
ഗുരുവായൂര്‍ ഉത്സവത്തിന് നാളെ തുടക്കം; 11 ഗജവീരന്മാര്‍ ആനയോട്ടത്തില്‍ മാറ്റുരയ്ക്കും
ഗുരുവായൂര്‍: ഐതിഹ്യപ്പെരുമയുടെ സ്മരണ പുതുക്കി ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാളെ (ഫെബ്രുവരി 28) തുടക്കമാകും. ഉത്സവത്തിന് നാന്ദികുറിച്ചു നടക്കുന്ന പ്രസിദ്ധമായ ആനയോട്ടത്തില്‍ ഇക്കുറി 11 ആനകളാണ് പങ്കെടുക്കുന്നത്. രവികൃഷ്ണന്‍, ദേവദാസ്, കൃഷ്ണനാരായണന്‍, ഗോപികൃഷ്ണന്‍, വിഷ്ണു, ബാലു, സിദ്ധാര്‍ഥന്‍, ഇന്ദ്രസെന്‍, ദാമോദര്‍ദാസ്, ഗജേന്ദ്ര, ചെന്താമരാക്ഷന്‍ എന്നീ ആനകളാണ് പട്ടികയിലുള്ളത്. ഇതില്‍ ആദ്യത്തെ 7 ആനകളില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 3 ആനകളെയാണ് പ്രധാന ഓട്ടത്തില്‍ പങ്കെടുപ്പിക്കുക.
നാളെ പകല്‍ 3 മണിക്ക് മഞ്ജുളാലില്‍ നിന്നാണ് ആനയോട്ടം ആരംഭിക്കുന്നത്. മത്സരത്തില്‍ ആദ്യം ഓടിയെത്തുന്ന ആനയെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കും. ഈ ആന അകത്ത് 7 പ്രദക്ഷിണം പൂര്‍ത്തിയാക്കി കൊടിമരത്തിന് മുന്നില്‍ ഭഗവാനെ വണങ്ങുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും.
ഫെബ്രുവരി 28-ന് രാത്രി പൂയം നക്ഷത്രത്തിലാണ് ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറുന്നത്. രാത്രി 8.30-ന് ശേഷമാണ് കൊടിയേറ്റം നടക്കുക. ഇതിനു മുന്നോടിയായി രാവിലെ വിശിഷ്ടമായ ‘ആനയില്ലാ ശീവേലി’ നടക്കും. 35 ആനകളുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളില്ലാതെ ശീവേലി നടക്കുന്നത് കൊടിയേറ്റ ദിവസം രാവിലെ മാത്രമാണ്. ക്ഷേത്രപരിസരത്തേക്ക് പോലും ഈ സമയം ആനകളെ കൊണ്ടുവരാറില്ല.
പണ്ട് ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്ത് ഉത്സവത്തിന് ആനകളില്ലാതെ ശീവേലി നടത്തിയെന്നും, ഉച്ചകഴിഞ്ഞപ്പോള്‍ തൃക്കണാമതിലകം ക്ഷേത്രത്തില്‍ നിന്ന് കൂട്ടത്തോടെ ആനകള്‍ ഓടിയെത്തിയെന്നുമുള്ള ഐതിഹ്യത്തിന്റെ പിന്‍ബലത്തിലാണ് ഈ ചടങ്ങുകള്‍ നടക്കുന്നത്. കൊടിയേറ്റത്തിന് ശേഷം കൊടിപ്പുറത്ത് വിളക്കും തുടര്‍ന്ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പുലരും വരെ മേജര്‍ സെറ്റ് കഥകളിയും അരങ്ങേറും.

