ക്ഷേത്ര വാർത്തകൾ
ഗുരുവായൂര്‍ മേല്‍ശാന്തി നറുക്കെടുപ്പ് നാളെ: കൂടിക്കാഴ്ചയ്ക്ക് 49 പേര്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ (01.04.2026 മുതല്‍ 30.09.2026 കൂടിയ) ആറു മാസത്തേക്കുള്ള മേല്‍ശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് മാര്‍ച്ച് 18 ബുധനാഴ്ച നടക്കും.

56 അപേക്ഷകള്‍ ലഭിച്ചതില്‍ 49 പേര്‍ കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടി. മതിയായ യോഗ്യതയില്ലാത്ത 7 അപേക്ഷകരെ ഒഴിവാക്കി. നാളെ രാവിലെ 10 മുതല്‍
ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങള്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി.അരുണ്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ.പി.സി. ദിനേശന്‍ നമ്പൂതിരിപ്പാട് അപേക്ഷകരു മായി കൂടിക്കാഴ്ച നടത്തി മേല്‍ശാന്തി നിയമനത്തിന് യോഗ്യരായവരെ കണ്ടെത്തും.

തുടര്‍ന്ന് ക്ഷേത്രം നമസ്‌കാര മണ്ഡപത്തില്‍ ക്ഷേത്രം തന്ത്രി, ദേവസ്വം ഭാരവാഹികള്‍, ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ബ്രഹ്‌മശ്രീ. മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരി പുതിയ മേല്‍ശാന്തിയെ നറുക്കെടുക്കും. പുതിയ മേല്‍ശാന്തി 12 ദിവസത്തെ ഭജനത്തിനു ശേഷം 31ന് രാത്രി ചുമതലയേല്‍ക്കും.

Related Posts