
ശത്രുസംഹാര പൂജ നടത്തുന്നത്
ക്ഷേത്രത്തിലെ വഴിപാടു കൗണ്ടറില്‍ ചെന്ന് ഒരു ശത്രുസംഹാര പൂജ എന്നു ശബ്ദം താഴ്ത്തി മാത്രമേ നമ്മള്‍ പറയൂ. മറ്റുള്ളവര്‍ കേട്ടാല്‍ എന്തു വിചാരിക്കും എന്നായിരിക്കും ചിന്ത. ശത്രുസംഹാര അര്‍ച്ചനയും ഹോമവും മറ്റും എന്തിനുള്ളതാണെന്ന് അറിവില്ലാത്തതുമൂലമാണ് ശബ്ദം താഴ്‌ത്തേണ്ടിവരുന്നത്.
നമുക്ക് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതോ, എതിര്‍ക്കുന്നതോ ആയ ശത്രുക്കളെ നശിപ്പിക്കാനോ, ആ ശത്രുവിന്റെ ആക്രമണത്തില്‍നിന്നും രക്ഷനേടാനോ ഉള്ളതല്ല ശത്രുസംഹാരം. പിന്നെ, ആരാണ് ആ ശത്രു. സംഹരിക്കണം എന്ന് നാം ഉദ്ദേശിക്കുന്ന ശത്രു നമ്മുടെ ഉള്ളില്‍ തന്നെയാണുള്ളത്.
മോശപ്പെട്ട ചിന്താഗതികളിലേക്കും, മാനസിക അവസ്ഥകളിലേക്കും നയിക്കുന്ന ഒരു ശത്രു ഓരോരുത്തരുടേയും ഉള്ളില്‍ തന്നെയുണ്ട്. ആത്മവൈരിയെ സംഹരിക്കണമെന്ന ഉദ്ദേശത്തോടെ നടത്തുന്നതാണ് ശത്രുസംഹാര അര്‍ച്ചന.
പ്രപഞ്ചത്തെയും ശരീരത്തെയും ഒന്നായി കാണുന്നതാണ് ആര്‍ഷ ഭാരത സംസ്‌കാരം. തന്നില്‍നിന്ന് വേറെയൊരാള്‍ ഇല്ല. അങ്ങനെ കാണാന്‍ പ്രേരിപ്പിക്കാത്ത മനസ് ഒഴിച്ച് വേറെ ഒരു ശത്രുവുമില്ല. ആ ശത്രുവിനെയാണ് സംഹരിക്കേണ്ടത്.
ഞാന്‍ എന്ന ഭാവത്തെ ബലിനല്കി ശരീരം ശത്രുമുക്തമാക്കുകയാണ് ചെയ്യുന്നത്. ‘മനസ് കീഴടക്കിയവന് അതുപോലെ ഒരു നല്ല സുഹൃത്ത് ഇല്ല. അടങ്ങിയിരിക്കാത്ത മനസുപോലെ അവന് വേറെയൊരു ശത്രുവും ലോകത്ത് ഇല്ല’-ഭഗവത്ഗീത
ശത്രുസംഹാരകന്‍ മുരുകന്‍
മുരുകനെയാണ് ശത്രു സംഹാരകനായി വിശ്വാസിക്കുന്നതും പ്രാര്‍ഥിക്കുന്നതും. മുരുകന്‍ ക്ഷേത്രത്തില്‍ ശത്രു സംഹാര പൂജ നടത്തിയാല്‍ ഗ്രഹദോഷം, ദൃഷ്ടിദോഷം, ശാപങ്ങള്‍ എന്നിവയില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
കുടുംബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, മാനസിക പ്രശ്‌നങ്ങള്‍, ഭയം, കടബാധ്യതകള്‍ എന്നിവയില്‍ നിന്നുള്ള മോചനം, ധനാഭിവൃദ്ധി എന്നിവക്കെല്ലാം ശത്രുസംഹാര പൂജ നടത്താറുണ്ട്.
വിവാഹം നടക്കാന്‍ കാലതാമസം, ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍, സാമ്പത്തിക ബാധ്യതകള്‍ എന്നിവ വരുന്ന സമയങ്ങളിലെല്ലാം ശത്രു സംഹാര പൂജ നടത്താറുണ്ട്.
മാത്രമല്ല, ഗര്‍ഭസ്ഥശിശു ആയുരാരോഗ്യത്തോടെ ജനിക്കുന്നതിനും ഈ പൂജ നടത്താറുണ്ട്.
ജോലി സ്ഥലങ്ങളില്‍ അനുഭവപ്പെടുന്ന എല്ലാ തടസങ്ങളും നീക്കുന്നതിനും കാലങ്ങളായി കോടതിയില്‍ നില നില്‍ക്കുന്ന കേസുകളിലെ നിയമ തടസങ്ങള്‍ മാറുന്നതിനായും ഈ പൂജ നടത്താറുണ്ട്.