
ഏറ്റവും വലിയ സുബ്രഹ്മണ്യവിഗ്രഹം, ശിവനെയും വിഷ്ണുവിനെയും ഒരുപോലെ ആരാധിക്കുന്ന പ്രതിഷ്ഠ, ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
സുബ്രഹ്മണ്യഭക്തിക്ക് സാഫല്യമേകുന്ന മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ ഒരു ക്ഷേത്രസന്നിധിയാണ് ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. കേരളത്തിന്റെ പഴനി എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. പരശുരാമൻ പൂജിച്ചിരുന്ന വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത് എന്നാണ് വിശ്വാസം. വിഗ്രഹം ക്ഷേത്രത്തിൽ എത്തിയതിനു പിന്നിൽ പല കഥകൾ നിലനിൽക്കുന്നുണ്ടെങ്കിലും വൃശ്ചികമാസത്തിലെ തൃക്കാർത്തികയിൽ ക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ചുവെന്നും ആ ദിവസം പരശുരാമൻ ദിവ്യപുരുഷനായി വന്ന് പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കിയെന്നും പറയപ്പെടുന്നു.
പരശുരാമന്റെ കാൽപ്പതിഞ്ഞ ഇടമെന്ന നിലയിലാണ് ഇവിടം ഹരിപ്പാട് എന്നായത്. ഹരിപ്പാദപുരം എന്നറിയപ്പെട്ടിരുന്നത് പിന്നീട് ഹരിപ്പാട് ആയി മാറുകയായിരുന്നു. കേരളത്തിലെ ഏറ്റവം വലിയ സുബ്രഹ്മണ്യ പ്രതിഷ്ഠയുള്ള ക്ഷേത്രം, കേരളത്തിന്റെ പഴനി, കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊടിമരം, ശിവനെയും വിഷ്ണുവിനെയും ഒരുപോലെ ആരാധിക്കുന്ന പ്രതിഷ്ഠ, മൂന്ന് ഉത്സവങ്ങൾ എന്നിവയെല്ലാം ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
ക്ഷേത്ര ആചാരങ്ങൾ
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം. സാധാരണ ദിവസങ്ങളിൽ പുലർച്ചെ നാലുമണിയ്ക്ക് നടതുറക്കുന്നു. നിര്‍മ്മാല്യം, അഭിഷേകം, മലർ നിവേദ്യം, ഉഷഃപൂജ, സൂര്യോദയസമയത്ത് എതിരേറ്റുപൂജ, ആറര മണിക്ക് എതിരേറ്റുശീവേലി,അഭിഷേകം, നവകാഭിഷേകം, പന്തീരടിപൂജ, പഞ്ചഗവ്യാഭിഷേകം, ഉച്ചപൂജ കഴിഞ്ഞ് പതിനൊന്നരയോടെ ഉച്ചശീവേലി, തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് നടയടയ്ക്കും. വൈകീട്ട് നാലുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന, തുടർന്ന് രാത്രി ഏഴരയോടെ അത്താഴപൂജ, എട്ടരയ്ക്ക് അത്താഴശീവേലി. അത്താഴശീവേലി കഴിഞ്ഞ് രാത്രി ഒമ്പതുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.
വിശേഷദിവസങ്ങളിലും ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള അവസരങ്ങളിലും പൂജാസമയങ്ങൾക്ക് മാറ്റം വരും. തൈപ്പൂയത്തിന് രാത്രി നടയടയ്ക്കാറില്ല. പകരം 24 മണിക്കൂറും അഭിഷേകവും കാവടിയാട്ടവും നടത്തപ്പെടുന്നു. തൃക്കാർത്തികയ്ക്ക് പതിനെട്ട് പൂജകളും മയിൽപ്പുറത്ത് എഴുന്നള്ളിപ്പുമുണ്ടാകും. ഗ്രഹണത്തിന് ഒരു മണിക്കൂർ മുമ്പേ അടയ്ക്കുന്ന നട, പിന്നീട് ശുദ്ധിക്രിയ കഴിഞ്ഞേ തുറക്കൂ.
ക്ഷേത്രനിർമ്മിതി
വാസ്തുവിദ്യയുടേയും ശില്‍പ്പകലാ വൈഭവത്തിന്റേയും ഉദാത്തവും ഉത്തമവുമായ മാതൃകകളായി കാണിക്കാവുന്ന പണിത്തരങ്ങളാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലേത്. കേരളീയ ക്ഷേത്രസങ്കേതകലാ പാരമ്പര്യത്തിന്റെ അടിത്തറയില്‍നിന്നുകൊണ്ടാണീ സന്നിധി നിര്‍മ്മിച്ചിരിക്കുന്നത്. എടുപ്പുകളുടെയും കെട്ടുകളുടെയും ഘടനയും ശില്‍പ്പങ്ങളിലെ പ്രത്യേകതകളുമാണ് ഹരിപ്പാട് ക്ഷേത്രത്തെ ശ്രദ്ധേയമാക്കുന്നത്.
അഗ്‌നിബാധ
വളരെ പ്രാചീനവും ഐതിഹ്യപ്രധാനവുമാണീ സുബ്രഹ്മണ്യക്ഷേത്രമെങ്കിലും, പില്‍ക്കാലത്തുണ്ടായ അഗ്‌നിബാധയെത്തുടര്‍ന്ന് പുനര്‍നിര്‍മ്മിച്ചതാണിവിടമെന്ന് പ്രത്യേകം പറയേണ്ടതാണ്. കൊല്ലവര്‍ഷം 1096 ലാണ് തീപിടിത്തം നടന്നത്. ഉപദേവാലയങ്ങള്‍, കൂപലം, ആനക്കൊട്ടില്‍ എന്നിവ അഗ്‌നിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് മൂലംതിരുനാള്‍ അഗ്‌നിബാധയില്‍പ്പെട്ട ക്ഷേത്രം യഥാവിധി പുനര്‍നിര്‍മ്മിക്കാന്‍ ഉത്തരവിട്ടു. പ്രസിദ്ധനായ ശില്‍പ്പി ഇടവങ്കാടിന്റെ നേതൃത്വത്തില്‍ ക്ഷേത്രപുനര്‍നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. ശ്രീകോവില്‍, മണ്ഡപം, നാലമ്പലം എന്നിവ തന്ത്രവിധി പ്രകാരവും കേരളീയ ശില്‍പ സംവിധാന ശൈലിയിലുമായി പുനരാവിഷ്‌ക്കരിക്കാന്‍ അഞ്ചു വര്‍ഷം വേണ്ടിവന്നു. ഒരു മഹാക്ഷേത്രത്തിന്റെ ഘടനാ ശൈലിയാണ് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിന്. പഞ്ചപാകാരം എന്ന തത്ത്വം തന്നെയാണ് ഇവിടെയും അവലംബിച്ചിരിക്കുന്നത്. പുറംമതില്‍, ബലിക്കല്‍പുര, വിളക്കുമാടം, നാലമ്പലം അകത്തെ ബലിവട്ടം തുടങ്ങിയവ ശാസ്ത്രവിധിപ്രകാരം നിര്‍മ്മിച്ചിട്ടുണ്ട്. വാസ്തുവിദ്യ, ശില്‍പ്പകല എന്നവയുടെ പ്രത്യേകതകളാണ് ഇവിടുത്തെ പ്രധാന സവിശേഷത. മണി, വിളക്കുമാടങ്ങള്‍, വാഹന രൂപങ്ങള്‍ തുടങ്ങിയ വസ്തുക്കളുടെ നിര്‍മ്മാണകൗശലവും അലങ്കാരപ്പണികളുമൊക്കെ ആരേയും വിസ്മയിപ്പിക്കുന്നവയുമാണ്. പുരാണസംബന്ധികളായ വിഷയങ്ങളെ ആധാരമാക്കി കല്ലിലും മരത്തിലും ചെയ്തിരിക്കുന്ന കരവേലകള്‍, ശില്‍പ്പകലയുടെ മികച്ച ദൃഷ്ടാന്തങ്ങളാകുന്നു. കൊത്തുപണികളുടെ ക്രാഫ്റ്റ്മാന്‍ഷിപ്പും എടുത്തു പറയേണ്ട ഒന്നാണ്.
മൂന്ന് ക്ഷേത്രക്കെട്ടുകള്‍
ക്ഷേത്രക്കെട്ടുകളെ മൂന്നായിട്ടാണ് തിരിച്ചിരിക്കുന്നത്. വലിപ്പമേറിയ പ്രധാന ബലിക്കല്ലുള്ള ബലിക്കല്‍പ്പുരയാണ് ഇതില്‍ ആദ്യത്തേത്. ആറ് കരിങ്കല്‍ തൂണുകള്‍ ഇവിടെയുണ്ട്. പൂക്കള്‍, ഇലകള്‍ മറ്റ് ആലങ്കാരികരൂപങ്ങള്‍ എന്നിവ തൂണുകളില്‍ കൊത്തിവെച്ചിട്ടുണ്ട്. വളരെ വിഭിന്നമായ ഒരു ശൈലിയിലുള്ള രൂപഘടനയാണീ തൂണുകള്‍ക്കുള്ളത്. തൂണുകള്‍ക്ക് മുകളിലുള്ള രൂപമാണ് ശ്രദ്ധേയം. ആനയുടെ മസ്തകത്തില്‍ ചവിട്ടി നിന്ന് ഉയര്‍ത്തിയ തുമ്പിക്കയ്യില്‍ പിടിക്കുന്ന വ്യാളിയെയാണ് എല്ലാ തൂണുകളുടേയും മുകളറ്റത്ത് കൊത്തിവെച്ചിരിക്കുന്നത്.
ചുറ്റമ്പലമാണ് രണ്ടാമത്തെഭാഗം. ഇവിടെയും കൊത്തുപണികളില്‍ അലംകൃതമായ തൂണുകളുണ്ട്. നമസ്‌കാരമണ്ഡപം ഉള്‍പ്പെടെയുള്ള ശ്രീകോവിലിനെയാണ് മൂന്നാമത്തെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്താണ് മുഖ്യപ്രവേശനകവാടം. കിഴക്ക്, തെക്ക്, പടിഞ്ഞാറുദിക്കുകളില്‍ ഗോപുരങ്ങളോടുകൂടിയ കവാടങ്ങളുണ്ട്. അതുപോലെ ചെറുതും വലുതുമായ മൂന്ന് ആനക്കൊട്ടിലുകളും ഇവിടെയുണ്ട്. ഓട്, ശില, മരം എന്നിവയില്‍ കൊത്തിയ ശില്‍പ്പവേലകളും അലങ്കാര രീതികളും സമൃദ്ധമാണിവിടെ. ഓടുകൊണ്ട് നിര്‍മ്മിച്ച മൂന്ന് ദീപ സ്തംഭങ്ങളുടെയും കലാവേലകള്‍ മികച്ചതാണ്. ദീപസ്തംഭങ്ങള്‍ക്ക് താഴെയായി ഒരു ആമയെ ഉറപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്. ഈ ആമയില്‍ ഒരു സന്ദേശവും അടക്കം ചെയ്തിരിക്കുന്നു. അവയവങ്ങള്‍ ഉള്ളിലേയ്ക്ക് വലിച്ച്, ഒരാമ ആത്മരക്ഷ നടത്തുന്നതുപോലെ, മനുഷ്യനും ഇന്ദ്രിയങ്ങളെ അടക്കിനിര്‍ത്തണമെന്നാണിതിന്റെ പൊരുള്‍. എല്ലാ സ്തംഭങ്ങള്‍ക്ക് മുകളിലും ഭഗവാന്റെ വാഹനമായ മയിലുമുണ്ട്.
പ്രത്യേകതരം ഓടില്‍ നിര്‍മ്മിച്ച മണി
ഹരിപ്പാട് ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത പഴക്കം ചെന്ന ഒരു മണിയാണ്. ഓടില്‍ നിര്‍മ്മിച്ച ഇത് എപ്പോഴും മുഴക്കാറില്ല. രാജകീയമായ ഒരു പദവിയാണീ മണിക്ക്. വിശേഷസന്ദര്‍ഭങ്ങളിലോ, പ്രത്യേക സമയങ്ങളിലോ, ദിവസങ്ങളിലോ മാത്രമേ ഈ മണി മുഴക്കാറുള്ളൂ. ദീപാരാധനയ്ക്കും ഉത്സവക്കൊടിയേറ്റിനും ഇത് മുഴക്കുകയെന്നത് അനുഷ്ഠാനപരമാണ്. ചെമ്പുമേഞ്ഞ വട്ടശ്രീകോവിലാണ് ഇവിടെയുള്ളത്. മിനുസമേറിയ കരിങ്കല്ലുകള്‍ കൊണ്ടാണ് വൃത്താകൃതിയിലുള്ള ശ്രീകോവിലിന്റെ ചുറ്റുമതില്‍ തീര്‍ത്തിരിക്കുന്നത്. കൂടാകൃതിയിലുള്ള മേല്‍ക്കൂരയില്‍ ചെമ്പുതകിട് മേഞ്ഞിട്ടുണ്ട്. ലക്ഷണമൊത്ത രണ്ട് ദ്വാരപാലകര്‍ ശ്രീകോവിലിനുമുന്നിലുണ്ട്. ശ്രീകോവിലിന് തൊട്ടുമുന്നിലെ നമസ്‌ക്കാരമണ്ഡപത്തില്‍ നിറയെ ചിത്രപ്പണികളാണ്.
സവിശേഷ വിഗ്രഹം
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹത്തിനും ശ്രേഷ്ഠമായ ചില അപൂര്‍വ്വതകളുണ്ട്. തന്ത്രസമുച്ചയത്തില്‍ പറയുന്ന പ്രകാരത്തിലാണ് പ്രതിഷ്ഠയ്ക്ക് രൂപകല്‍പ്പന നിര്‍വ്വഹിച്ചിരിക്കുന്നത്. തിളങ്ങുന്ന കിരീടവും കാതിലോലയും കൊണ്ട് അലങ്കരിക്കപ്പെട്ടവനും കഴുത്തില്‍ ചെമ്പകമാലയണിഞ്ഞവനും കൈകളില്‍ വേലും വ്രജായുധം ധരിച്ചവനും അല്ലെങ്കില്‍ ഇടതുകൈ അരയില്‍ ചേര്‍ത്തും, വലതുകയ്യില്‍ വരദമുദ്ര ധരിച്ചവനും ചുവന്നനിറത്തോടുകൂടിയവനും മഞ്ഞപ്പട്ട് ഉടുത്തവനുമായ ശ്രീ സുബ്രഹ്മണ്യന്‍ എന്നുമാണ് വര്‍ണ്ണന. ചതുര്‍ബാഹുവായ ശിലാവിഗ്രഹത്തിന് അഭൗമമായ തേജസ്സാണുള്ളത്. ആനക്കൊട്ടിലിലെ മച്ചിലും മുകള്‍പ്പരപ്പിലും കൊത്തിവെച്ചിട്ടുള്ള ദാരുശില്‍പ്പങ്ങളില്‍ ദേവീ ദേവന്മാരുടെ ഒരു നിരതന്നെയുണ്ട്. സുബ്രഹ്മണ്യസ്വാമിയുടെ വിവിധ സങ്കല്‍പ്പങ്ങളെ അടിസ്ഥാനമാക്കിയുള്ള പല രൂപങ്ങളെയും ഇവിടെ കാണാവുന്നതുമാണ്. ലക്ഷണമൊത്ത രൂപഘടനകളും ധ്യാനശ്ലോകങ്ങളിലെ രൂപവര്‍ണ്ണനകളും ഈ ദാരു ശില്‍പ്പങ്ങളെ പ്രോജ്ജ്വലവും മനോഹരങ്ങളുമാക്കുന്നു. ആറുമുഖസ്വാമിയെന്ന ഒരു പേരും സുബ്രഹ്മണ്യനുണ്ട്. ‘ആറുമുഖമുള്ളവന്‍’ എന്ന അര്‍ത്ഥത്തിലാണിങ്ങനെ വിശേഷിപ്പിക്കുന്നത്. എന്നാലിവിടെ അഞ്ചുമുഖങ്ങളും പത്തുകരങ്ങളുമുള്ള ഒരു സുബ്രഹ്മണ്യനെ മരത്തില്‍ കൊത്തിവെച്ചിട്ടുണ്ട്.
മയിലിന്റെ പുറത്താണ് ഈ പഞ്ചമുഖന്‍ സഞ്ചരിക്കുന്നത്. നാലുചുറ്റുമായി വ്യാളീമുഖങ്ങളേയും ആലേഖനം ചെയ്തിരിക്കുന്നു. അതുപോലെതന്നെ ശിവന്‍, ഇന്ദ്രന്‍, ബ്രഹ്മദേവന്‍ തുടങ്ങിയ ദേവന്മാരുടെ ഒരു നിരതന്നെ ഇവിടെയുണ്ട്. ക്ഷേത്രത്തിന്റെ മൂന്ന് ഉപവാതിലുകളുടേയും കട്ടിളകള്‍ക്ക് മുകളില്‍ പുരാണത്തിലെ പ്രത്യേകിച്ചും സുബ്രഹ്മണ്യസ്വാമിയുടെ ലീലകള്‍ ചിത്രീകരിച്ച ദാരുശില്‍പ്പങ്ങളുടെ ഫ്രെയിമുകള്‍ കാണാം. വടക്കുവശത്ത് വള്ളിയുടേയും സുബ്രഹ്മണ്യന്റേയും വിവാഹമാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ബാലഗണപതിയും സുബ്രഹ്മണ്യനുമായിട്ടുള്ള കലഹമാണ് തെക്കേവാതലിനുമുകളിലെ പ്രതിപാദ്യവിഷയം. ഗോപാലകന്മാരോടൊപ്പമുള്ള കൃഷ്ണന്റേയും ദാരു ശില്‍പ്പങ്ങള്‍ ഇവിടെയുണ്ട്. കംസവധം, കാളിയമര്‍ദ്ദനം, പൂതനാമോക്ഷം എന്നിവയും മച്ചില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവിടെ സുബ്രഹ്മണ്യവാഹനമായ മയിലുകളുടെ വലുതും ചെറുതുമായ നിരവധി രൂപങ്ങളുണ്ട്. ഇതില്‍ പ്രധാനമായ മയിലിനെ വാഹനമായി എഴുന്നള്ളിക്കാറുണ്ട്. കാര്‍ത്തികദിവസം രത്‌നങ്ങള്‍ പതിച്ച വെള്ളിമയില്‍വാഹനത്തിലാണ് ഭഗവാന്റെ പ്രദക്ഷിണം. വലിയ വിളക്കുമാടങ്ങള്‍ക്ക് താഴെയായി കൊത്തിവെച്ചിരിക്കുന്ന ഫണമുയര്‍ത്തിയ സര്‍പ്പരൂപങ്ങളെ നശ്വരതയുടെ പ്രതീകങ്ങളായി കാണുന്നു.
കൂത്തമ്പലം
ഹരിപ്പാട് കൂത്തമ്പലമാണ് കേരളീയക്ഷേത്രവാസ്തുവിദ്യയ്ക്ക് ഇവിടം നല്‍കിയ മറ്റൊരു പ്രബലസംഭാവന. ലോകനാടകവേദിക്കുതന്നെ കൂടിയാട്ടം എന്ന കല നല്‍കിയ ഉപഹാരമാണ് കൂത്തമ്പലം. ഒമ്പതാംനൂറ്റാണ്ടില്‍ മഹോദയപുരം വാണിരുന്ന കുലശേഖര വര്‍മ്മന്റെ കാലം മുതല്‍ക്കേ കൂത്തമ്പലങ്ങള്‍ ഉണ്ടായിരുന്നു. സര്‍വ്വലക്ഷണയുക്തമായ ഒരു കൂത്തമ്പലമാണ് ഹരിപ്പാടുള്ളത്. പതിനെട്ടാം നൂറ്റാണ്ടിലാണ് ഇതിന്റെ നിര്‍മ്മാണം. പ്രത്യേക നിഷ്ഠകളോടെ കലാപരിപാടികള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് കൂത്തമ്പലങ്ങള്‍ നിര്‍മ്മിച്ചത്. ശില്‍പ്പകലാവേലകളില്‍ പ്രഥമസ്ഥാനം ഹരിപ്പാട് കൂത്തമ്പലത്തിനാണ്. ദീര്‍ഘചതുരാകൃതിയിലാണ് കൂത്തമ്പലത്തിന്റെ ഘടന. ഹരിപ്പാട് കൂത്തമ്പലത്തില്‍ ധാരാളം കൊത്തുപണികളും ശിലാഫലകങ്ങളും ദാരുശില്‍പ്പങ്ങളുമുണ്ട്. തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനോട് ഘടനാപരമായ സാദൃശ്യം ഈ കൂത്തമ്പലത്തിനുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. കൂത്തമ്പലത്തിന്റെ പകുതി മാത്രമേ പ്രേക്ഷകര്‍ക്കായി നല്‍കിയിട്ടുള്ളൂ. പകുതിയില്‍ തന്നെ രംഗപീഠമാണ്. കൃഷ്ണശിലയിലുള്ള തൂണുകളാണ് കൂത്തമ്പലത്തിന്. അഷ്ടദിക്പാലകരൂപങ്ങളാണ് മച്ചിനെ അലങ്കരിക്കുന്നത്. പ്രധാനമണ്ഡപത്തിന്റെ തെക്കുവശത്തെ തൂണില്‍ ഒരു യക്ഷിരൂപത്തെ കൊത്തിവെച്ചിട്ടുണ്ട്. കൂത്തമ്പലത്തിന്റെ മച്ച് നിറയെ കൊത്തുപണികളാണുള്ളത്.
ഉപദേവതമാര്‍
അമ്പലത്തിനകത്തുള്ള ചെറുതും വലുതുമായ ക്ഷേത്രസമുച്ചയങ്ങള്‍ക്ക് മാതൃകയായിരിക്കുന്നത് കേരളീയവാസ്തുവിദ്യ തന്നെയാണ്. എടുപ്പുകളുടെയും വാതിലുകളുടെയും മുഖപ്പുകളുടെയുമെല്ലാം രൂപസംവിധാനം കണക്കിനേയും ശാസ്ത്രത്തേയും അടിസ്ഥാനമാക്കിയുള്ളവയുമാണ്. ചുമരുകളിലെ തൂണുകളിലും ദേവരൂപങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. ഇതില്‍ പ്രവേശന മാര്‍ഗ്ഗത്തിന്റെ വലതുഭാഗത്തുള്ള ഗണപതിയുടെ രൂപം, പ്രതിഷ്ഠാ സങ്കല്‍പ്പത്തില്‍ പൂജിച്ചു വരുന്നു. ചുരുക്കത്തില്‍ ക്ഷേത്രസംവിധാനത്തിലും കൂത്തമ്പലത്തിന്റെ ആകൃതിയിലും ചില പ്രത്യേക സമ്പ്രദായങ്ങളും സ്വീകരിക്കപ്പെട്ടിട്ടുള്ളതായി പണ്ഡിതര്‍ പറയുന്നു. ബൗദ്ധ, പല്ലവ, നായ്ക്ക് ശില്‍പ്പകലാരീതികളും, വാസ്തുസംവിധാനങ്ങളും അങ്ങിങ്ങ് കാണാവുന്നതാണെന്നാണ് അവരുടെ പക്ഷം. ഹരിപ്പാട് ക്ഷേത്രത്തിന്റെ പഴയകാലത്തെ സംബന്ധിക്കുന്ന രേഖകളെല്ലാംതന്നെ അഗ്‌നിബാധയില്‍പ്പെട്ടുപോയത്രേ!. ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള ഒരു ക്ഷേത്രം കൂടിയാണിതെന്ന്, രാജകൊട്ടാരരേഖകള്‍ സാക്ഷ്യം നില്‍ക്കുന്നു. പഴയ പല സാഹിത്യകൃതികളിലും ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. സ്വാതിതിരുനാള്‍, കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ എന്നിവരുടെ കൃതികളില്‍ ഹരിപ്പാട് ദേവനെ സ്തുതിച്ചിട്ടുണ്ട്.