സ്പെഷ്യല്‍
കര്‍ക്കടകം: പിതൃപ്രീതിക്കും ഐശ്വര്യത്തിനും ചെയ്യേണ്ട കാര്യങ്ങള്‍

മാധവന്‍

സൂര്യന്‍ മിഥുനം രാശിയില്‍ നിന്ന് കര്‍ക്കടകം രാശിയിലേക്ക് സംക്രമണം ചെയ്യുന്നതോടെ പുണ്യമായ ദക്ഷിണായന കാലഘട്ടത്തിന് ആരംഭമാവുകയായി. ദേവന്മാര്‍ക്ക് പ്രാധാന്യമുള്ള ഉത്തരായനത്തില്‍ നിന്ന് വ്യത്യസ്തമായി, പിതൃക്കള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള കാലമാണ് ദക്ഷിണായനം. അതിനാല്‍ ഈ മാസത്തില്‍ നടത്തുന്ന പിതൃകര്‍മ്മങ്ങള്‍ക്ക് സവിശേഷ ഫലസിദ്ധിയുണ്ട്.

ഗ്രഹസ്ഥിതിയും മാനസിക സ്വാധീനവും

ജ്യോതിഷപ്രകാരം കര്‍ക്കടകം രാശി, ചന്ദ്രന്റെ സ്വക്ഷേത്രമാണ്. എന്നാല്‍, സൂര്യന്‍ ഈ രാശിയിലൂടെ സഞ്ചരിക്കുമ്പോള്‍ ചന്ദ്രന് മൗഢ്യം (ബലക്ഷയം) സംഭവിക്കുന്നു. മനസ്സിന്റെ കാരകനായ ചന്ദ്രന് സംഭവിക്കുന്ന ഈ ശക്തിക്ഷയം വ്യക്തികളില്‍ മാനസികമായ ബലക്കുറവ്, ആശങ്കകള്‍, വിഷാദചിന്തകള്‍ എന്നിവയ്ക്ക് കാരണമായേക്കാം. പണ്ടുള്ളവര്‍ കര്‍ക്കടകത്തെ ‘പഞ്ഞമാസം’ എന്ന് വിളിച്ചതിന്റെ ഒരു ജ്യോതിഷപരമായ കാരണം ഇതാണ്. പ്രതികൂല കാലാവസ്ഥയ്ക്കൊപ്പം ഗ്രഹങ്ങളുടെ ഈ സ്ഥിതിയും മനുഷ്യന്റെ ശാരീരികവും മാനസികവുമായ ഊര്‍ജ്ജത്തെ കുറയ്ക്കുന്നു.

ഐശ്വര്യത്തിനായി അനുഷ്ഠിക്കേണ്ട ചിട്ടകള്‍

കര്‍ക്കടകത്തിലെ ദോഷങ്ങളെ അകറ്റി ഐശ്വര്യം നിറയ്ക്കാന്‍ പൂര്‍വികര്‍ അനുഷ്ഠിച്ചിരുന്ന നിരവധി ആചാരങ്ങളുണ്ട്. ഇവയെല്ലാം കേവലം വിശ്വാസങ്ങള്‍ എന്നതിലുപരി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള വഴികളാണ്.

ഭവനശുദ്ധി: കര്‍ക്കടകം ആരംഭിക്കുന്നതിന് മുമ്പ് വീട് വൃത്തിയാക്കി ചാണകവെള്ളമോ പുണ്യാഹമോ തളിച്ച് ശുദ്ധീകരിക്കുന്നത് ഭവനത്തിലെ ദുഷിച്ച ഊര്‍ജ്ജത്തെ പുറംതള്ളി ഐശ്വര്യദേവതയായ ശ്രീഭഗവതിയെ കുടിയിരുത്തുന്നതിന് തുല്യമാണ്.

ദീപം തെളിയിക്കല്‍: കര്‍ക്കടകം ഒന്നാം തീയതി മുതല്‍ എല്ലാ ദിവസവും പ്രഭാതത്തിലും സന്ധ്യയ്ക്കും നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കണം. നിലവിളക്കിന് മുന്നില്‍ ശ്രീരാമപട്ടാഭിഷേക ചിത്രം, ദശപുഷ്പം, അഷ്ടമംഗല്യം എന്നിവ വയ്ക്കുന്നത് കുടുംബത്തില്‍ ഐശ്വര്യം നിറയ്ക്കും.

ചെങ്കണപതി ഹോമം: കര്‍ക്കടകത്തിലെ വിഘ്‌നങ്ങള്‍ നീങ്ങാന്‍ വീട്ടമ്മമാര്‍ക്ക് ചെയ്യാവുന്ന ലളിതമായ ഒരു ഹോമമാണിത്. അടുപ്പില്‍ തേങ്ങാപ്പൂളും ശര്‍ക്കരയും നെയ്യും ചേര്‍ത്ത് ഗണപതിയെ ധ്യാനിച്ച് ഹോമിക്കുന്നത് തടസ്സങ്ങള്‍ നീങ്ങാന്‍ ഉത്തമമാണ്.

ഭക്ഷണക്രമം: ദഹനശക്തി കുറയുന്ന ഈ കാലത്ത് ലളിതവും സാത്വികവുമായ സസ്യാഹാരം ശീലമാക്കുക. ഔഷധക്കഞ്ഞിയും പത്തിലത്തോരനും കഴിക്കുന്നത് ശരീരബലം വര്‍ധിപ്പിക്കും.

രാമായണ മാസം: ആത്മബലത്തിനുള്ള പരിഹാരം

ചന്ദ്രന്റെ ബലക്ഷയം കൊണ്ടുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കാനുള്ള ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗ്ഗമാണ് രാമായണ പാരായണം. അവതാരപുരുഷനായ ശ്രീരാമന് പോലും കഠിനമായ പരീക്ഷണങ്ങളെ നേരിടേണ്ടി വന്നെങ്കില്‍, സാധാരണ മനുഷ്യരുടെ വ്യാകുലതകള്‍ എത്ര നിസ്സാരമാണെന്ന തിരിച്ചറിവ് ആത്മബലം നല്‍കും. രാമായണ പാരായണത്തോടൊപ്പം ‘ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്രനാമതത്തുല്യം രാമനാമ വരാനനേ’ എന്ന മന്ത്രം ജപിക്കുന്നത് വിഷ്ണുസഹസ്രനാമ ജപത്തിന് തുല്യമായ ഫലം നല്‍കും.

കര്‍ക്കടക വാവ്: പിതൃമോക്ഷത്തിന്

സൂര്യനും ചന്ദ്രനും ഒരേ രാശിയില്‍ ഒരുമിക്കുന്ന കര്‍ക്കടകത്തിലെ കറുത്തവാവ് പിതൃതര്‍പ്പണത്തിന് ഏറ്റവും പുണ്യമായ ദിനമാണ്. ദക്ഷിണായന കാലത്തെ ഈ ബലിതര്‍പ്പണം പിതൃക്കള്‍ക്ക് മോക്ഷപ്രാപ്തി നല്‍കുമെന്നും അതിലൂടെ കുടുംബത്തിന് അഭിവൃദ്ധിയുണ്ടാകുമെന്നും ജ്യോതിഷശാസ്ത്രം പറയുന്നു.

ഈ കര്‍ക്കടകമാസം വ്രതാനുഷ്ഠാനങ്ങളിലൂടെയും ഈശ്വരചിന്തയിലൂടെയും ആത്മീയവും ശാരീരികവുമായ ഊര്‍ജ്ജം സംഭരിച്ച് വരുന്ന ഒരു വര്‍ഷത്തേക്ക് ഐശ്വര്യപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെ.

 

Related Posts