സ്പെഷ്യല്‍
ദുരിതങ്ങളകറ്റി ഐശ്വര്യം നിറയ്ക്കാൻ കർക്കിടകം: അറിയാം ഈ പുണ്യമാസത്തിലെ അനുഷ്ഠാനങ്ങൾ

കേരളീയ സംസ്‌കാരത്തിലും ആചാരപരമ്പരയിലും കര്‍ക്കിടകമാസത്തിന് അതീവ പ്രാധാന്യമുണ്ട്. മഴയുടെ ശാന്തതയും പ്രകൃതിയുടെ പുതുജീവനും നിറഞ്ഞ ഈ മാസം, ഭൗതിക ജീവിതത്തേക്കാള്‍ ആത്മീയ ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട കാലഘട്ടമായാണ് നമ്മുടെ പൂര്‍വികര്‍ കണക്കാക്കിയത്. ഒരു വര്‍ഷം മുഴുവന്‍ നേരിട്ട പ്രയാസങ്ങളും ദുഃഖങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളും ദൈവസ്മരണയിലൂടെ അതിജീവിച്ച് പുതിയ പ്രത്യാശയിലേക്ക് കടക്കാനുള്ള ആത്മീയ ഒരുക്കത്തിന്റെ മാസമാണ് കര്‍ക്കിടകം. അതുകൊണ്ടുതന്നെ ഈ മാസം രാമായണമാസം എന്നും അറിയപ്പെടുന്നു.

മനുഷ്യജീവിതം സന്തോഷവും ദുഃഖവും, ഉയര്‍ച്ചയും താഴ്ചയും, നേട്ടങ്ങളും വെല്ലുവിളികളും ചേര്‍ന്നതാണ്. ജ്യോതിഷശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍, ജീവിതത്തിലെ ചില മാറ്റങ്ങള്‍ ഗ്രഹങ്ങളുടെ സഞ്ചാരം, ദശാഅന്തര്‍ദശാകാലങ്ങള്‍, ജന്മജാതകത്തിലെ ഗ്രഹനിലകള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍, തൊഴില്‍തടസ്സങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍, കുടുംബകലഹങ്ങള്‍, മാനസിക അസ്വസ്ഥതകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി അനുഭവപ്പെടുമ്പോള്‍ പലരും ജാതകം പരിശോധിച്ച് ആത്മീയ പരിഹാരങ്ങള്‍ തേടാറുണ്ട്.

ജ്യോതിഷപ്രകാരം, ജീവിതത്തിലെ ദോഷസമയം മനസ്സിലാക്കി അനുയോജ്യമായ പരിഹാരകര്‍മങ്ങള്‍ ചെയ്യുന്നത് മനസ്സിന് പ്രത്യാശയും ആത്മവിശ്വാസവും നല്‍കുകയും ജീവിതത്തെ കൂടുതല്‍ ശാന്തമായും ക്രമബദ്ധമായും മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുകയും ചെയ്യും. അതിനാലാണ് കര്‍ക്കിടകമാസത്തില്‍ പരദേവതാ പൂജ, സര്‍പ്പപൂജ, സുകൃതഹോമം, ഇഷ്ടദേവതാ ആരാധന, ക്ഷേത്രദര്‍ശനം, മന്ത്രജപം, നാമസ്മരണം, ദാനം, അന്നദാനം തുടങ്ങിയ ആത്മീയ അനുഷ്ഠാനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നത്.

പരദേവതാ ആരാധന

ഓരോ കുടുംബത്തിനും പാരമ്പര്യമായി ആരാധിച്ചുവരുന്ന ഒരു പ്രധാന ദേവതയുണ്ടാകും. ആ ദേവതയെയാണ് പരദേവത എന്നു വിളിക്കുന്നത്. ചില കുടുംബങ്ങളില്‍ ഭഗവതിയും, ചിലരില്‍ മഹാവിഷ്ണുവും, ശിവനും, അയ്യപ്പനും, സുബ്രഹ്‌മണ്യസ്വാമിയും പരദേവതയായിരിക്കും. പല കുടുംബങ്ങളിലും ഭുവനേശ്വരി ദേവിയെയാണ് പരദേവതയായി ആരാധിച്ചുവരുന്നത്.

കര്‍ക്കിടകമാസത്തില്‍ പരദേവതാ പൂജ നടത്തുന്നത് കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും ആത്മീയശക്തിയും വര്‍ധിക്കാനും ദൈവാനുഗ്രഹം ലഭിക്കാനുമുള്ള ഒരു ഭക്തിമാര്‍ഗമാണ്. ദീപാരാധന, പുഷ്പാര്‍ച്ചന, നാമജപം, സ്‌തോത്രപാരായണം എന്നിവയാണ് പ്രധാന ആരാധനാവിധികള്‍.

സര്‍പ്പപൂജ

കേരളത്തിലെ പല കുടുംബങ്ങള്‍ക്കും നാഗാരാധന പാരമ്പര്യത്തിന്റെ ഭാഗമാണ്. കുടുംബത്തില്‍ സര്‍പ്പദോഷവും സന്താനതടസ്സവും കുടുംബപ്രശ്‌നങ്ങളും ഉണ്ടാവുമ്പോള്‍ കര്‍ക്കിടകമാസത്തില്‍ പരദേവത പൂജ യോടൊപ്പം സര്‍പ്പ പൂജയും നടത്താറുണ്ട്. കന്നി മാസത്തിലും നടത്താറുണ്ട്.

സര്‍പ്പകാവുകളില്‍ ദീപം തെളിയിക്കല്‍, നൂറും പാലും സമര്‍പ്പിക്കല്‍, നാഗസ്‌തോത്രപാരായണം, ആയില്യം നാളില്‍ പ്രത്യേക പൂജകള്‍ നടത്തല്‍ തുടങ്ങിയ ആചാരങ്ങള്‍ ഇന്നും ഭക്തിപൂര്‍വം അനുഷ്ഠിക്കപ്പെടുന്നു. ഇത് പ്രകൃതിയോടുള്ള ആദരവിന്റെയും കുടുംബപാരമ്പര്യം സംരക്ഷിക്കുന്നതിന്റെയും പ്രതീകമായും കണക്കാക്കപ്പെടുന്നു.

സുകൃതഹോമം

കര്‍ക്കിടകമാസത്തില്‍ പ്രാധാന്യത്തോടെ നടത്തുന്ന ആത്മീയ അനുഷ്ഠാനങ്ങളില്‍ ഒന്നാണ് സുകൃതഹോമം. പാപക്ഷയത്തിനും പുണ്യവര്‍ദ്ധനയ്ക്കും, മനഃശുദ്ധിക്കും സദ്ബുദ്ധിക്കും ദൈവാനുഗ്രഹത്തിനും വേണ്ടി നടത്തുന്ന ഒരു ആത്മീയ കര്‍മ്മമാണ്.
മന്ത്രങ്ങളുടെ മാതാവായ ഓം ഭൂര്‍ഭുവഃ സ്വഃ തത് സവിതുര്‍ വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത് സ്വാഹാ” എന്ന ഗായത്രി ഗായതി മന്ത്രം വിധിയാം വണ്ണം
വേദമന്ത്രങ്ങളുടെ പാരായണത്തോടുകൂടി അഗ്‌നിയില്‍ വിശിഷ്ട ദ്രവ്യങ്ങള്‍ സമര്‍പ്പിക്കുന്ന ഈ ഹോമം ഭക്തിയില്‍ ഏകാഗ്രത വളര്‍ത്തുകയും മനസ്സിന് ശാന്തിയും ആത്മവിശ്വാസവും നല്‍കുകയും ചെയ്യുമെന്നാണ് വിശ്വാസം. കുടുംബത്തില്‍ ഐക്യവും സ്‌നേഹവും വര്‍ധിക്കാനും സല്‍കര്‍മ്മങ്ങളിലേക്കും ധാര്‍മിക ജീവിതത്തിലേക്കും മനസ്സിനെ നയിക്കാനും ഈ ഹോമം സഹായകമാണെന്ന് ഭക്തര്‍ കരുതുന്നു. അഷ്ടദ്രവ്യ ഗണപതി ഹോമം, മഹാ ഗണപതി ഹോമം പ്രത്യക്ഷ ഗണപതി ഹോമം ഭഗവതി സേവയും നടത്തിയും പങ്കാളി ആയി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് നലതാണ്.

ഇഷ്ടദേവതാ ആരാധനയും ധാര്‍മികജീവിതവും

കര്‍ക്കിടകമാസത്തില്‍ ഇഷ്ടദേവതയെ ആരാധിക്കുകയും ക്ഷേത്രദര്‍ശനം നടത്തുകയും മന്ത്രജപം, നാമസ്മരണം, ഭാഗവതപാരായണം, ദാനം, അന്നദാനം തുടങ്ങിയ സല്‍കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് ആത്മീയ ജീവിതത്തെ കൂടുതല്‍ സമ്പന്നമാക്കുന്നു. ഭക്തിയും വിശ്വാസവും സല്‍കര്‍മ്മങ്ങളും ചേര്‍ന്ന ജീവിതമാണ് യഥാര്‍ഥ ആത്മീയതയെന്ന് ഈ മാസം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

കര്‍ക്കിടക വാവില്‍ പിതൃബലി അര്‍പ്പിക്കുന്നത് പൂര്‍വികരുടെ സ്മരണയ്ക്കും അവരുടെ അനുഗ്രഹം തേടുന്നതിനുമുള്ള പുണ്യകര്‍മ്മമാണ്. ഈ ആചരണം കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും ആത്മീയമായ അനുഗ്രഹവും ലഭിക്കുമെന്നതാണ്. തലമുറകളായി അനുഷ്ഠിച്ചുവരുന്ന ഈ കര്‍മ്മം സല്‍സന്താന ലബ്ധിക്കും ഐശ്വരിത്തിനും വേണ്ടി ആണ്.

രാമായണമാസത്തിന്റെ മഹത്വം

കര്‍ക്കിടകം കേരളത്തില്‍ രാമായണമാസം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ മാസത്തില്‍ വീടുകളില്‍ അധ്യാത്മരാമായണം പാരായണം ചെയ്യുന്നത് ഒരു മഹത്തായ ആചാരമാണ്. ശ്രീരാമന്റെ ധര്‍മ്മനിഷ്ഠയും ക്ഷമയും ഭക്തിയും കുടുംബസ്‌നേഹവും ജീവിതമൂല്യങ്ങളും പഠിക്കുന്നതിലൂടെ മനസ്സിന് ശാന്തിയും കുടുംബത്തിന് ഐക്യവും ലഭിക്കുമെന്നാണ് വിശ്വാസം.

ആത്മീയതയുടെ യഥാര്‍ത്ഥ സന്ദേശം

കര്‍ക്കിടകമാസത്തിലെ പൂജകളും ഹോമങ്ങളും വെറും വഴിപാട് പോലെ കാണാതെ അവ മനുഷ്യനെ ആത്മവിശ്വാസത്തിലേക്കും ഭക്തിയിലേക്കും സദാചാരജീവിതത്തിലേക്കും നയിക്കുന്ന ആത്മീയ മാര്‍ഗങ്ങളാണ്. ജീവിതത്തിലെ പ്രതിസന്ധികളെ ധൈര്യത്തോടെയും വിശ്വാസത്തോടെയും നേരിടാനുള്ള മനക്കരുത്ത് നല്‍കുക എന്നതാണ് ഈ അനുഷ്ഠാനങ്ങളുടെ പ്രധാന ലക്ഷ്യം.

അതുകൊണ്ടുതന്നെ കര്‍ക്കിടകമാസം ഒരു മാസമെന്നതിലുപരി ആത്മപരിശോധനയുടെയും പ്രാര്‍ത്ഥനയുടെയും സല്‍കര്‍മ്മങ്ങളുടെയും ആത്മീയ നവീകരണത്തിന്റെയും പുണ്യകാലമായി ഇന്നും ആദരവോടെ ആചരിച്ചുവരുന്നു. ജ്യോതിഷപരമായ വിശ്വാസങ്ങളും പരദേവതാ ആരാധനയും സര്‍പ്പപൂജയും സുകൃതഹോമവും വാവ് ബലിയും രാമായണപാരായണവും ഒരുമിച്ചുചേരുമ്പോള്‍ മനസ്സിന് ആശ്വാസവും ജീവിതത്തിന് പുതിയ പ്രത്യാശയും നല്‍കുന്ന ഒരു അനുഗ്രഹകാലമായി കര്‍ക്കിടകമാസം മാറുന്നു.

എഴുത്ത്: തെങ്കര സുബ്രഹ്‌മണ്യന്‍, (ജ്യോതിഷന്‍, ഗുരുവായൂര്‍)
ഫോണ്‍: 94478 40774.

Related Posts