
കര്‍ക്കടക വാവ്: തിരുവമ്പാടിയില്‍ പിതൃമോക്ഷത്തിനായി പ്രത്യേക ചടങ്ങുകള്‍
ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത്, ഭക്തരുടെ അഭയകേന്ദ്രമായി നിലകൊള്ളുന്ന തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം പിതൃമോക്ഷ കര്‍മ്മങ്ങള്‍ക്ക് പേരുകേട്ട പുണ്യസങ്കേതമാണ്. ആയിരത്തി ഇരുനൂറിലധികം വര്‍ഷങ്ങളുടെ ചരിത്രവും ഐതിഹ്യവും പേറുന്ന ഈ ക്ഷേത്രം, ഈ വരുന്ന കര്‍ക്കടക വാവിനും വിപുലമായ ചടങ്ങുകള്‍ ഒരുക്കുന്നു.
പിതൃമോക്ഷത്തിന്റെ പുണ്യഭൂമി
കളിക്കൂട്ടുകാരനായി സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാന്‍ അവതരിച്ചെന്നും, ദേവകീവസുദേവന്മാര്‍ക്ക് കാരാഗൃഹത്തില്‍ ദര്‍ശനം നല്‍കിയ അതേ ചതുര്‍ബാഹു രൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠയെന്നുമാണ് ഐതിഹ്യം. പിതൃക്കള്‍ക്ക് മോക്ഷം നല്‍കുന്ന മഹാവിഷ്ണുവായാണ് ഭഗവാന്‍ ഇവിടെ കുടികൊള്ളുന്നത്. ഇതിനെല്ലാം പുറമെ, വില്വമംഗലത്ത് സ്വാമിയാര്‍ തന്റെ അമ്മയ്ക്ക് ബലിതര്‍പ്പണം നടത്തിയത് ഈ ക്ഷേത്രഭൂമിയിലാണെന്ന വിശ്വാസം ഇവിടത്തെ പിതൃകര്‍മ്മങ്ങളുടെ പുണ്യം വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, തിരുവമ്പാടിയിലെ ബലിതര്‍പ്പണത്തിനും തിലഹോമാദി കര്‍മ്മങ്ങള്‍ക്കും ഫലസിദ്ധി കൂടുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.
കര്‍ക്കടക വാവും വിശേഷാല്‍ പൂജകളും
പിതൃപ്രീതിക്ക് ഏറ്റവും ഉത്തമമായ ദിനമാണ് കര്‍ക്കടക വാവ്. ഈ വര്‍ഷം, വാവിനോടനുബന്ധിച്ച് മൂന്ന് ദിവസത്തെ പ്രത്യേക പൂജകളും ചടങ്ങുകളുമാണ് ക്ഷേത്രത്തില്‍ നടക്കുന്നത്. നമ്മുടെയും പിതൃക്കളുടെയും പാപദോഷങ്ങള്‍ അകറ്റി പുണ്യം നേടാന്‍ സഹായിക്കുന്ന സുകൃതഹോമം, പിതൃപ്രീതിക്കായി നടത്തുന്ന പതിനായിരക്കണക്കിന് സംഖ്യയുള്ള തിലഹോമം, വാവുനാളിലെ സായൂജ്യപൂജ എന്നിവ ഈ ദിവസങ്ങളിലെ പ്രധാന ചടങ്ങുകളാണ്. ഓഗസ്റ്റ് 10 മുതല്‍ പൂജകള്‍ ആരംഭിക്കും. 12 നാണ് കര്‍ക്കടകവാവ്
വഴിപാടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം
കര്‍ക്കടക വാവ് ദിനങ്ങളിലെ തിരക്ക് ഒഴിവാക്കാനും ഭക്തര്‍ക്ക് ശാന്തമായ അന്തരീക്ഷത്തില്‍ ചടങ്ങുകളില്‍ പങ്കുചേരാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ, വിശേഷാല്‍ പൂജകളും വഴിപാടുകളും മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ക്ഷേത്രം അധികൃതര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിനുമായി ക്ഷേത്രവുമായി ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 94467 10462, 94953 51799

