
ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം; വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍
ഗുരുവായൂരെത്തുന്ന ഭക്തര്‍ക്ക് സുഖക്ഷേത്ര ദര്‍ശനം ഒരുക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സംവിധാനം (വെര്‍ച്വല്‍ ക്യൂ) നടപ്പാക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ് പറഞ്ഞു. ദേവസ്വം ആവിഷ്‌കരിച്ച ഫേയ്‌സ് ആപ്പ് സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് വെര്‍ച്വല്‍ ക്യൂ.
ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം കൂടി പാലിച്ചാണ് ഈ വെര്‍ച്വല്‍ ക്യൂ നടപ്പിലാക്കുന്നതെന്നും ചെയര്‍മാന്‍ അറിയിച്ചു. ദേവസ്വം അക്കൗണ്ട്‌സ് വിഭാഗം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചതായും അദ്ദേഹം പറഞ്ഞു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ.മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി.മനോജ്, ശ്രീമതി എം.യു. ഷിനിജ, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി.അരുണ്‍കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

