ക്ഷേത്ര വാർത്തകൾ
ഗുരുവായൂര്‍ ആനയോട്ടം ചടങ്ങ്: കൊമ്പന്‍ രവി കൃഷ്ണന്‍ ഒന്നാമത്

ഗുരുവായൂര്‍ ക്ഷേത്ര ഉല്‍സവത്തിന്റെ പ്രാരംഭമായ ആനയോട്ടം ചടങ്ങില്‍ കൊമ്പന്‍ രവി കൃഷ്ണന്‍ ഒന്നാമതെത്തി.നാലു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് രവി കൃഷ്ണന്റെ ഈ നേട്ടം. ബാലുവിനാണ് രണ്ടാം സ്ഥാനം. കൃഷ്ണ നാരായണന്‍ മൂന്നാമത് ഓടിയെത്തി ചടങ്ങ് പൂര്‍ത്തിയാക്കി.

ഉച്ച തിരിഞ്ഞ് കൃത്യം മൂന്നു മണിക്ക് ക്ഷേത്രത്തില്‍ നാഴിക മണി മൂന്ന് അടിച്ചതോടെ ആനകള്‍ക്ക് അണിയിക്കാനുള്ള കുടമണികള്‍ പാരമ്പര്യ അവകാശികളില്‍ നിന്നും ഏറ്റു വാങ്ങി പാപ്പാന്‍മാര്‍ മഞ്ചുളാല്‍ പരിസരത്ത് തയ്യാറായി നില്‍ക്കുന്ന ആനകളുടെ അടുത്തേക്ക് ഓടിയെത്തി. മണികള്‍ ആനകള്‍ക്ക് അണിയിച്ചതോടെ മാരാര്‍ ശംഖ് ഊതി. അറിയിപ്പ് കിട്ടിയതോടെ കൊമ്പന്‍മാരായ രവി കൃഷ്ണനും ബാലുവും കൃഷ്ണ നാരായണനും ക്ഷേത്രം ലക്ഷ്യമാക്കി ഓടി. കൊമ്പന്‍ രവി കൃഷ്ണന്‍ ഒന്നാമനായി എത്തി ക്ഷേത്രഗോപുരം കടന്നു ഗുരുവായൂരപ്പ സവിധത്തിലെത്തി ഭഗവദ് കടാക്ഷം നേടി. പിന്നാലെ ബാലുവും കൃഷ്ണ നാരായണനുമെത്തി. ഇനിയുള്ള ഉല്‍സവ നാളുകളില്‍ ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണ തിടമ്പേറ്റി ശീവേലി എഴുന്നള്ളിക്കാനുള്ള സൗഭാഗ്യം രവി ക്യഷ്ണനാണ്.

ആനയോട്ട ചടങ്ങ് സുരക്ഷിതമായി നടത്താന്‍ ദേവസ്വം നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറെടുപ്പ് നടത്തിയിരുന്നു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, എന്‍.കെ.അക്ബര്‍ എം എല്‍ എ, നഗരസഭാധ്യക്ഷ സുനിത അരവിന്ദന്‍ , ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥന്‍, മനോജ് ബി നായര്‍, കെ .എസ് ബാലഗോപാല്‍ , അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി.അരുണ്‍കുമാര്‍ എന്നിവര്‍ ആനയോട്ടംചടങ്ങ് ആരംഭിച്ച മഞ്ജുളാല്‍ പരിസരത്ത് സന്നിഹിതരായി.

 

Related Posts