
ഇടവെട്ടി ഔഷധസേവ 2025 ലോഗോ പ്രകാശനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു; ഈ വര്‍ഷത്തെ ഔഷധസേവ ഓഗസ്റ്റ് 1-ന്
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിശ്വാസികളുടെ രോഗശാന്തിയുടെയും അഭയത്തിന്റെയും കേന്ദ്രമായ തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 2025-ലെ ഔഷധസേവയുടെ ലോഗോ പ്രകാശനകര്‍മ്മം കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു. ചടങ്ങില്‍ ക്ഷേത്രഭരണസമിതി സെക്രട്ടറി സിജു ബി. പിള്ള, ജനറല്‍ കണ്‍വീനര്‍ സുധീര്‍ കുമാര്‍ പുളിക്കല്‍, മാനേജര്‍ സതീഷ് കെ. ആര്‍, ഖജാന്‍ജി രവീന്ദ്രന്‍ മൂത്തേടത്ത്, ഭരണസമിതി അംഗങ്ങളായ സുധീഷ് മോഹന്‍, ഹരികൃഷ്ണന്‍ മഠത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഈ വര്‍ഷത്തെ ഔഷധസേവ ഓഗസ്റ്റ് 1-ന് നടക്കും.
വിശ്വാസികളുടെ അഭയകേന്ദ്രം
ഏതുതരം പകര്‍ച്ചവ്യാധികള്‍ വന്നാലും ഇടവെട്ടി ഔഷധസേവയില്‍ പങ്കെടുത്തവര്‍ക്ക് ഭയമില്ല എന്നാണ് പറയാറ്. ഇടവെട്ടി ശ്രീകൃഷ്ണഭഗവാന്‍ തങ്ങള്‍ക്ക് ഒരുക്കുന്ന സുരക്ഷാകവചത്തില്‍ അവര്‍ വിശ്വസിക്കുന്നു. വാമൊഴികളിലൂടെ പടര്‍ന്ന ഈ അത്ഭുതകരമായ ഔഷധസേവയുടെ മാഹാത്മ്യം ഇന്ന് ലോകമെങ്ങും വ്യാപിച്ചിരിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും, ഇന്ത്യയിലെ പതിനഞ്ചോളം സംസ്ഥാനങ്ങളിലും, പത്തോളം വിദേശ രാജ്യങ്ങളിലും ഇടവെട്ടി ഔഷധസേവയുടെ സന്ദേശവാഹകരുണ്ട്. ഭഗവാനില്‍ അര്‍പ്പിച്ച വിശ്വാസവും അതിലൂടെ ലഭിച്ച അനുഭവങ്ങളുമാണ് അവരെ ഈ മഹത്തായ ദൗത്യത്തിന് പ്രേരിപ്പിക്കുന്നത്.
പാണ്ഡവ പാരമ്പര്യമുള്ള ക്ഷേത്രം
അയ്യായിരം വര്‍ഷങ്ങള്‍ക്കപ്പുറം, ദ്വാപരയുഗത്തില്‍ പാണ്ഡവരുടെ വനവാസകാലത്ത് ഈ പ്രദേശത്ത് സ്ഥാപിച്ച അഞ്ച് വിഷ്ണുക്ഷേത്രങ്ങളില്‍ ഒന്നാണ് ഇടവെട്ടി. ആയുര്‍വേദാചാര്യന്മാരും ദേവവൈദ്യന്മാരുമായിരുന്ന അശ്വിനീദേവന്മാരുടെ പുത്രനായ നകുലനാണ് ഈ ക്ഷേത്രപ്രതിഷ്ഠ നടത്തിയത്. സര്‍വ്വരോഗശമനം എന്നതായിരുന്നു പ്രതിഷ്ഠാ സങ്കല്‍പ്പം. പടിഞ്ഞാറോട്ട് ദര്‍ശനമുള്ള ഈ ക്ഷേത്രം, തൊടുപുഴ, കോലാനി, മുട്ടം, പെരുമ്പിള്ളിച്ചിറ എന്നിവയുള്‍പ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്രങ്ങളില്‍ പ്രധാനമാണ്.
ഔഷധസേവ എന്ന പുണ്യം
തൃശൂര്‍ ബ്രഹ്‌മസ്വം മഠത്തിലെ വേദപണ്ഡിതന്മാര്‍ ഔഷധസൂക്തം ജപിച്ച് ചൈതന്യവത്താക്കിയ ഔഷധമാണ് വെണ്ണയില്‍ ചാലിച്ച് അരയാലിലയില്‍ ഭക്തര്‍ക്ക് നല്‍കുന്നത്. ആചാര്യന്മാര്‍ ചൊല്ലിത്തരുന്ന മന്ത്രം ജപിച്ചാണ് ഔഷധം സേവിക്കേണ്ടത്. തുടര്‍ന്ന് ഔഷധക്കഞ്ഞിയും നല്‍കുന്നു. ഔഷധസേവയ്ക്ക് മുന്‍പും ശേഷവുമുള്ള 15 ദിവസം മത്സ്യമാംസാദികള്‍ വര്‍ജ്ജിക്കുന്നത് ഉത്തമമാണ്.
കിടങ്ങൂര്‍ ദേവസ്വത്തിന്റെ ഊരാഴ്മയിലുള്ള ഈ ക്ഷേത്രത്തിന്റെ തന്ത്രിസ്ഥാനം തരണനല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി സ്ഥാനം പ്രമുഖ ജ്യോതിഷ പണ്ഡിതനായ പെരിയമന ഹരിനാരായണന്‍ നമ്പൂതിരിയുമാണ് വഹിക്കുന്നത്.
ദൂരദേശങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്ഷേത്രഭരണസമിതി ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും വഴിപാടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക: 9495960102, 8075058971.