ക്ഷേത്ര വാർത്തകൾ
കര്‍ക്കടക വാവ്; ആലപ്പുഴ തിരുവമ്പാടിയില്‍ പന്തല്‍ കാല്‍നാട്ടി

ആലപ്പുഴ: നിത്യവും പിതൃബലി തര്‍പ്പണവും പിതൃമോക്ഷ വഴിപാടുകളും നടക്കുന്ന ആലപ്പുഴയിലെ പുണ്യപുരാതനമായ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കടകവാവുബലിക്കു മുന്നോടിയായി പന്തന്‍ കാല്‍നാട്ട് കര്‍മ്മം നടന്നു. ക്ഷേത്രം മേല്‍ശാന്തി കുര്യാറ്റുപുറത്തില്ലത്ത് യദുകൃഷ്ണന്‍ ഭട്ടതിരി കാല്‍നാട്ട് കര്‍മ്മം നിര്‍വഹിച്ചു. ക്ഷേത്രം ഊരാണ്‍മ അവകാശി പ്രഭ അന്തര്‍ജനം, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ ഓമനക്കുട്ടന്‍ പറത്താനം എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ ക്ഷേത്രം ജീവനക്കാരും ഭക്തജനങ്ങളും പങ്കെടുത്തു.

കര്‍ക്കടകവാവിനോടനുബന്ധിച്ച് വിശേഷാല്‍ പിതൃമോക്ഷ പൂജകള്‍ ആഗസ്റ്റ് 10 മുതല്‍ 12 വരെ വിപുലമായി നടക്കും. കര്‍ക്കടക വാവ് ദിവസമായ ആഗസ്റ്റ് 12-ന് പുലര്‍ച്ചെ 3.00 മണിക്ക് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് 3.30-ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറേക്കുളത്തില്‍ പിതൃബലി തര്‍പ്പണം ആരംഭിക്കും. കണ്ണമംഗലത്തില്ലത്ത് ബ്രഹ്‌മശ്രീ. ബ്രഹ്‌മദത്തന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലും, ക്ഷേത്രം മേല്‍ശാന്തി കുര്യാറ്റുപുറത്തില്ലത്ത് യദുകൃഷ്ണന്‍ ഭട്ടതിരിയുടെ സഹകാര്‍മ്മികത്വത്തിലുമാണ് വിശേഷാല്‍ പൂജകള്‍ നടക്കുന്നത്.

പ്രധാന ചടങ്ങുകള്‍: ആഗസ്റ്റ് 10 (തിങ്കള്‍): പുലര്‍ച്ചെ 5.00-ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7.00-ന് പിതൃദോഷങ്ങള്‍ ഇല്ലാതാക്കാനുള്ള സുകൃതഹോമം (12,000 സംഖ്യ), വൈകുന്നേരം 5.00 മുതല്‍ വലിയ ഭഗവതിസേവ, തുടര്‍ന്ന് ലളിതാസഹസ്രനാമ പുഷ്പാഞ്ജലി.

ആഗസ്റ്റ് 11 (ചൊവ്വ): പുലര്‍ച്ചെ 5.00-ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7.00 മുതല്‍ കറുത്തവാവിന്റെ തിലഹോമം (36,000 സംഖ്യ ഒന്നാം ദിവസം), വൈകുന്നേരം 5.00-ന് വലിയ ഭഗവതിസേവ. ആഗസ്റ്റ് 12 (കര്‍ക്കടകവാവ്): പുലര്‍ച്ചെ 3.30-ന് പിതൃബലി ആരംഭം, 4.00-ന് അഷ്ടദ്രവ്യ ഗണപതിഹോമവും തിലഹോമ സമാപനവും, 6.00-ന് ശീവേലി, 6.15-ന് പടച്ചോറ് വിതരണം, രാവിലെ 10.30-ന് സായൂജ്യപൂജ എന്നിവ നടക്കും.

പാര്‍ക്കിംഗ് സൗകര്യം:

കര്‍ക്കിടകവാവ് ദിവസത്തെ തിരക്ക് ഒഴിവാക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. പടിഞ്ഞാറ് ഭാഗത്തു നിന്ന് വരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് ക്ഷേത്രത്തിന്റെ പടിഞ്ഞാറും, വടക്കുഭാഗത്തുള്ള കിരാതരുദ്ര മഹാദേവ സന്നിധി ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യാവുന്നതാണ്. തിരികെ പോകുവാന്‍ വടക്കോട്ട് പോയി ഹൈവേയില്‍ പ്രവേശിക്കാം. കൂടാതെ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് കുര്യാറ്റുപുറത്തില്ലത്തും വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമുണ്ട്.

Related Posts