ക്ഷേത്ര വാർത്തകൾ
ഗുരുവായൂര്‍ ഏകാദശി; വരിനില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന, ദര്‍ശനത്തിന് പോകുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

പുണ്യപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി നവംബര്‍ 21 ശനിയാഴ്ച ദേവസ്വം വക ഉദയാസ്തമന പൂജ വഴിപാട് ഉള്‍പ്പെടെ വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. ഗീതാദിനമായ അന്ന് രാവിലെ 7 മണി മുതല്‍ ക്ഷേത്രം ആദ്ധ്യാത്മിക ഹാളില്‍ സമ്പൂര്‍ണ്ണ ശ്രീമദ് ഗീതാപാരായണം നടക്കും.
ഏകാദശി നാളിലെ ക്ഷേത്ര ദര്‍ശനം.

ഏകാദശി നാളില്‍ ഗുരുവായൂരപ്പനെ ഒരുനോക്ക് കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കുക ഭക്തരുടെ ജീവിതാഭിലാഷമാണ്. അഭൂതപൂര്‍വ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ പൊതുവരിയില്‍ (ക്യൂ) നിന്ന് തൊഴാനെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനത്തിന് പ്രഥമ പരിഗണന നല്‍കാനാണ് ദേവസ്വം തീരുമാനം. രാവിലെ 5 മുതല്‍ വൈകിട്ട് 5 മണിവരെ സ്‌പെഷ്യല്‍ ദര്‍ശനം അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, പ്രദക്ഷിണം എന്നിവയും ഉണ്ടാകില്ല. പ്രാദേശികം. സീനിയര്‍ സിറ്റിസണ്‍ എന്നിവരുടെ ദര്‍ശനം പുലര്‍ച്ചെ 3.30 ന് തുടങ്ങി കാലത്ത് 4.30ന് പൂര്‍ത്തിയാക്കും

ദശമി നാള്‍ മുതല്‍ ദ്വാദശി ദിനം രാവിലെ വരെ തുടര്‍ച്ചയായ ദര്‍ശനം

ദശമി ദിവസമായ നവംബര്‍ 20 ന് പുലര്‍ച്ചെ നിര്‍മ്മാല്യത്തോടെ തുടങ്ങുന്ന ദര്‍ശന സൗകര്യം (പൂജാ സമയങ്ങള്‍ ഒഴികെ) ദ്വാദശി ദിവസമായ നവംബര്‍ 22ന് രാവിലെ 8 മണി വരെ തുടരും. ദ്വാദശി ദിവസം രാവിലെ 8 മണിക്ക് ക്ഷേത്രനട അടച്ചതിന് ശേഷം വിവാഹം, ചോറൂണ്‍, തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടാകില്ല. ഏകാദശി, ദ്വാദശി ദിവസങ്ങളില്‍ നിര്‍മ്മാല്യ ദര്‍ശനം ഉണ്ടാവില്ല.

ഏകാദശി പ്രസാദ ഊട്ട്

ഏകാദശി വിഭവങ്ങളോടു കൂടിയ പ്രസാദ ഊട്ട് രാവിലെ 9 മുതല്‍ അന്നലക്ഷമി ഹാള്‍, അതിനോട് ചേര്‍ന്നുള്ള പന്തല്‍, ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ ഭക്തര്‍ക്കായി നല്‍കും. ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) അവസാനിപ്പിക്കും. തുടര്‍ന്ന് ബുഫേ സമ്പ്രദായത്തില്‍ പ്രസാദ ഊട്ട് നല്‍കും. പ്രസാദ ഊട്ടില്‍ ക്യൂ നില്‍ക്കേണ്ട പന്തല്‍ വടക്കേ നടയില്‍ ക്രമീകരിക്കും. വരി നീണ്ടാല്‍ സമീപത്തേക്ക് ക്രമീകരിക്കും. ഏകാദശി, ദ്വാദശി, ത്രയോദശി ദിവസങ്ങളില്‍ പ്രഭാത ഭക്ഷണവും രാത്രി പ്രസാദ ഊട്ടും ഉണ്ടാവില്ല. ഏകാദശി, ദ്വാദശി, ത്രയോദശി ദിവസങ്ങളില്‍ പ്രസാദ ഊട്ടിനായി 42.75 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.

ദ്വാദശി പണം സമര്‍പ്പണം

ദ്വാദശിപണം ഏകാദശി ദിവസം രാത്രി 12 മണി മുതല്‍ ക്ഷേത്ര നട രാവിലെ അടക്കുന്നത് വരെ ഭക്തര്‍ക്ക് ദ്വാദശി പണം സമര്‍പ്പിക്കാം. ദ്വാദശി പണം സമര്‍പ്പിക്കാനെത്തുന്ന ഭക്തര്‍ക്ക് ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ ഇരിക്കാവുന്നതാണ്. ദ്വാദശി ഊട്ട് കാലത്ത് 7 മുതല്‍ തുടങ്ങും. ദ്വാദശി ദിവസം രാവിലെ 8 മണി വരെ മാത്രമെ ദര്‍ശനം സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. അന്നേ ദിവസം 8 മണിക്ക് നട അടക്കേണ്ടതിനാല്‍ വിവാഹങ്ങള്‍ അതിന് മുന്‍പായി നടക്കേണ്ടതുണ്ട്. 70ലേറെ വിവാഹങ്ങള്‍ ശീട്ടാക്കിയിട്ടുണ്ട്. വിവാഹസംഘങ്ങള്‍ ശ്രദ്ധിക്കേണം. പുലര്‍ച്ചെ തന്നെ വിവാഹങ്ങള്‍ക്കായി മണ്ഡപങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പ്രഥമ ശുശ്രൂഷാ കേന്ദ്രം

ഗുരുവായൂര്‍ ഏകാദശി ദിവസം രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ ദേവസ്വം ആയുര്‍വ്വേദം, അലോപ്പതി വിഭാഗങ്ങളുടെ സംയുക ആഭിമുഖ്യത്തില്‍ ക്ഷേത്ര സന്നിധിയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കും. അടിയന്തര ഘട്ടത്തില്‍ ഭക്തര്‍ക്ക് പ്രഥമ ശുശ്രൂഷ ഈ കേന്ദ്രം വഴി ലഭിക്കും. മണ്ഡല തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ക്കായി ക്ഷേത്രം കിഴക്കെനടയില്‍ ഹോമിയോ ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കും.

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ അനുസ്മരണം

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ശ്രീഗുരുവായൂരപ്പ തൃപ്പാദങ്ങളില്‍ വിലയം പ്രാപിച്ചത് 1976 ഡിസംബര്‍ മാസം 2-ാം തിയതിയിലെ ഗുരുവായൂര്‍ ഏകാദശി ദിവസമായിരുന്നു. ഗജരാജന്‍ കേശവനെ അനുസ്മരിച്ച് ദശമി ദിവസം രാവിലെ 7 മണിക്ക് ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനത്താവളത്തിലെ ഗജവീരന്‍മാര്‍ ഭരണസമിതി ഗുരുവായൂര്‍ കേശവന്റ ഛായാചിത്രവും വഹിച്ചുകൊണ്ട് ഘോഷയാത്രയായി ശ്രീ തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തില്‍ നിന്ന് പുറപ്പെട്ട്. ശ്രീവത്സം അതിഥി മന്ദിരത്തിന് മൂന്നിലെത്തി ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റ പ്രതിമയില്‍ സ്മരണാഞ്ജലി അര്‍പ്പിക്കും.

ഗുരുവായൂര്‍ ദേവസ്വം അംഗങ്ങളും ഭക്തജനാവലിയും കേശവന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. ഗജ ഘോഷയാത്രയില്‍ ദേവസ്വം പുന്നത്തൂര്‍ ആനത്താവളത്തിലെ ഇന്ദ്രസെന്‍, ബല്‍റാം, ചെന്താമരാക്ഷന്‍, കൃഷ്ണ, നവനീത് കൃഷ്ണന്‍, രവികൃഷ്ണന്‍, വലിയ വിഷ്ണു, പിതാംബരന്‍, ശ്രീധരന്‍, രശ്മി, ദേവി, ലക്ഷ്മി കൃഷ്ണ എന്നീ ആനകള്‍ പങ്കെടുക്കും. കൊമ്പന്‍ ബല്‍റാം ഗുരുവായൂരപ്പന്റെ ഛായാചിത്രവും, ഇന്ദ്രസെന്‍ കേശവന്റ ഛായാചിത്രവും, ചെന്താമരാക്ഷന്‍ മഹാലക്ഷ്മിയുടെ ഛായാചിത്രവും വഹിക്കും. തുടര്‍ന്ന് ആനയൂട്ട് പുന്നത്തൂര്‍ കോട്ടയില്‍ നടക്കും.

 

Related Posts