
കേദാര്‍നാഥ് ക്ഷേത്രം തുറക്കുന്ന തിയതി പ്രഖ്യാപിച്ചു; തീര്‍ഥാടനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
ഹിന്ദു മതവിശ്വാസികളുടെ ഏറ്റവും പവിത്രമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് പരമശിവന് സമര്‍പ്പിച്ചിരിക്കുന്ന കേദാര്‍നാഥ് ക്ഷേത്രം. ഓരോ വര്‍ഷവും നിരവധി ഭക്തരാണ് ഭഗവാന്റെ ദര്‍ശനത്തിനായി കാത്തിരിക്കുന്നത്. 2026-ലെ കേദാര്‍നാഥ് ക്ഷേത്രം തുറക്കുന്ന തീയതി ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര സമിതി (BKTC) ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ഏപ്രില്‍ 22-ന് രാവിലെ 8 മണിക്ക് പ്രത്യേക പൂജകള്‍ക്ക് ശേഷം വീണ്ടും തുറക്കും. അതുപോലെ തന്നെ, ഈ വര്‍ഷത്തെ തീര്‍ത്ഥാടന കാലയളവിന് ശേഷം നവംബര്‍ 11-ന് ശൈത്യകാലത്തിനായി ക്ഷേത്രനട വീണ്ടും അടയ്ക്കുകയും ചെയ്യും.
ക്ഷേത്രം തുറക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങുകള്‍ ഏപ്രില്‍ 17-ന് ഉഖിമഠിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തില്‍ ഭഗവാന്‍ ഭൈരവനാഥന്റെ പൂജയോടെ ആരംഭിക്കും. തുടര്‍ന്ന് ഏപ്രില്‍ 18-ന് കേദാര്‍നാഥ ഭഗവാന്റെ പഞ്ചമുഖി ഭോഗമൂര്‍ത്തി ഉഖിമഠില്‍ നിന്ന് ഗുപ്തകാശിയിലേക്ക് പുറപ്പെടും.
ഏപ്രില്‍ 19-ന് അവിടെ നിന്ന് രണ്ടാമത്തെ വിശ്രമകേന്ദ്രമായ ഫതയിലേക്കും (FATA), ഏപ്രില്‍ 20-ന് മൂന്നാമത്തെ കേന്ദ്രമായ ഗൗരി കുണ്ഡിലേക്കും യാത്ര തിരിക്കും. ഏപ്രില്‍ 21-ന് വൈകുന്നേരത്തോടെ പഞ്ചമുഖി ഡോലി കേദാര്‍നാഥ് ധാമില്‍ എത്തിച്ചേരുകയും, പിറ്റേദിവസം (ഏപ്രില്‍ 22) രാവിലെ 8 മണിക്ക് ഭക്തര്‍ക്കായി ക്ഷേത്രനട തുറന്നുകൊടുക്കുകയും ചെയ്യും.
കേദാര്‍നാഥ് യാത്രയ്ക്കായി ഭക്തര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ https://registrationandtouristcare.uk.gov.in/ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനായി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും ഉപയോഗിച്ച് പുതിയൊരു അക്കൗണ്ട് നിര്‍മ്മിക്കണം. അതിനുശേഷം ഓരോ യാത്രക്കാരന്റെയും മുഴുവന്‍ പേര്, പ്രായം, ലിംഗം, ഫോട്ടോ ഐഡി, കോണ്‍ടാക്റ്റ് വിവരങ്ങള്‍ എന്നിവ നല്‍കുക. തുടര്‍ന്ന് ദര്‍ശന സ്ഥലമായി കേദാര്‍നാഥ് തിരഞ്ഞെടുത്ത് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന തീയതി രേഖപ്പെടുത്തണം. ഇതിനൊപ്പം ഒരു എംബിയില്‍ (1 MB) താഴെ വലിപ്പമുള്ള ഐഡി പ്രൂഫുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുകയും വേണം. ഈ വിവരങ്ങളെല്ലാം സമര്‍പ്പിച്ച ശേഷം ലഭിക്കുന്ന ക്യുആര്‍ (QR) കോഡ് അടങ്ങിയ യാത്രാ പാസ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് യാത്രയില്‍ കയ്യില്‍ കരുതേണ്ടതാണ്.

