സ്പെഷ്യല്‍
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ ഐതീഹ്യങ്ങളും, ആചാരങ്ങളും, വഴിപാടുകളെയും പറ്റി അറിയാം

കേരളത്തിലെ ശ്രീരാമക്ഷേത്രങ്ങളില്‍ വച്ച് ഏറ്റവും പ്രസിദ്ധവും പ്രാചീനവുമായ രാമക്ഷേത്രമാണിത്. അമ്പലത്തിന് 600-ല്‍ പരം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും ഭംഗിയേറിയതും പഴക്കമുളളതുമായ വലിയവട്ടശ്രീകോവിലില്‍ കിഴക്കുദര്‍ശനമായി ശംഖുചക്ര ഗദയും അക്ഷരമാലയുമായി ശ്രീരാമന്റെ ചതുര്‍ബാഹുവായ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠ. വടക്കു ഭാഗത്തായി ഗോശാലകൃഷ്ണന്റെയും ക്ഷേത്രമുണ്ട്. കൂടാതെ ഉപദേവതകളായി ഗണപതിയും. ധര്‍മശാസ്താവും, ദക്ഷിണാമൂര്‍ത്തിയും ഉണ്ട്. ഈ ക്ഷേത്രത്തില്‍ ഹനുമാന്‍ സ്വാമിയുടെയോ സീതാദേവിയുടെയോ പ്രതിഷ്ഠ ഇല്ലെന്നത് മറ്റൊരു പ്രത്യേകതയാണ്.

പന്തീരടി പൂജ, ഉച്ചപൂജ, അത്താഴ പൂജ എന്നിങ്ങനെ അഞ്ച് പൂജകളും മൂന്ന് ശീവേലികളും ക്ഷേത്രത്തില്‍ നടന്ന് വരുന്നു. ഇവിടുത്തെ നിര്‍മാല്യ ദര്‍ശനവും, അത്താഴപൂജ തൊഴുന്നതും ശ്രേയസ്‌കരമാണ്. അത്താഴ ശീവേലിക്ക് സ്വര്‍ഗലോകത്തെ ദേവന്മാരെല്ലാം ഇവിടെത്തുന്നു എന്നാണ് വിശ്വാസം.

തൃപ്രയാര്‍ ക്ഷേത്രത്തില്‍ കൊടിയേറി ഉത്സവം പതിവില്ല. എന്നാല്‍ ഇവിടുത്തെ തൃപ്രയാര്‍ ഏകാദശി വളരെ പ്രശസ്തവും ഉത്സവ സമാനവുമായാണ് ആഘോഷിക്കുന്നത്. വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശി ഗുരുവായൂര്‍ ഏകാദശി എന്നും, കറുത്തപക്ഷത്തിലെ ഏകാദശി തൃപ്രയാര്‍ ഏകാദശി എന്നും അറിയപ്പെടുന്നു. തൃപ്രയാര്‍ അപ്പന്റെ ശൈവചൈതന്യം മൂലമാണ് ഇവിടെ കറുത്ത പക്ഷ ഏകാദശി പ്രധാനമായത്. ഏകാദശി 14 ദിവസമാണ് ആഘോഷിക്കുന്നത്. ഇതിന് മുന്നോടിയായി 39 ദിവസം നീണ്ട് നില്‍ക്കുന്ന നിറമാല വിളക്ക് ഉണ്ടാകും.

ഗുരുവായൂര്‍ ഏകാദശി ചടങ്ങുകള്‍ പോലെ തന്നെയാണ് തൃപ്രയാറിലും ഏകാദശി ചടങ്ങുകള്‍ നടക്കുന്നത്. തൃപ്രയാര്‍ ക്ഷേത്രത്തിലെ ഏകാദശി ദിന നിര്‍മ്മാല്യ ദര്‍ശനം പുണ്യമായി കരുതപ്പെടുന്നു. ഏകാദശി ദിനം രാത്രിയില്‍ ഭഗവാന് ദ്വാദശി സമര്‍പ്പിക്കുന്നു. ഭഗവാനെ തൊഴുതു വണങ്ങി കാണിക്കയിടുന്ന ചടങ്ങാണിത്. ഏകാദശിയുടെ തലേദിവസമാണ് ദശമിവിളക്ക് നടക്കുന്നത്. അന്നേദിവസം മുഖ്യപ്രതിഷ്ഠയായ ശ്രീരാമന് പകരം ഇവിടുത്തെ ആദ്യ പ്രതിഷ്ഠയായ ശാസ്താവിനെയാണ് എഴുന്നള്ളിക്കുന്നത്. എഴുന്നള്ളിപ്പ് ശാസ്താവിന് ആണെങ്കിലും വിളക്ക് തൃപ്രയാര്‍ അപ്പനാണ് സമര്‍പ്പിക്കുന്നത്. ഏകാദശി ദിനത്തില്‍ 21 ആനകളുടെ അകമ്പടിയോടെ ശ്രീരാമഭഗവാനെ എഴുന്നള്ളിക്കും. ദ്വാദശിയുടെ അന്ന് ഗോതമ്പ് ഭക്ഷണം നല്‍കിയാണ് ഉത്സവം അവസാനിക്കുന്നത്.

തൃപ്രയാര്‍ ഭഗവാന്റെ പ്രധാന വഴിപാടുകള്‍ മീനൂട്ട്, കതിന വെടി, അവില്‍ നിവേദ്യം, നെയ്പ്പായസം, തട്ടം എന്നിവയാണ്. ഭക്തര്‍ സമര്‍പ്പിക്കുന്ന അന്നം സ്വീകരിക്കാന്‍ ഭഗവാന്‍ മത്സ്യ രൂപം ധരിച്ച് എത്തുന്നു എന്ന വിശ്വാസത്തിലാണ് മീനൂട്ട് വഴിപാട് നടത്തപ്പെടുന്നത്. ശ്വാസ സംബന്ധമായ അസുഖങ്ങള്‍ മാറാന്‍ മീനൂട്ട് വഴിപാട് ഉത്തമമാണെന്നാണ് വിശ്വസിക്കുന്നു. ദോഷങ്ങളും തടസ്സങ്ങളും മാറാന്‍ വെടിവഴിപാടും ഭക്തര്‍ ഇവിടെ നടത്തുന്നു. തൃപ്രയാറപ്പനെ ഭജിക്കുന്നത് കഠിന ശത്രുദോഷങ്ങളില്‍നിന്നും മോചനവും, ബാധാ ഉപദ്രവത്തില്‍നിന്നും രക്ഷയും നല്‍കും.

തൃപ്രയാര്‍ ശ്രീരാമവിഗ്രഹ പ്രതിഷ്ഠാ ഐതീഹ്യം ഇങ്ങനെ

ശ്രീരാമ വിഗ്രഹപ്രതിഷ്ഠയെക്കുറിച്ച് ചിന്തിക്കവേ, പ്രതിഷ്ഠാ സമയമാവുമ്പോള്‍ ഒരു പക്ഷി പറന്നുവരുമെന്നും അത് വട്ടമിട്ടുപറക്കുന്നതിന് താഴെ വേണം പ്രതിഷ്ഠ നടത്തേണ്ടതെന്നും ഒരു അശരീരി കേള്‍ക്കാനിടയായി. ആചാരപ്രകാരം നിശ്ചയിച്ച പ്രതിഷ്ഠാദിനം സമാഗതമായെങ്കിലും പക്ഷിയെ കാത്തുനിന്ന പണ്ഡിതര്‍ക്ക് അതിനെ കാണാന്‍ സാധിക്കാതെ വരികയും നിരാശരരായി മുഹൂര്‍ത്തത്തില്‍ തന്നെ പ്രതിഷ്ഠ നടത്തുകയും ചെയ്തു.
പ്രതിഷ്ഠയ്ക്കുശേഷമാണ് പക്ഷി പ്രത്യക്ഷപ്പെട്ടത്. അത് വട്ടമിട്ടതിന്റെ താഴെയാണ് വലിയ ബലിക്കല്ല് സ്ഥിതി ചെയ്യുന്നത് എന്ന് പൂര്‍വ്വികര്‍ പറയുന്നു. അതുകൊണ്ട് ഈ ബലിക്കല്ലിന് പ്രധാന പ്രതിഷ്ഠയുടെ മഹത്വമാണു കല്പിക്കുന്നത്. പില്‍ക്കാലത്ത് ബലിക്കല്ല് ഇളകിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ പറച്ചിപെറ്റ പന്തീരുകുലത്തില്‍ പ്രമുഖനായ നാറാണത്തുഭ്രാന്തന്‍ തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിയെന്നും ബലിക്കല്ലിളകുന്നതു കണ്ട് അദ്ദേഹം അതുറപ്പിച്ചെന്നുമാണ് ഐതിഹ്യം.

മറ്റൊരു ഐതിഹ്യവുമുണ്ട്. വില്വമംഗലം സ്വാമിയാര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോള്‍ ശ്രീദേവിയും ഭൂമിദേവിയും ശ്രീകോവിലിന്റെ പടിഞ്ഞാറെ കവാടത്തിലൂടെ ശ്രീരാമനെ പൂജിക്കാന്‍ വരുന്നതുകണ്ട് അത്ഭുതപ്പെട്ടത്രേ. പ്രതിഷ്ഠയുടെ അപാകത നികത്തുന്നതിനായി ഈ രണ്ടു ദേവിമാരെയും അദ്ദേഹം ഇടത്തും വലത്തുമായി പ്രതിഷ്ഠിച്ച് പടിഞ്ഞാറേ കവാടം അടച്ചിട്ടുപോകുകയും ചെയ്തു. ഇന്നും ശ്രീകോവിലിന്റെ പടിഞ്ഞാറെ കവാടം അടച്ചിട്ടിരിക്കുകയാണ്. ഇവിടെനിന്നും ശ്രീകൃഷ്ണ ദര്‍ശനം സ്വാമിയാര്‍ക്ക് കിട്ടിയതായും ഐതിഹ്യങ്ങളുണ്ട്.

തൃപ്രയാര്‍ എന്ന പേരിന് പിന്നിലെ കഥകള്‍ അറിയാം

വാമനാവതാര വേളയില്‍ ഭഗവാന്‍ ത്രിവിക്രമനായി വളര്‍ന്നു വന്നപ്പോള്‍ ഭഗവാന്റെ ഒരു ഭാഗം സത്യലോകത്തിലെത്തിയതുകണ്ട് ബ്രഹ്‌മാവ് പരിഭ്രമിച്ച് തന്റെ കമണ്ഡലുവില്‍ നിന്ന് തീര്‍ത്തം എടുത്ത് ഭഗവത്പാദത്തില്‍ അഭിഷേകം ചെയ്തു. ആ ജലം അവിടെനിന്ന് ഒഴുകി കുറെ ഭാഗം ഭൂമിയിലും പതിച്ചു. ആ സ്ഥലമാണത്രേ തൃപ്രയാര്‍ ആയത്. അതായത് തിരുപ്പാദം കഴുകിയത് ആറായി തീര്‍ന്നപ്പോള്‍ അത് തൃപ്രയാറായി. അവിടം കുടികൊള്ളുന്ന ദേവന്‍ തൃപ്രയാറ്റു ദേവനായി.

മറ്റൊരു ഐതിഹ്യം കൂടി ഇതിനുണ്ട്. തൃപ്രയാറപ്പന്റെ അഭിഷേകത്തിനായി വരുണന്‍ കൊടുത്തയച്ച തീര്‍ത്ഥവുമായി എത്തിയ ഗംഗാനദി അഭിഷേകത്തിനുശേഷം തിരികെ പോകാന്‍ വിസമ്മതിച്ച് ഭഗവാന് ചുറ്റും പ്രദിക്ഷിണം വെച്ചു. ഈ സമയം ദര്‍ശനത്തിനായി വന്ന ഭക്തര്‍ക്ക് ക്ഷേത്രത്തിലെത്താന്‍ കഴിയാതെയായി. അപ്പോള്‍ ഭഗവാന്‍ നദിയുടെ ഗതി തിരിച്ചു വിടുകയും, തിരുപുറയാര്‍ എന്ന അര്‍ത്ഥത്തില്‍ തൃപ്രയാര്‍ ആയി മാറുകയും ചെയ്തു എന്നാണ് ഐതീഹ്യം.

ഐതീഹ്യങ്ങളും ആചാരമഹിമ കൊണ്ടും ഭക്തവത്സലനായി തുടരുന്ന ത്രിപ്രയാറപ്പന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തൃശൂര്‍ നഗരത്തില്‍ നിന്നും 25 കി.മീ പടിഞ്ഞാറായി ഗുരുവായൂരിനും കൊടുങ്ങല്ലൂരിനും മധ്യേ തീരദേശപാതയില്‍ കനോലിപ്പുഴയുടെ തീരത്താണ്.

Thriprayar srirama swami temple
thriprayar temple aithihyam
Thriprayar temple specialties
Thriprayarappan temple
Related Posts