
ക്ലാപ്പന കണ്ണാടിശ്ശേരില്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി
ക്ലാപ്പന: ക്ലാപ്പന കണ്ണാടിശ്ശേരില്‍ ക്ഷേത്രത്തിലെ പതിമൂന്നാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. ജൂലൈ 21ന് സമാപിക്കും. പ്രശസ്ത യജ്ഞാചാര്യന്‍ ചെങ്ങന്നൂര്‍ വിഷ്ണുനമ്പൂതിരിയാണ് യജ്ഞത്തിന് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത്.
യജ്ഞത്തിന് മുന്നോടിയായി ജൂലൈ 14-ന് തിങ്കളാഴ്ച വൈകിട്ട് ആചാര്യസ്വീകരണം നടന്നു. തുടര്‍ന്ന് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തുറവൂര്‍ പി. ഉണ്ണികൃഷ്ണന്‍ തന്ത്രികള്‍ ഭദ്രദീപം തെളിയിച്ച് യജ്ഞത്തിന് തുടക്കം കുറിച്ചു. ശേഷം യജ്ഞാചാര്യന്‍ ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി.
സപ്താഹ ദിനങ്ങളില്‍ യജ്ഞശാലയില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഭാഗവത പാരായണം, ആചാര്യ പ്രഭാഷണം, നാമസങ്കീര്‍ത്തനം, ദീപാരാധന, നവഗ്രഹപൂജ, ഉണ്ണിയൂട്ട്, വിദ്യാഗോപാല മന്ത്രാര്‍ച്ചന, സര്‍വൈശ്വര്യപൂജ, പരാശക്തി വിളക്ക്, മൃത്യുഞ്ജയ ഹോമം തുടങ്ങിയ വിവിധ പൂജകളും കര്‍മ്മങ്ങളും നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് മഹാ അന്നദാനവും ഒരുക്കിയിട്ടുണ്ട്.
വരാഹാവതാരം, നരസിംഹാവതാരം, ശ്രീകൃഷ്ണാവതാരം, ഗോവിന്ദ പട്ടാഭിഷേകം, രുഗ്മിണീ സ്വയംവരം, കുചേല സദ്ഗതി, ഭഗവാന്റെ സ്വര്‍ഗ്ഗാരോഹണം തുടങ്ങിയ ഭാഗവതത്തിലെ പ്രധാനഭാഗങ്ങള്‍ പാരായണം ചെയ്യുന്ന സപ്ത ദിനരാത്രങ്ങള്‍ ഭക്തര്‍ക്ക് ആത്മീയ അനുഭൂതി പകരും.
യജ്ഞത്തിന്റെ അഞ്ചാം ദിവസമായ ജൂലൈ 19 ശനിയാഴ്ച രുഗ്മിണീ സ്വയംവരം നടക്കും. രാവിലെ 11 മണിക്ക് മുത്തുക്കുട, താലപ്പൊലി, നാദസ്വരം എന്നിവയുടെ അകമ്പടിയോടെ രുഗ്മിണി ദേവിയെയും അഷ്ടലക്ഷ്മിമാരെയും യജ്ഞശാലയിലേക്ക് സ്വീകരിച്ച് ആനയിക്കുന്ന ഘോഷയാത്ര നടക്കും. തുടര്‍ന്ന് 12.30-ന് വിഭവസമൃദ്ധമായ രുഗ്മിണീ സ്വയംവര സദ്യയും ഉണ്ടായിരിക്കും.
സമാപന ദിവസമായ ജൂലൈ 21 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് അവഭൃഥ സ്‌നാന ഘോഷയാത്ര നടക്കും. താലപ്പൊലി, മുത്തുക്കുടകള്‍, വിവിധ വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കിണറുമുക്ക്, കാരേലിമുക്ക് വഴി വള്ളിക്കാവ് ക്ഷേത്രത്തിലെത്തി സ്‌നാനത്തിനു ശേഷം തിരികെ ക്ഷേത്രത്തില്‍ സമാപിക്കും. വൈകിട്ട് 6 മണിയോടെ ദക്ഷിണ, ദീപ ഉദ്വാസനം എന്നീ ചടങ്ങുകളോടെ ഈ വര്‍ഷത്തെ സപ്താഹയജ്ഞത്തിന് പരിസമാപ്തിയാകും.