
Indira ekadashi | ഇന്ദിര ഏകാദശി ഏറെ വിശേഷം; ലക്ഷ്മിനാരായണനെ പ്രാര്‍ഥിച്ചാല്‍
പാപശാന്തിക്കും വിഷ്ണു പ്രീതിക്കുമായി അനുഷ്ഠിക്കുന്നതാണ് ഏകാദശിവ്രതം. വര്‍ഷത്തില്‍ 24 ഏകാദശികളാണ് ഉള്ളത്. ചിലപ്പോള്‍ 26 ഏകാദശികളും വരാറുണ്ട്. ഓരോ ഏകാദശിക്കും വിത്യസ്തഫലങ്ങളാണ്. ആശ്വിന മാസത്തിലെ കൃഷ്ണപക്ഷ ദിവസമാണ് ഇന്ദിരാ ഏകാദശി. ഇത്തവണത്തെ ഏകാദശി സെപ്റ്റംബര്‍ 17 ബുധനാഴ്ച, കന്നി 1 നാണ്.
ലക്ഷ്മീ (ഇന്ദിര) ദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്രതമാണ്. ഈ ദിവസം വ്രതംനോറ്റ് ലക്ഷ്മി നാരായണ പൂജയാണ് ചെയ്യേണ്ടത്. അന്നു ചെയ്യുന്ന ദാനധര്‍മ്മങ്ങള്‍ക്ക് ഇരട്ടിഫലമുണ്ടാകുമെന്നാണ് വിശ്വാസം. പിതൃകര്‍മ്മലോഭം നികത്താനും പാപമോചനത്തിനും ഉത്തമമാണ്. വ്രതം അനുഷ്ഠിക്കുന്നയാളുടെയും അവരുടെ പത്ത് തലമുറകളിലുള്ള പൂര്‍വ്വികരുടെയും പാപമോചനത്തിനും അവര്‍ക്ക് സദ്ഗതി ലഭിക്കുന്നതിനും ഈ വ്രതം വഴിതെളിക്കുന്നുവെന്നാണ് വിശ്വാസം.
ഏകാദശി ദിവസം പകലുറക്കം പാടില്ലെന്നാണ്. അന്നേദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിനു ശേഷമാണ് ആഹാരം കഴിക്കേണ്ടത്.
രാവിലെ വ്രതം അവസാനിപ്പിക്കണം. എന്നാല്‍, രാവിലെ വ്രതം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉച്ചയ്ക്കുശേഷമേ വ്രതം അവസാനിപ്പിക്കാവൂ. ഉച്ചസമയത്ത് വ്രതം അവസാനിപ്പിക്കരുത്. ഏകാദശി ദിവസങ്ങളില്‍ വ്രതം എടുക്കുന്നതും വിഷ്ണു പൂജ ചെയ്യുന്നതും നമ്മുക്കും കുടുംബത്തിനും ഐശ്വര്യദായകമാണ്.