ശനം നടത്തേണ്ട അത്യപൂര്‍വ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം
പെരുമ്പാവൂരിനടുത്ത് രായമംഗലം എന്ന ഗ്രാമത്തില്‍, ആയിരത്തിലധികം വര്‍ഷങ്ങളുടെ പാരമ്പര്യവുമായി നിലകൊള്ളുന്ന ഒരു പുണ്യസങ്കേതമുണ്ട് – കൂട്ടുമഠം ബാലസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം. മധ്യകേരളത്തില്‍ അത്യപൂര്‍വ്വമായി മാത്രം കാണുന്ന ഈ ബാലമുരുക ക്ഷേത്രം, വിശ്വാസികള്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയുന്ന അഭയകേന്ദ്രമാണ്.
ഐതിഹ്യപ്പെരുമ
കോട്ടയം ജില്ലയിലെ പാല, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 14 ബ്രാഹ്‌മണ ഇല്ലക്കാര്‍ തങ്ങളുടെ യാത്രയ്ക്കിടയില്‍ കൈവശമുണ്ടായിരുന്ന സുബ്രഹ്‌മണ്യവിഗ്രഹം വിശ്രമിക്കാനായി നിലത്തുവെച്ചു. എന്നാല്‍ ഭക്ഷണശേഷം വിഗ്രഹം അവിടെനിന്ന് ഉയര്‍ത്തുവാന്‍ സാധിച്ചില്ല. അതൊരു ദിവ്യമായ അടയാളമായി കണ്ട് അവര്‍ ആ വിഗ്രഹം അവിടെത്തന്നെ പ്രതിഷ്ഠിച്ചു എന്നാണ് ക്ഷേത്രത്തിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യം.
മക്കളുടെ അഭിവൃദ്ധിക്കായി ഷഷ്ഠിപൂജയും ഷഷ്ഠി ഊട്ടും
മക്കളുടെ വിദ്യാഭ്യാസം, തൊഴില്‍, വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ ഐശ്വര്യപൂര്‍ണ്ണമായ ഒരു ഭാവിക്കായി ചെയ്യാവുന്ന ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് ഷഷ്ഠി പൂജ. സ്‌കന്ദഷഷ്ഠി നാളില്‍ ആരംഭിച്ച് തുടര്‍ച്ചയായി 12 ഷഷ്ഠി ദിവസങ്ങളില്‍ പൂജ നടത്തണമെന്നാണ്. നിരവധി ഭക്തരാണ് ഇവിടെ ഷഷ്ഠിപൂജയും ഷഷ്ഠി ഊട്ടും വഴിപാട് നടത്തി ഫലസിദ്ധി നേടിയിട്ടുള്ളത്.
ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട സ്‌കന്ദഷഷ്ഠി നമ്പംബര്‍ 15നാണ്. അന്നേദിവസം ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും ഷഷ്ഠി ഊട്ടും നടത്തുന്നതാണ്. സ്‌കന്ദഷഷ്ഠി ദിനത്തില്‍ വ്രതമെടുത്ത് ഭഗവാനെ പ്രാര്‍ത്ഥിക്കുന്നതും ഷഷ്ഠി ഊട്ടില്‍ പങ്കെടുക്കുന്നതും അതീവ പുണ്യകരമായി കണക്കാക്കപ്പെടുന്നു.
ഈ വര്‍ഷത്തെ സ്‌കന്ദഷഷ്ഠി പൂജയ്ക്കും ഷഷ്ഠി ഊട്ടിനുമുള്ള ബുക്കിംഗ് ആരംഭിച്ചതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രത്തിലെ ഫോണ്‍: 096561 05158, 095671 20158.

ഭസ്മാഭിഷേകം
വര്‍ഷത്തിലൊരിക്കല്‍ മാത്രം, മകരമാസത്തിലെ തൈപ്പൂയ നാളില്‍, അര്‍ദ്ധരാത്രിയുടെ പൂര്‍ണ്ണചന്ദ്രപ്രഭയിലാണ് ഈ അത്യപൂര്‍വ്വമായ ചടങ്ങ് നടക്കുന്നത്. പിതാവായ പെരയ്ക്കാട് മഹാദേവന്റെ നടയില്‍ നിന്നും പൂജിച്ച ഭസ്മം കാവടികളിലേറ്റി, വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ കൂട്ടുമഠത്തില്‍ എത്തിച്ച് ശിവശക്തിസ്വരൂപനായ ബാലമുരുകന് അഭിഷേകം ചെയ്യുന്നു. ദേവന്മാരും യക്ഷകിന്നരഗന്ധര്‍വ്വാദികളും ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തുമെന്നാണ് വിശ്വാസം. ഈ ഭസ്മാഭിഷേകം ദര്‍ശിക്കുന്നത് സകല രോഗദുരിതങ്ങളില്‍ നിന്നും മോചനം നല്‍കി മംഗല്യസിദ്ധിയും സന്താനസൗഭാഗ്യവും നല്‍കുമത്രേ.
കാവടി അഭിഷേകം
വ്രതാനുഷ്ഠാനങ്ങളോടെ കാവടി അഭിഷേകം നടക്കുന്ന കേരളത്തിലെ പ്രധാന ക്ഷേത്രമാണ് കൂട്ടുമഠം. ഏഴു ദിവസത്തെ കഠിനവ്രതശുദ്ധിയോടെ ഭക്തര്‍ പാല്‍, നെയ്യ്, തേന്‍, കരിക്ക്, പനിനീര്‍ തുടങ്ങിയ ദ്രവ്യങ്ങള്‍ കാവടിയിലാക്കി, ശരണഘോഷങ്ങളോടെ ക്ഷേത്രത്തിലെത്തി ഭഗവാന് അഭിഷേകം ചെയ്യുന്നു. ഇത് ജന്മാന്തരപാപങ്ങളെ ഇല്ലാതാക്കി സര്‍വ്വസൗഭാഗ്യങ്ങളും നല്‍കുമെന്നാണ് അനുഭവസാക്ഷ്യം.

പിതാവും പുത്രനും ഒരു നേര്‍രേഖയില്‍
കൂട്ടുമഠം ക്ഷേത്രത്തിന് സമീപത്തായി പിതാവായ പെരയ്ക്കാട് മഹാദേവന്റെ ക്ഷേത്രമുണ്ട്. പിതാവും പുത്രനും ഒരേ ദിശയില്‍ പടിഞ്ഞാറോട്ട് ദര്‍ശനമരുളുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു ഘടനയാണിത്. കൂട്ടുമഠത്തിലെത്തി ബാലസുബ്രഹ്‌മണ്യനെ വണങ്ങുന്നവര്‍, പെരയ്ക്കാട് പരമേശ്വരനെക്കൂടി തൊഴുതാലേ ദര്‍ശനം പൂര്‍ണ്ണമാകൂ എന്നാണ് വിശ്വാസം.

