ക്ഷേത്ര വാർത്തകൾ
ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ദ്രവ്യകലശം തുടങ്ങി; ബ്രഹ്‌മകലശാഭിഷേകം നാളെ

തൃപ്പൂണിത്തുറ: പ്രസിദ്ധമായ ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ദ്രവ്യകലശ ചടങ്ങുകള്‍ക്ക് തുടക്കമായി. മാര്‍ച്ച് 24 ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് ആരംഭിച്ച വിശേഷാല്‍ പൂജകളോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ദ്രവ്യകലശത്തിന്റെ ഭാഗമായി ആദ്യദിനം വൈകുന്നേരം പ്രസാദ ശുദ്ധി, അസ്ത്രകലശപൂജ, രക്ഷോഘ്‌ന ഹോമം, വാസ്തുഹോമം, വാസ്തു കലശപൂജ, വാസ്തുബലി എന്നിവ നടന്നു.

രണ്ടാം ദിവസമായ ഇന്ന് (മാര്‍ച്ച് 25, ബുധനാഴ്ച) രാവിലെ ബിംബശുദ്ധി, ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, ബ്രഹ്‌മകലശപൂജയും എന്നിവ നടന്നു. വൈകുന്നേരം പരികലശപൂജ, അധിവാസ ഹോമം, അധിവാസ പൂജ എന്നിവയും നടക്കും.

ദ്രവ്യകലശ ചടങ്ങുകളുടെ സമാപന ദിവസമായ നാളെ (മാര്‍ച്ച് 26, വ്യാഴാഴ്ച) രാവിലെ ആറ് മണിക്ക് വിശേഷാല്‍ പൂജകളും പരികലശാഭിഷേകവും നടക്കും. തുടര്‍ന്ന് രാവിലെ ഒന്‍പത് മണിക്ക് ഈ വര്‍ഷത്തെ ദ്രവ്യകലശത്തിലെ ഏറ്റവും പ്രധാന ചടങ്ങായ ‘ബ്രഹ്‌മകലശാഭിഷേകം’ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടക്കും. ഉച്ചപ്പൂജയ്ക്കും ശ്രീഭൂതബലിക്കും ശേഷം ചടങ്ങുകള്‍ സമാപിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

Related Posts