സ്പെഷ്യല്‍
പരമ പവിത്രം ഈ ദിനങ്ങൾ, നവരാത്രി 2024; പ്രാധാന്യം, വ്രതനിഷ്ഠ, ഫലപ്രാപ്തി, മന്ത്രജപം

ദേവീ ഉപാസനയ്ക്ക് ഏറ്റവും പ്രധാനമാണ് നവരാത്രി മഹോത്സവം. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന പ്രഥമ മുതൽ ദശമി വരെയുള്ള ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന പുണ്യദിനങ്ങളാണ് നവരാത്രി കാലമായി ആചരിക്കുന്നത്.

ഈ ദിവസങ്ങളിൽ ദേവി ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. മറ്റൊരു രീതിയിൽ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കൂശ്‍മാണ്ഡ, സ്‍കന്ദമാതാ, കാത്യായനീ, കാളരാത്രീ, മഹാഗൗരി, സിദ്ധിധാത്രി എന്നിങ്ങനെ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങളേയും ആരാധിക്കുന്നു. നവരാത്രിയിലെ ഓരോ ദിവസവും ഓരോ സങ്കല്പമായും അല്ലെങ്കിൽ കാളി, ലക്ഷ്മി, സരസ്വതി എന്നീ മൂർത്തികളെ മാത്രമായും ആരാധിക്കാം.

നവരാത്രി വ്രതം

ഈ വര്‍ഷത്തെ നവരാത്രി വ്രതം ഒക്ടോബര്‍ 3 മുതലാണ് ആരംഭിക്കുന്നത്.

വ്രതചിട്ടകൾ

മത്സ്യമാംസാദികൾ ഉപേക്ഷിച്ച് ബ്രഹ്മചര്യ വ്രതമെടുത്ത് നിത്യം രണ്ടുനേരവും ദേവീക്ഷേത്രദർശനം നടത്തുക. ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ ദർശനം നടത്തിയാലും മതി. ഉച്ചയ്ക്ക് ഒരു നേരം ഊണും രാവിലെയും വൈകിട്ടും പഴവർഗ്ഗങ്ങളോ ഗോതമ്പുകൊണ്ടുള്ള ആഹാരമോ കഴിക്കാം. മദ്യം, പുകവലി തുടങ്ങിവ ഒഴിവാക്കണം. എല്ലാദിവസവും പരമാവധി ദേവീപ്രാർത്ഥന നടത്തുക. മനസ്സും വാക്കും പ്രവർത്തിയും ശുദ്ധമായിരിക്കാൻ ശ്രദ്ധിക്കുക.

വിദ്യാരംഭത്തിന് പ്രധാനം

ദേവിയുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് സങ്കല്പങ്ങളാണ് കാളിയും ലക്ഷ്മിയും സരസ്വതിയും, ശത്രുദോഷത്തിനും ദൃഷ്ടിദോഷത്തിനുമെല്ലാം എതിരെയുള്ള കവചമായി ഉപയോഗിക്കാവുന്ന ഉഗ്രരൗദ്രശക്തിയാണ് കാളി. മഹാലക്ഷ്മി, ഐശ്വര്യവും സമൃദ്ധിയും സൗന്ദര്യവും നൽകുന്നു. നമ്മുടെ വ്യക്തിത്വവികാസത്തിന് ഏറ്റവും പ്രധാനമായ വിദ്യ, വിനയം എന്നീ ഗുണങ്ങളുടെ അധിദേവതയാണ് സരസ്വതി. ശത്രുസംഹാരത്തെക്കാൾ, ധനസമൃദ്ധിയെക്കാൾ പ്രാധാന്യം വിദ്യ, വിനയം, സ്നേഹം, കരുണ, മനഃശാന്തി എന്നിവയ്ക്കാണ്. തമോഗുണ പ്രധാനിയായ കാളിയെക്കാളും രജോഗുണ പ്രധാനിയായ ലക്ഷ്മിയെക്കാളും അധികമായി സത്വഗുണപ്രധാനിയായ സരസ്വതിയെ പൂർവ്വികർ ആദരിച്ചു. അതുകൊണ്ടു തന്നെ വിദ്യാദേവതയായ സരസ്വതി പ്രീതിക്കായി വിദ്യാരംഭം കുറിക്കുന്നതിന് സുപ്രധാനമായി വിജയദശമി ദിനത്തെ കണക്കാക്കുന്നു.

ശുഭമുഹൂർത്തമെടുത്ത് കുട്ടികളെ എപ്പോൾ വേണമെങ്കിലും എഴുത്തിനിരുത്താം. എല്ലാ ദിവസവും വിദ്യാരംഭം കുറിക്കാവുന്ന ക്ഷേത്രങ്ങളുണ്ട്. വിജയദശമി ഒരു വർഷത്തെ ഏറ്റവും നല്ല ദിവസമാണെന്നതിനാലാണ് കൂടുതൽ ആളുകളും കുട്ടികളുടെ വിദ്യാരംഭം വിജയദശമി ദിനത്തിൽ തന്നെ നടത്തുന്നത്.

നവരാത്രിയുടെ പ്രാധാന്യം

ശിവന് ശിവരാത്രി, ശ്രീകൃഷ്ണന് അഷ്ടമിരോഹിണി, ശ്രീരാമന് രാമനവമി, രാമായണ മാസം എന്നിവ പോലെ എല്ലാവിധ ദേവി ആരാധനകൾക്കും പ്രധാനമാണ് നവരാത്രി. പ്രത്യേകിച്ച് ത്രിദേവീപൂജയ്ക്ക് കുംഭഭരണി, മീന ഭരണി, തൃക്കാർത്തിക എന്നിവയും ദേവിയുടെ ആരാധനക്ക് പ്രധാനമാണ്. എന്നാൽ എല്ലാ ദേവീ ശക്തികളെയും ഒന്നിച്ച് ആരാധിക്കുകയും ഏറ്റവും കൂടുതൽ ദേവീ സംബന്ധമായ താന്ത്രിക വിശേഷ കർമ്മങ്ങൾ നടക്കുന്നതുമായ മറ്റ് ദിവസങ്ങൾ നവരാത്രി പോലെ വേറെയില്ല. ഈ ദിവസങ്ങളിൽ ചെയ്യുന്ന എല്ലാ പൂജകളും അത്ഭുതശക്തിയും ഫലസിദ്ധിയും നൽകുന്നുവെന്നാണ് വിശ്വാസം.

നവരാത്രിയിൽ ഏറ്റവും പ്രധാനം അഷ്ടമി, നവമി, ദശമി എന്നിവയാണ്. അഷ്ടമി നാളിൽ ഗ്രന്ഥങ്ങളും നവമിയിൽ പണിയായുധങ്ങളും ദേവിക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ദശമി ദിവസം രാവിലെ വിദ്യാദേവതയായ സരസ്വതിയെയും വിശ്വരനായ ഗണപതിയെയും ലോകഗുരുവായ ദക്ഷിണാമൂർത്തിയെയും വേദവ്യാസനെയും പൂജിച്ച് തൃപ്തിപ്പെടുത്തണം. ഇവരുടെ അനുഗ്രഹം വാങ്ങി വിദ്യയും കർമ്മവും സ്വീകരിക്കാം. കർമ്മങ്ങൾ കൂടുതൽ ഊർജ്ജസ്വ ലതയോടെ പുനരാരംഭിക്കുവാനും കുട്ടികൾക്ക് ആദ്യാക്ഷരം കുറിപ്പിക്കാനും പഠിക്കുന്ന കുട്ടികൾ നന്നായി പഠിക്കാനും വിജയദശമി പ്രധാനമാണ്. അഷ്ടമിയിൽ കാളിയായും നവമിയിൽ ലക്ഷ്മിയായും ദശമിയിൽ സരസ്വതിയായും ആദിപരാശക്തിയെ പൂജിക്കുന്നു. അഷ്ടമി പൂജ കഷ്ടങ്ങളും ദോഷങ്ങളും നീക്കുന്നതിനും നവമി നാളിലെ ആയുധപൂജ അഭിവൃദ്ധി, ഐശ്വര്യം, ധനലാഭം എന്നിവ ലഭിക്കാനും ദശമി നാളിലെ ഉപാസന വിദ്യ, ഭാഗ്യം, കർമ്മസിദ്ധി, ജനനേതൃത്വം, വാക്ചാതുരി, ബുദ്ധി എന്നിവയ്ക്കും ഉത്തമമാണ്.

നവരാത്രി പൂജ

ചുവന്നപ്പൂക്കളാണ് ദേവിക്ക് ഏറ്റവും പ്രിയങ്കരം. ഭദ്രകാളിക്ക് ചുവപ്പും, ലക്ഷ്മിക്ക് മഞ്ഞയും സരസ്വതിക്ക്
വെള്ളയും ആണ് കൂടുതൽ നല്ലത്. 9 ദിവസവും പൂജയ്ക്ക് ചെത്തി, ചെമ്പരത്തി, നന്ത്യാർവട്ടം, തുളസി
അരളി, താമര തുടങ്ങിയവ ഉപയോഗിക്കാം.

നവാക്ഷരി മന്ത്രം

‘ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡായൈ വിച്ചെ നമ:’ എന്നതാണ് നവാക്ഷരി മന്ത്രം. നിത്യേന 2 നേരം നവാക്ഷരി ജപിക്കാം. 8,21,36 തുടങ്ങി യഥാശക്തി പ്രാവശ്യം ജപിക്കണം. കുളിച്ച് വെള്ളയോ ചുവപ്പോ വസ്ത്രം ധരിച്ച് രാവിലെ കിഴക്ക് ദർശനമായും വൈകിട്ട് പടിഞ്ഞാറ് ദർശനമായും ഇരുന്ന് ജപിക്കണം. നെയ്യ് വിളക്ക് കൊളുത്തിവയ്ക്കുന്നത് നല്ലതാണ്. വെറും നിലത്തിരിക്കാതെ പീഠത്തിലോ ചുവന്ന പട്ടിലോ ഇരുന്ന് ജപിക്കുക. ഗുരുവിൽ നിന്നും മന്ത്രോപദേശം സ്വീകരിച്ച് മാത്രം ജപിക്കുക. വളരെ ശക്തിയേറിയ മന്ത്രമാണ് നവാക്ഷരി.

navarathri 2023
Related Posts