
സർവ്വ രോഗവും മാറ്റുന്ന പുഷ്പാർച്ചന വഴിപാട്, ഇവിടെ എത്തി പ്രാർത്ഥിച്ചാൽ സർവ്വ ദുരിതങ്ങൾക്കും പരിഹാരം
നരസിംഹസ്വാമി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ കേരളത്തിൽ നിരവധിയുണ്ട്. അവയിൽ ഏറ്റവും പ്രശസ്തമായതാണ് കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം. ആലുവ മഹാദേവക്ഷേത്രത്തിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ പടിഞ്ഞാറായും തിരുവാലൂർ മഹാദേവക്ഷേത്രത്തിൽ നിന്നും മൂന്നു കിലോമീറ്റർ കിഴക്കുമായും സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കടുങ്ങല്ലൂർ ശ്രീ നരസിംഹ സ്വാമി ക്ഷേത്രം. കടുങ്ങല്ലൂർക്കര, തോട്ടക്കാട്ടുകര, ഏലൂക്കര, തുടങ്ങി കടുങ്ങല്ലൂർ ദേവസ്വം വക ഭൂമിയാണ് ഈ കരയിൽ ഉള്ളതെല്ലാം.
മഹാവിഷ്ണുവിന്റെ ഭക്തനായിരുന്ന തന്ത്രി ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് നരസിംഹമൂർത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആറടി ഉയരമുള്ള വിഗ്രഹം പെരുമ്പാവൂർ ഐക്കര നാട്ടിൽ നിർമിച്ചതിനു ശേഷം തോണിയിലാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചത്. ക്ഷേത്രത്തിന്റെ കാലപ്പഴക്കം നിർണയിച്ചിട്ടില്ല. മതിൽക്കകത്ത് യാതൊരു ഉപദേവന്മാരുമില്ലാതെ ഏക ഛത്രാധിപതിയായി, സർവാഭീഷ്ടപ്രധാനിയായി വാണരുളുന്ന ദേവനാണ് നരസിംഹമൂര്‍ത്തി.
എന്നാല്‍ മതിലിനു പുറത്ത് മഹാവിഷ്ണുവിന്‍റെയും പാര്‍ത്ഥസാരഥിയുടെയും ചെറിയ അമ്പലങ്ങള്‍ കാണാം. വളരെ പ്രത്യേകതകളുള്ള നിര്‍മ്മാണമാണ് ക്ഷേത്രത്തിന്‍റേത്. വൃത്താകൃതിയിലുള്ള ശ്രീകോവിലാണ് ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നത്.
ഐതിഹ്യം
പ്രഹ്ളാദനെ രക്ഷിക്കുവാനും ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനുമായി മഹാവിഷ്ണു നരസിംഹാവതാരം എടുത്തുവെന്നാണ് പുരാണങ്ങള്‍ പറയുന്നത്. തൂണിലും തുരുമ്പിലും വസിക്കുന്ന നരസിംഹസ്വാമി വിശ്വാസികള്‍ക്ക് എന്നും അജയ്യനാണ്. കൃതയുഗത്തിലെ മഹാവിഷ്ണുവിന്റെ നാലവതാരങ്ങളില്‍ അവസാനത്തേതായ നരസിംഹം തന്നെ ആശ്രയിക്കുന്നവര്‍ക്ക് അനുഗ്രഹദായകന്‍ കൂടിയാണ്.
പുരാണങ്ങളിലെ പല സംഭവങ്ങളുമായും കടുങ്ങല്ലൂര്‍ ക്ഷേത്രം ബന്ധപ്പെട്ടു കിടക്കുന്നു. തേത്രായുഗത്തില്‍ സീതയെ അപഹരിച്ചുകൊണ്ടുപോകുവാനെത്തിയ രാവണനെ തടുത്തു നില്‍ക്കെ വെട്ടേറ്റു പക്ഷിശ്രേഷ്ഠനായ ജഡായുവിന്റെ നടുഭാഗം വീണത് ഇവിടെയാണെന്നാണ് വിശ്വാസം. വായ ഉള്‍പ്പെടുന്ന തലഭാഗം വീണത് ആലുവായിലും വാല് വീണത് തിരുവാലൂരും ആണെന്ന് വിശ്വസിക്കപ്പെടുന്നു.
സര്‍വ്വ രോഗങ്ങളും ദുരിതങ്ങളും മാറുവാന്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ മതി എന്നൊരു വിശ്വാസമുണ്ട്. ധന്വന്തരി മന്ത്രം കൊണ്ടുള്ള പുഷ്പാര്‍ച്ചന നടത്തിയാല്‍ സര്‍വ്വ രോഗങ്ങളും മാറുമെന്നും നരസിംഹമന്ത്രം കൊണ്ടുള്ള പുഷ്പാഞ്ജലി കഴിച്ചാൽ സകല ദുരിതങ്ങളും ശമിക്കുമെന്നും കാലങ്ങളായി ഇവിടെയുള്ള വിശ്വാസമാണ്.
ഉത്സവം
മേടമാസത്തിലെ വിഷുസംക്രമദിവസം വൈകീട്ട് കൊടിയേറി വിഷുദിവസം കണി കണ്ടതിനുശേഷമാണ് ഉത്സവം ആരംഭിക്കുന്നത്. എട്ടാം ദിവസമാണ് ആറാട്ട്. ക്ഷേത്രത്തിലെ ഉത്സവ കാലത്ത് വലിയ വിളക്കിന്റെ ദീപാരാധനയില്‍ പങ്കെടുത്ത് തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിച്ച എത്ര അസാധ്യമായ കാര്യങ്ങളും നടക്കുമെന്ന് വിശ്വാസമുണ്ട്.
ക്ഷേത്രത്തിലെ ആറാട്ട് ലോകപ്രസിദ്ധമാണ്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം കഴിഞ്ഞാല്‍ ഏറ്റവുമധികം വിശ്വാസികള്‍ ആറാട്ടു കുളിക്കുവാനായി എത്തുന്നത് ഇവിടെയാണെന്നാണ് വിശ്വാസം. കടുങ്ങല്ലൂര്‍ തേവരുടെ ആലുവ മണപ്പുറത്തെ ആറാട്ട് പ്രസിദ്ധമാണ്.
പൂജാസമയം
രാവിലെ 3.45 ന് നടതുറപ്പ്
തുടർന്ന്
നിർമ്മാല്യ ദർശനം
അഭിഷേകം, മലർനിവേദ്യം, ചന്ദനം ചാർത്ത്, അലങ്കാരങ്ങൾ മുതലായവ
രാവിലെ 4.15 മുതൽ 4.45 വരെ ഉഷപൂജ, എതൃത്തി പൂജ
4.50 മുതൽ ദർശനം
വ്യാഴം, ഞായർ ഒഴികെ ഉച്ചപൂജ രാവിലെ 9 മുതൽ 9.30 വരെ
രാവിലെ 10.00 ന്: നട അടയ്ക്കൽ
വ്യാഴാഴ്ച
രാവിലെ 10.00 മുതൽ 10.45 വരെ ഉച്ചപൂജ
രാവിലെ 11.00 ന് നട അടയ്ക്കൽ
ഞായർ
രാവിലെ 9.30 മുതൽ 10.00 വരെ ഉച്ചപൂജ
രാവിലെ 10.30 ന് നട അടയ്ക്കൽ
വൈകീട്ട് 5.00 ന് നട തുറക്കൽ
അസ്തമയ സമയത്ത് ദീപാരാധന
വൈകീട്ട് 7.00 മുതൽ 7.45 വരെ വരെ: അത്താഴ പൂജ
രാത്രി 8.00 ന് നട അടയ്ക്കൽ
കളഭം, ഉദയാസ്തമന പൂജ, തിരുവുത്സവം, ദശാവതാരം ചന്ദനം ചാർത്ത്, പ്രതിഷ്ഠാ ദിനങ്ങൾ മുതലായ വിശേഷ ദിവസങ്ങളിൽ പൂജാസമയങ്ങളിലും നട അടയ്ക്കുന്നതിലും മാറ്റം ഉണ്ടായിരിക്കും.
ക്ഷേത്രത്തിലെ ഫോൺ നമ്പറുകൾ: 0484 2603643, 85477 84643
കടുങ്ങല്ലൂർ ദേവസ്വം ട്രസ്റ്റിന് കീഴിലാണ് ക്ഷേത്രം.
ക്ഷേത്രത്തിൽ എത്താൻ:
എറണാകുളം ജില്ലയിലെ ആലുവയ്ക്ക് സമീപമാണ് കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആലുവയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ ദൂരമാണ് ക്ഷേത്രത്തിലേക്കുള്ളത്. തോട്ടക്കാട്ടുകര വഴി ക്ഷേത്രത്തില്‍ എളുപ്പത്തില്‍ എത്തിച്ചേരാം.