
ഹനുമദ് ജയന്തിയിൽ കേരളത്തിലെ ഹനുമാൻ ക്ഷേത്രങ്ങളിൽ ദർശനം നടത്താം
-
ആലത്തിയൂർ ഹനുമാൻ കോവിൽ
ആലത്തിയൂർ ഹനുമാനെ
പേടി സ്വപനം കാട്ടരുതേ
പേടിസ്വപ്നം കാട്ടിയാലോ
വാലുകൊണ്ടു തച്ചുണർത്തേണമേ
ദുഃസ്വപ്നം കാണാതിരിക്കാൻ ഉറങ്ങുന്നതിന് മുൻപ് കുട്ടികൾ ചൊല്ലുന്ന ഈ മന്ത്രത്തിൽ തന്നെയുണ്ട് ഹനുമാൻ സ്വാമിയുടെ ശക്തി. ധൈര്യത്തിന്റെയും വീര്യത്തിന്റെയും പ്രതീകമായ ഹനുമാൻ ഏറ്ററ്വും ശക്തിയോടെ വാഴുന്ന ഇടമാണ് മലപ്പുറം ജില്ലയിലെ ആലത്തിയൂർ ഹനുമാൻ കോവിൽ. കുട്ടികളുടെ രക്ഷകനായാണ് ഇവിടെ ഹനുമാൻ സ്വാമി കുടികൊള്ളുന്നത്.3000 വർഷങ്ങൾക്കു മുൻപ് വസിഷ്ഠ മഹർഷി സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം ഇന്ന് കോഴിക്കോട് സാമൂതിരിയുടെ കീഴിലാണ്. ശ്രീരാമനാണ് പ്രധാന പ്രതിഷ്ഠ്. ശ്രീരാമനും ലക്ഷ്മണനും ഹനുമാനും പ്രത്യേകം ശ്രീകോവിലുകൾ ആണ് ഉള്ളത്.
ശ്രീരാമ ദേവൻ സീതാദേവിക്കുള്ള അടയാളവാക്യം പറയുമ്പോൾ അത് കേൾക്കാനായി അല്പം ചരിഞ്ഞു നിൽക്കുന്ന രീതിയിൽ ആണ് ഹനുമാന്റെ പ്രതിഷ്ഠ. നനച്ച അവിൽ ആണ് ഇവിടത്തെ പ്രധാന വഴിപാട്.
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 6 കിലോമീറ്റർ അകലെ പൊയിലിശ്ശേരിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരൂർ കുറ്റിപ്പുറം റൂട്ടിൽ മുസ്ലിയാരങ്ങാടി ബസ്സ്റ്റോപ്പിൽ ഇറങ്ങിയാൽ ക്ഷേത്രത്തിലേക്ക് എത്താം.
2 . നാട്ടിക ഹനുമാൻ സ്വാമി ക്ഷേത്രം
1939 ൽ ചന്ദ്രനാഥ ഗുരു സ്ഥാപിച്ചതാണ് കേരളത്തിലെ അപൂർവമായ ഹനുമാൻ ക്ഷേത്രങ്ങളിൽ ഒന്നായ നാട്ടിക ഹനുമാൻ ക്ഷേത്രം. 5.5 അടിയിൽ തീർത്ത നയനാനന്ദകരമായ വലിയ പഞ്ചലോഹവിഗ്രഹമാണ് ഇവിടത്തെ പ്രത്യേകത. ഇടതു കയ്യിൽ ശ്രീരാമനായി മൃതസഞ്ജീവനിയടങ്ങുന്ന പർവതവും വലതു കയ്യിൽ ഗദയുമായി പറക്കാനൊരുങ്ങുന്ന ഹനുമാന്റെ രൂപമാണിത്. പ്രധാന പ്രതിഷ്ഠയായ ഹനുമാനെ കൂടാതെ മഹാവിഷ്ണുമായയും ദേവി ഭഗവതിയും നിരവധി ഉപദേവതകളും ഇവിടെയുണ്ട്.
ഗണപതിഹോമം, മൃത്യുഞ്ജയഹോമം, വടമാല എന്നിവയാണ് പ്രധാന വഴിപാടുകൾ.
ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിനും കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിനും ഇടയിൽ നാട്ടിക ഹനുമാൻ പുരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ ദൂരെയാണ് തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം.
രാഘവപുരം ഹനുമാൻ ക്ഷേത്രം
2650 വർഷത്തെ പഴക്കമുള്ള രാഘവപുരം ഹനുമാൻ ക്ഷേത്രം കണ്ണൂർ പയ്യന്നൂർ ചെറുത്താഴം വില്ലേജിൽ ഏഴിമലയ്ക്ക് എതിർവശത്തായാണ് സ്ഥിതി ചെയ്യുന്നത്. ശ്രീരാമ പ്രതിഷ്ഠ ഉണ്ടെങ്കിലും ഹനുമാനാണ് പ്രധാനം. വടക്കൻ കേരളത്തിലെ പൗരാണികവും പ്രശസ്തവുമായ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഏഴിമലയ്ക്കും ക്ഷേത്രത്തിനൊപ്പം തന്നെ പ്രാധാന്യമുണ്ട്. ഹനുമാൻ മൃതസഞ്ജീവനിയുമായി വരുമ്പോൾ മലയുടെ ഒരുഭാഗം അടർന്നുവീണാണ് ഏഴിമല രൂപം കൊണ്ടത് എന്നാണ് വിശ്വാസം.
വികാസ്ഭവൻ ഹനുമാൻ ക്ഷേത്രം
തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിൽ തിരുവനന്തപുരം പി എം ജി ജംഗ്ഷനിലുള്ള ഹനുമാൻ ക്ഷേത്രം കേരളത്തിലെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രങ്ങളിൽ ഒന്നാണ്. ശിവൻ, ഗണപതി, യോഗീശ്വരൻ, നാഗദേവത തുടങ്ങിയ ഉപപ്രതിഷ്ഠകളും ഇവിടെയുണ്ട്.
വെറ്റിലമാല, വട, വെണ്ണ എന്നിവയാണ് പ്രധാന വഴിപാടുകൾ. തിരുവനന്തപുരം എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവയ്ക്ക് അടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.