
ജൂലൈ 28ന് വിഷ്ണുഭഗവാനെ ഇങ്ങനെ പൂജിച്ചാല്‍
പാപശാന്തിക്കും വിഷ്ണു പ്രീതിക്കുമായി അനുഷ്ഠിക്കുന്നവ്രതമാണ് ഏകാദശിവ്രതം. വര്‍ഷത്തില്‍ 24 ഏകാദശികളാണ് ഉള്ളത്. ചിലപ്പോള്‍ 26 ഏകാദശികളും വരാറുണ്ട്. ഓരോ ഏകാദശിക്കും വിത്യസ്തഫലങ്ങളാണ്. ജൂലൈ 28ന് ഞായറാഴ്ചയാണ് ഇത്തവണത്തെ ഏകാദശിവ്രതം. ഇത് കമിക ഏകാദശിയെന്ന് അറിയപ്പെടുന്നു. കമിക ഏകാദശി ദിവസം വ്രതമെടുക്കുകയും, പൂജകള്‍ ചെയ്യുകയും ചെയ്താല്‍ സ്വന്തം പാപങ്ങളോടൊപ്പം പിതൃക്കളുടെ പാപങ്ങളും തീരുകയും മോക്ഷം കിട്ടുകയും ചെയ്യുമെന്നാണ് വിശ്വാസം.
അഭിഷേകം ചെയ്ത ഭഗവാന്റെ വിഗ്രഹത്തില്‍ ചന്ദനവും, ദീപവും, നൈവേദ്യവും, തുളസിയിലയുമായി പൂജ ചെയ്യുന്നത് ഉത്തമമാണ്. തുളസിയില കൊണ്ട് പൂജ ചെയ്താല്‍ ജന്മ, ജന്മാന്തരമായുള്ള എല്ലാ പാപങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം. ഈ ദിവസം നെയ് വിളക്ക് കത്തിക്കുന്നത് ഐശ്വര്യദായകമാണ്.
ഏകാദശി ദിവസം പകലുറക്കം പാടില്ലെന്നാണ്. അന്നേദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം.
ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്ഥിച്ചതിനു ശേഷമാണ് ആഹാരം കഴിക്കേണ്ടത്. രാവിലെ വ്രതം അവസാനിപ്പിക്കണം. എന്നാല്‍, രാവിലെ വ്രതം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉച്ചയ്ക്കുശേഷമേ വ്രതം അവസാനിപ്പിക്കാവൂ. ഉച്ചസമയത്ത് വ്രതം അവസാനിപ്പിക്കരുത്. ഏകാദശി ദിവസങ്ങളില്‍ വ്രതം എടുക്കുന്നതും വിഷ്ണു പൂജ ചെയ്യുന്നതും നമ്മുക്കും കുടുംബത്തിനും ഐശ്വര്യദായകമാണ്.
ഈ ഏകാദശിയില്‍ ഭജിക്കേണ്ടത് വിഷ്ണുവിന്റെ അവതാരമായ ശ്രീരാമസ്വാമിയെയാണ്. ജപിക്കേണ്ട മൂല മന്ത്രം. ”ഓം ശ്രീരാമായ നമഃ”