ക്ഷേത്ര വാർത്തകൾ
പൊന്നിന്‍ ശോഭയുമായി കതിര്‍ക്കറ്റകളെത്തി; ഗുരുവായൂരില്‍ ഇല്ലം നിറ നാളെ

കാര്‍ഷിക സമൃദ്ധിയുടെ ഐശ്യര്യവുമായിഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ (2025 ആഗസ്റ്റ് 28) ഇല്ലം നിറ. വ്യാഴാഴ്ച പകല്‍ 11മുതല്‍ 1.40 വരെയുള്ള ശുഭമുഹൂര്‍ത്തത്തിലാണ് ചടങ്ങ്. ആദ്യ കൊയ്ത്തിന്റെ നെല്ല് ശ്രീ ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്ന പുണ്യ പ്രസിദ്ധമായ ചടങ്ങിനുള്ള കതിര്‍ കറ്റകള്‍ എത്തി. അഴീക്കല്‍, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങള്‍ ഇന്ന് രാവിലെ കതിര്‍ക്കറ്റകള്‍ ക്ഷേത്രം കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചു. ദേവസ്വം ഭരണസമിതി അംഗം സി .മനോജ് ഏറ്റുവാങ്ങി.

അഴീക്കല്‍ കുടുംബാംഗം വിജയന്‍ നായര്‍, മനയം കുടുംബാംഗം കൃഷ്ണകുമാര്‍ ,ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, അസി.മാനേജര്‍ സുശീല, സി.എസ്.ഒ മോഹന്‍കുമാര്‍, മറ്റ് ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

ഇല്ലം നിറയുടെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ തൃപ്പുത്തരി സെപ്റ്റംബര്‍ 2 ചൊവ്വാഴ്ച പകല്‍ 9.16മുതല്‍ 9.56 വരെയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. തൃപ്പുത്തരി ദിവസം ഭക്തജനങ്ങള്‍ക്കായി 1200 ലിറ്റര്‍ പുത്തരി പായസം തയ്യാറാക്കും. ഒരു ലിറ്ററിന് 240 രൂപയാകും നിരക്ക്. മിനിമം കാല്‍ ലിറ്റര്‍ പായസത്തിന് 60 രൂപയാകും നിരക്ക്. ഒരാള്‍ക്ക് പരമാവധി 2 ടിക്കറ്റ് അനുവദിക്കും. പുത്തരി പായസം തയ്യാറാക്കുന്നതിനുള്ള എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. പുത്തരി പായസം കൂടുതല്‍ സ്വാദിഷ്ടമാക്കുന്നതിന് 2200 എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും.

Related Posts