കർക്കിടകം സ്പെഷ്യൽ
സർവ്വരോഗശമനത്തിന് കർക്കിടകത്തിലെ ഔഷധക്കഞ്ഞി; തയ്യാറാക്കേണ്ടതിങ്ങനെ

ഇരുപത്തിയെട്ടിൽ പരം ഔഷധച്ചെടികൾ അരച്ചെടുത്ത നീരിൽ പച്ചരി തിളപ്പിച്ച് തേങ്ങാപ്പാലും ജീരകവും ഇന്തുപ്പും ചേർത്ത് തയ്യാറാക്കുന്ന മരുന്ന് കഞ്ഞിയുടെ മാതൃസ്പർശം അറിയാത്ത മലയാളിയുണ്ടാവില്ല. കര്‍ക്കിടക മാസത്തില്‍ ദേഹരക്ഷയ്ക്കായി തയ്യാറാക്കി ഉപയോഗിക്കുന്നതിനാലാണ് കര്‍ക്കിടകക്കഞ്ഞി എന്ന് പറയുന്നത്. ചിലയിടങ്ങളിൽ ഉലുവാക്കഞ്ഞിയും മറ്റു ചിലയിടങ്ങളിൽ കുറുന്തോട്ടിവേര്, ജീരകം, പഴുക്ക പ്ലാവിലഞ്ഞെട്ട് ഇവ ആട്ടിൻപാൽ ചേർത്ത് തിളപ്പിച്ച് ഞവരഅരിയിൽ കഞ്ഞിവയ്ക്കുന്ന രീതിയുമുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം നിലനിര്‍ത്തുകയുമാണ് ഈ ഗൃഹ ഔഷധസേവയുടെ ഉദ്ദേശം.

കുറുന്തോട്ടിവേര്, കരിങ്കുറിഞ്ഞി, അരിയാറ്, ജീരകം, ഉലുവ, അയമോദകം, ആശാളി, പുത്തരിച്ചുണ്ട വേര്, ചുക്ക് എന്നിവയാണ് ഇതിലെ പ്രധാന ഇനങ്ങള്‍. തഴുതാമ, കൈതോന്നി, മുയല്‍ച്ചെവിയന്‍, മുക്കുറ്റി, തിരുതാളി, വിഷ്ണുകാന്തി തുടങ്ങിയ ദശപുഷ്പങ്ങളും ഇതോടൊപ്പം ചേര്‍ക്കാറുണ്ട്.

കർക്കിടക കഞ്ഞി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. (Karkidaka Kanji Recipe, Marunnu Kanji Recipe)

  1. ഞവരയരി, നെല്ലു കുത്തരി, ഉണക്കലരി എന്നിവയിൽ ഏതെങ്കിലുമൊന്ന് കഞ്ഞിക്കായി ഉപയോഗിക്കാം.
  2. മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറിന്നില, കുറുന്തോട്ടി വേര് – ഇവയെല്ലാം പറിച്ച് നന്നായി കഴുകി ചതയ്ക്കുക.
  3. ഉലുവ, ആശാളി, കക്കുംകായ പരിപ്പ്, ചെറുപയർ ഇവ പൊടിച്ചു ചേർക്കുക.
  4. മരുന്നുകൾ എല്ലാം കൂടി ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വെക്കാം
  5. രുചി കൂട്ടാൻ ജീരകവും ചുവന്നുള്ളിയും നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം. തേങ്ങ പീര ഇടാം. ആവിശ്യമെങ്കിൽ ഇന്തുപ്പ്, കല്ലുപ്പ് ഇവയിലൊന്ന് ചേർക്കാം .
  6. സ്വാദിനായി ശര്‍ക്കര, ഏലക്കാ, ഗ്രാമ്പു എന്നിവയും ചേര്‍ക്കാറുണ്ട്.

ഈ കഞ്ഞി ചുരുങ്ങിയത് ഏഴ് ദിവസം കഴിക്കണം. കര്‍ക്കിടകം മുഴുവന്‍ കഴിക്കാനായാല്‍ അത്രയും നന്ന്.

കരള്‍ വീക്കത്തിനും ഹൃദയത്തകരാറുകള്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ഇത് ശ്രേഷ്ഠമായ പ്രതിവിധിയാണ്. വാത സംബന്ധമായ അസുഖം, ധാതുക്ഷയം, ത്വക്ക് രോഗങ്ങള്‍ എന്നിവ ശമിക്കുന്നു.

karkidakam
Related Posts