
ഗുരുവായൂര്‍ ഉല്‍സവത്തിന് ഭക്തിനിര്‍ഭരമായ സമാപനം; ഇന്ന് ആറാട്ട്
പത്തുദിവസം നീണ്ടുനിന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവം ഭഗവാന്റെ ആറാട്ടോടെ ഇന്ന് സമാപിക്കും. ഇന്നലെ പള്ളിവേട്ട കഴിഞ്ഞ് പള്ളിക്കുറുപ്പുകൊണ്ട ഭഗവാനെ ഇന്ന് രാവിലെ പള്ളിയുണര്‍ത്തിയതോടെയാണ് സമാപന ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമായത്. പള്ളിയുണര്‍ന്ന ഭഗവാന്റെ സ്വര്‍ണതിടമ്പ് വെള്ളിപ്പീഠത്തില്‍ വെച്ച് അഭിഷേകം നടത്തി ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു.
വൈകിട്ട് നാലരയ്ക്ക് നട തുറക്കുന്നതോടെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. മൂലവിഗ്രഹത്തിലുള്ള ചൈതന്യം മുഴുവന്‍ പഞ്ചലോഹ വിഗ്രഹത്തിലേക്ക് ആവാഹിച്ചെടുത്ത് പഴുക്കാമണ്ഡപത്തിലും തുടര്‍ന്ന് കൊടിമരത്തറയിലും എഴുന്നള്ളിക്കും. കൊടിമരച്ചുവട്ടിലെ ദീപാരാധനയ്ക്ക് ശേഷമാണ് ഭഗവാന്‍ ആറാട്ടിനും ഗ്രാമപ്രദക്ഷിണത്തിനുമായി പുറത്തേക്ക് എഴുന്നള്ളുന്നത്.
പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നീങ്ങുന്ന എഴുന്നള്ളിപ്പ് രുദ്രതീര്‍ത്ഥക്കുളത്തിന്റെ വടക്കുഭാഗത്തെത്തുമ്പോള്‍ മേളത്തിലേക്ക് വഴിമാറും. തുടര്‍ന്ന് ഭഗവതീക്ഷേത്രം വഴി ആറാട്ട് കടവിലെത്തുന്ന ഭഗവാന്റെ പഞ്ചലോഹത്തിടമ്പില്‍ തന്ത്രിയുടെയും ഓതിക്കന്‍മാരുടെയും നേതൃത്വത്തില്‍ മഞ്ഞള്‍പ്പൊടി അഭിഷേകവും ഇളനീര്‍ അഭിഷേകവും നടത്തും. ശേഷം തന്ത്രിയും മേല്‍ശാന്തിയും ഭഗവാന്റെ തിടമ്പുമായി രുദ്രതീര്‍ത്ഥത്തില്‍ ഇറങ്ങി പുണ്യസ്‌നാനം നടത്തുന്നതോടെ ആറാട്ട് ചടങ്ങുകള്‍ പൂര്‍ത്തിയാകും.
ആറാട്ടിനുശേഷം ഇടത്തരികത്തുകാവില്‍ എഴുന്നള്ളിച്ചിരുത്തി ഉച്ചപൂജ നടത്തും. തുടര്‍ന്ന് ഭഗവാന്റെ തിടമ്പ് ആനപ്പുറത്തെറ്റി പതിനൊന്ന് ഓട്ടപ്രദക്ഷിണങ്ങള്‍ നടത്തും. ക്ഷേത്രമുറ്റത്തെത്തുന്ന ഭഗവാനെ ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് നിറപറ നല്‍കി സ്വീകരിക്കും. തുടര്‍ന്ന് തന്ത്രി സ്വര്‍ണധ്വജത്തിലെ സപ്തവര്‍ണ്ണക്കൊടി ഇറക്കുന്നതോടെ ഉത്സവത്തിന് ഔദ്യോഗികമായി കൊടിയിറങ്ങും. അവസാനം ഭഗവാന്റെ ചൈതന്യം തിരികെ മൂലവിഗ്രഹത്തില്‍ ലയിപ്പിക്കുന്നതോടെ ചടങ്ങുകള്‍ സമാപിക്കും.

