
കാലടിയില്‍ ഭക്തിപ്രഭ; പൂർണ്ണാനദിയിൽ ഗംഗാ ആരതിയുടെ പുണ്യം!
എല്ലാദിവസവും നക്ഷത്രഫലം നിങ്ങളുടെ മൊബൈല്‍ഫോണില്‍ ലഭിക്കാന്‍ ഇപ്പോള്‍തന്നെ ജോയിന്‍ ചെയ്യൂ ജ്യോതിഷവാര്‍ത്തയുടെ വാട്ട്‌സാപ്പ് ചാനലില്‍. ഇവിടെ ക്ലിക്ക് ചെയ്യൂ.
കാലടി: ഭക്തിമുഖരിതമായ അന്തരീക്ഷത്തില്‍ ദീപങ്ങള്‍ ഉയര്‍ന്നു… മന്ത്രങ്ങള്‍ മുഴങ്ങി…. കാലടി മുതലക്കടവില്‍ ഗംഗാ ആരതിക്ക് സമാനമായ പൂര്‍ണ്ണ ആരതിക്കും മുതലക്കടവ് സ്‌നാനത്തിനും തുടക്കമായി. പൂര്‍ണ നദിയുടെ തീരവും, മുതലക്കടവും ദീപക്കാഴ്ചയിലമര്‍ന്നു. പൂര്‍ണ്ണ ആരതിയിലെ ദിവ്യവെളിച്ചം മുതലക്കടവിലേക്ക് ഒഴുകിയെത്തി.
കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം, തിരുവനന്തപുരം പൗര്‍ണമി കാവ് ദേവി ക്ഷേത്ര ട്രസ്റ്റ്, കാലടി ശ്രീശങ്കര സാങ്കേത് ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായാണ് പൂര്‍ണ്ണ ആരതിയും മുതലക്കടവ് സ്‌നാനവും സംഘടിപ്പിച്ചിരിക്കുന്നത്. ശ്രീശങ്കരന്റെ സന്യാസത്തിന് കാരണമായതായി വിശ്വസിക്കുന്ന ശ്രീശങ്കരനെ മുതല പിടിച്ച സംഭവവുമായി ബന്ധപ്പെട്ട മുതലക്കടവിലാണ് ചടങ്ങുകള്‍ നടക്കുന്നത്. 21 ന് സമാപിക്കും.
വൈകീട്ട് 5.30 മുതല്‍ രാത്രി 8.30 വരെയാണ്പൂര്‍ണ്ണ ആരതിയും മുതലക്കടവ് സ്‌നാനവും നടക്കുന്നത്. കാശ്മീരി പണ്ഡിറ്റുകളാണ് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നത്. പുഴയുടെ മധ്യഭാഗത്ത് ഒരുക്കിയ യജ്ഞശാലയ്ക്കു സമീപമാണ് ആരതി നടക്കുന്നത്. പല തട്ടുകളുള്ള വിളക്കുകള്‍ ഉപയോഗിച്ചാണ് ആരതി. ആരതി നടക്കുമ്പോള്‍ പുഴയില്‍ തോണിയില്‍ ശ്രീശങ്കരന്റെ വിഗ്രഹമുണ്ട്. ആരതിക്ക് മുന്നോടിയായി പുത്തന്‍കാവ് ക്ഷേത്രത്തില്‍ നിന്നും ശ്രീശങ്കരന്റെ വിഗ്രഹവുംവഹിച്ചുകൊണ്ടുളള ഘോഷയാത്ര നടന്നു.
പുത്താലമേത്തി സ്ത്രീകളും കുട്ടികളും ഘോഷയാത്രയില്‍ അണിനിരന്നു. ആരതി ദര്‍ശിക്കുന്നതിന് ഭക്ത്തര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുഴയുടെ കരയില്‍ നിന്നും ആരതി കാണാം. കൂടാതെ ആരതി നടക്കുന്ന സ്ഥലത്തേക്ക് താത്കാലിക പാലത്തിലൂടെയും ഭക്തജനങ്ങള്‍ക്ക് എത്തിച്ചേരാം.


