സ്പെഷ്യല്‍
ഹനുമദ് ജയന്തി; ഡിസംബര്‍ 30ന് ചെയ്യേണ്ട കാര്യങ്ങള്‍

ഭഗവാന്‍ രുദ്രന്റെ അവതാരമാണ് ശ്രീരാമ ഭക്തനായ ഹനുമാന്‍. വായു പുത്രനായ ഹനുമാന്‍ സ്വാമി മഹാബലവാനാണ്. ചിരഞ്ജീവിയായ ഹനുമാന്‍സ്വാമിയെ ഭജിക്കുന്നത് ശത്രുദോഷശാന്തിക്കുള്ള ഉത്തമമാര്‍ഗമായിട്ടാണ് ആചാര്യന്‍മാര്‍ പറയുന്നത്.

കേരളത്തിലും തമിഴ്‌നാട്ടിലും ചില ക്ഷേത്രങ്ങളില്‍ ഹനുമാന്‍സ്വാമിയുടെ ജയന്തി ആഘോഷം ഡിസംബര്‍ 30നാണ് ആഘോഷിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിത്യസ്തദിനങ്ങളിലാണ് ഹനുമദ്ജയന്തി ആഘോഷിക്കുന്നത്. ചിലയിടങ്ങളില്‍ ചൈത്രമാസത്തിലെ പൂര്‍ണിമയായ ചിത്രാപൗര്‍ണമിക്കും ഹനുമദ്ജയന്തി ആഘോഷിക്കാറുണ്ട്. കേരളത്തില്‍ ആലത്തിയൂര്‍, കണ്ണൂര്‍ മക്രേരി, കവിയൂര്‍ ശിവക്ഷേത്രം, തിരുവനന്തപുരം പാളയം ഹനുമാന്‍ ക്ഷേത്രം എന്നിവിടങ്ങളിലും തമിഴ്‌നാട്ടില്‍ നാഗനല്ലൂര്‍, നാമക്കല്‍, ശുചീന്ദ്രം, തൃക്കാവിയൂര്‍ തുടങ്ങിയയിടങ്ങളിലും ഡിസംബര്‍ 30 ന് ജയന്തി ആഘോഷം നടക്കും.

ഹനുമദ് ജയന്തി ദിനത്തില്‍ ഹനുമദ് ക്ഷേത്രദര്‍ശനം നടത്തുന്നതും ഹനുമദ് ഭുജംഗപ്രയാതസ്തോത്രം ചൊല്ലുന്നതും ഹനുമാന്‍ ചാലീസ വായിക്കുന്നതും ഉത്തമമാണ്. ഹനുമാന്‍സ്വാമിയുടെ ഭക്തരെ ഗ്രഹദോഷങ്ങളും ആഭിചാരദോഷങ്ങളും ബാധിക്കില്ലെന്നാണ് വിശ്വാസം.

ഹനുമാന്‍ സ്വാമിയെ ഭജിക്കുന്നത് ദുഷ്ട ശക്തികളെ അകറ്റി നിര്‍ത്തുമെന്നാണ് വിശ്വാസം. ആപത്തുകളിലൊന്നും പെടാതെ നമ്മെ സംരക്ഷിക്കാനുള്ള ശക്തി ആഞ്ജനേയനുണ്ട്. ഹനുമാന്‍ സ്വാമിയുടെ നാമമോ ഹനുമാന്‍ ഭജനയോ കേട്ടാല്‍ തന്നെ ശുദ്ര ശക്തികള്‍ അകന്നു പോകും. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകം കൂടിയായ ഹനുമാന്‍ സ്വാമിയെ പ്രാര്‍ഥിച്ചാല്‍ ശനിദോഷങ്ങളെല്ലാം അകന്നു പോകുമെന്നും വിശ്വാസമുണ്ട്. അനിതരസാധാരണമായ ബലമുള്ള ഹനുമാന്‍ സ്വാമിയെ ഭജിക്കുമ്പോള്‍ ബ്രഹ്‌മചര്യം നിര്‍ബന്ധമാണ്.

ഹനുമാന്‍ സ്വാമിയുടെ നാമങ്ങള്‍ നിത്യവും ജപിക്കുന്നവരെ എല്ലായ്‌പ്പോഴും അനിഷ്ട ശക്തികളില്‍ നിന്ന് ഭഗവാന്‍ സംരക്ഷിക്കുന്നു. ഹനുമാന്‍ സ്വാമിയെ ഭജിക്കാന്‍ ഏറ്റവും ഉത്തമമായ പ്രാര്‍ത്ഥനയാണ് ‘ഹനുമാന്‍ ദ്വാദശ നാമ സ്‌തോത്രം’. ഹനുമാന്‍ സ്വാമിയുടെ അതി വിശിഷ്ടങ്ങളായ 12 നാമങ്ങള്‍ അടങ്ങിയതാണ് ഹനുമാന്‍ ദ്വാദശ നാമ സ്‌തോത്രം.

ആത്മാര്‍ത്ഥ ഭക്തിയോടെ ഈ സ്‌തോത്രം കൊണ്ട് പ്രാര്‍ത്ഥിച്ചാല്‍ ഏതു തടസ്സവും അകലുമെന്നും യാത്രകള്‍ക്ക് മുന്‍പായി ഈ സ്‌തോത്രം ജപിച്ചാല്‍ യാത്രകള്‍ അപകട രഹിതവും വിജയപ്രദവും ആയിത്തീരുമെന്നും വിശ്വസിക്കപ്പെടുന്നു.

ഹനുമാന്‍ അഞ്ജനാസൂനുഃ
വായുപുത്രോ മഹാബലഃ |
രാമേഷ്ടഃ ഫൽഗുണസഖഃ
പിംഗാക്ഷോഽമിതവിക്രമഃ ||

ഉദധിക്രമണശ്ചൈവ
സീതാശോകവിനാശകഃ |
ലക്ഷ്മണപ്രാണദാതാ ച
ദശഗ്രീവസ്യ ദർപഹാ ||

ദ്വാദശൈതാനി നാമാനി
കപീന്ദ്രസ്യ മഹാത്മനഃ |
സ്വാപകാലേ പഠേന്നിത്യം
യാത്രാകാലേ വിശേഷതഃ |
തസ്യ മൃത്യുഭയം നാസ്തി
സർവത്ര വിജയീ ഭവേത് ||

 

 

Related Posts