സ്പെഷ്യല്‍
ഞാനേ കണ്ടുള്ളു, ഞാന്‍ മാത്രേ കണ്ടുള്ളു!; സിനിമാക്കഥയല്ല, ഗുരുവായൂരമ്പലത്തില്‍ ഒരുഭക്തയ്ക്ക് സംഭവിച്ചത്- അനുഭവം

‘ഞാനേ കണ്ടുള്ളു, ഞാൻ മാത്രേ കണ്ടുള്ളു” എന്ന ബാലാമണിയുടെ സിനിമ ഡയലോഗ് ജീവിതത്തിൽ പറയാതെ പറഞ്ഞുപോയ നിമിഷങ്ങൾ
ഗുരുവായൂരപ്പന്റെ ഒരു ഭക്ത എഴുതുന്നു..

വീട്ടുമുറ്റത്തെ തുളസിത്തറയിൽ കൃഷ്ണന്റെ രൂപം നോക്കി ഓര്മവെച്ചതുമുതൽ പല ചോദ്യങ്ങൾ സന്തോഷം വരുമ്പോളും കടുത്ത ദുഃഖം വരുമ്പോഴുമൊക്കെ ചോദിക്കാറുണ്ട്. ജീവിതത്തിലിനി എന്ത് എന്നറിയാതെ സ്തംഭിച്ചു നിൽക്കുന്നൊരു അവസ്ഥയിൽ, അന്നും കൃഷ്ണനെ നോക്കി എന്തൊക്കെയോ സംസാരിച്ചു, ഒപ്പം ”ഇനിയെങ്കിലും എനിക്കെല്ലാത്തിനും നീ ഒരു ഉത്തരം തന്നെ പറ്റു” എന്നൊരു താക്കീതും.

ഇത്രമേലെന്തിനെന്നെ പരീക്ഷിക്കുന്നു എന്ന പരിഭവം കലർന്ന ആ ചോദ്യങ്ങളും മനസ് നിറയെ ദുഖവും നിരാശയുമായി ഉറങ്ങാൻ കിടന്ന രാത്രി. ഉറക്കമില്ലാത്ത ആ രാത്രിയിൽ പെട്ടെന്നൊരു തീരുമാനം ഗുരുവായൂര് പോണം, അദ്ഭുതമെന്തെന്നാൽ അങ്ങിനെ പറഞ്ഞത് ഞാനല്ല എന്റെ ഭർത്താവാണെന്നതാണ്. ഞാനൊന്നും മറുത്തുപറയാതെ സ്തംഭിച്ചു നിന്ന നിമിഷം. ഞാനെന്താണോ മനസ്സിൽ ആഗ്രഹിച്ചത് അത് ഭഗവാനും ആഗ്രഹിച്ചു കാണണം എന്നുറപ്പിച്ചു. ആ രണ്ടുമണി രാത്രി ഞാനും ഭർത്താവും കുളിച്ചു റെഡിയായി ഉറങ്ങിക്കിടന്ന കൊച്ചിനെയും എടുത്തു നേരെ ഗുരുവായൂരിലേക്ക്. എന്താണ് നടക്കുന്നതെന്ന് പോലും വ്യക്തമായി അറിയില്ല. അഞ്ചുമണി കഴിഞ്ഞതോടെ ഗുരുവായൂരെത്തി. കൊച്ചിനെ വിളിച്ചുണർത്തി റെഡിയാക്കിയത് പോലും അവിടെവെച്ചാണ്. അവൻ നാളുകളായി പെറുക്കി കൂടിയ മഞ്ചാടിക്കുരു ഒരു കിഴികെട്ടി ഞാൻ എടുത്തിരുന്നു. അതവന്റെ കയ്യിൽ കൊടുത്തു കണ്ണന് കൊടുക്കണമെന്ന് പറഞ്ഞതും ഉറക്കച്ചടവൊക്കെ വിട്ടു മഞ്ചാടി കൊടുക്കാനുള്ള സന്തോഷത്തിലായി അവനും. വലിയ ക്യൂ ഒന്നുമില്ല.

അന്നെന്തോ വിശേഷപ്പെട്ട ദിവസമായിരുന്നു. ഉത്സവമായതിനാൽ നിറയെ ആനകളും ചെണ്ടകൊട്ടും ഒക്കെ കൊണ്ട് ശബ്ദമുഖരിതമായ ഭക്തിനിർഭരമായ അന്തരീക്ഷം. കയ്യിലെ മഞ്ചാടിക്കിഴി ഓട്ടുരുളിയിൽ സമർപ്പിച്ചു അവനെക്കൊണ്ട് മഞ്ചാടി വാരിച്ചു, അവനാകെ ഹാപ്പിയായി അവിടെയൊക്കെ ഓടിനടന്നു. അടുത്ത ലക്ഷ്യം അകത്തു കയറി ദർശനം നടത്തണം എന്നതാണ്. പക്ഷെ ഒരു ട്വിസ്റ്റുണ്ട്, അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെ അന്നത്തെ ദിവസം അമ്പലത്തിനുള്ളിലേക്കു കയറ്റില്ല. അതുകേട്ടപ്പോളെക്കും മനസാകെ തളർന്നു. കൊച്ചിനെ ഒന്ന് കണ്ണനെ കാണിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെന്താ സംതൃപ്തി.

ഓരോരുത്തരായി തൊഴാം ഒരാൾ കുട്ടിയെ നോക്കി പുറത്തിരിക്കു എന്ന് സെക്യൂരിറ്റീസ് പറഞ്ഞത് പ്രകാരം ആദ്യം എന്റെ ഭർത്താവ് പോയി ദർശനം നടത്തി വന്നു. തിരിച്ചെത്തി എന്നോട് പോകാൻ പറഞ്ഞപ്പോൾ എനിക്ക് തൊഴണ്ട എന്നാണ് ഞാൻ പറഞ്ഞത്. എനിക്കെന്തോ വല്ലാത്ത സങ്കടമായി ഒരുമിച്ചു തൊഴാനെത്തിയിട്ടു ഭഗവാനെന്താ എന്നോടിങ്ങനെ ചെയ്തതെന്ന ദുഃഖം. എന്നെ നിര്ബന്ധിച്ചാണ് അന്ന് ചേട്ടൻ തൊഴാനായി പറഞ്ഞയച്ചത്.
ക്യൂ ഒന്നുമില്ല, നേരെ അകത്തേക്ക് കടന്നു. നടയിൽ അല്പം ക്യൂ ഉണ്ട്. ഉത്സവം നടക്കുകയാണ്. ഭഗവാൻ ആനപ്പുറത്തു എഴുന്നള്ളി നിൽക്കുന്ന സമയം. പെരുവനം കുട്ടന്മാരാരും സംഘവും നയിക്കുന്ന മേളം കൊഴുത്തു കയറുന്ന സമയം. ചുറ്റും ഭജനപാടി ഭക്തർ. വല്ലാത്തൊരു ഭക്തിനിർഭരമായ അന്തരീക്ഷം. ക്യൂ അനങ്ങി തുടങ്ങി, ഏതാനും നിമിഷങ്ങൾക്കകം ദർശനം. അകത്തേക്ക് പ്രവേശിച്ചതും എനിക്കെന്നെ തന്നെ നഷ്ടമായി, എന്റെ കണ്ണുകളിൽ നിന്നും കുടുകുടാ കണ്ണുനീർ ഒഴുകുകയാണ്.

കണ്ണനെ കണ്ടു കൊതിതീരുവോളം തൊഴുതു. ശ്രീകോവിലിനു ചുറ്റും തൊഴുതു കഴിഞ്ഞു. പക്ഷെ എനിക്കവിടെ നിന്നും ഇറങ്ങാൻ തോന്നുന്നില്ല. ഞാനവിടെ ഇരുന്നു ഭഗവാനോട് കുറെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. സങ്കടമാടക്കാനാകാതെ കുറെ കരഞ്ഞു. മാസ്ക് ഉള്ളത്കൊണ്ട് മറ്റാരും കാണില്ലെന്ന ധൈര്യം ഉള്ളതുകൊണ്ട് തന്നെ നിയന്ത്രണമില്ലാതെ പറഞ്ഞുകൊണ്ടേയിരുന്നു. എനിക്കൊരു ദർശനം തരണമെന്ന് വരെ അപേക്ഷിച്ചു.
ഒരു സമയം കഴിഞ്ഞപ്പോൾ ഞാൻ അവിടെനിന്നും എഴുന്നേറ്റു പയ്യെ മനസില്ല മനസോടെ തൊഴുത്തിറങ്ങാൻ ശ്രമിച്ചിട്ടും അതിനകത്തെ അൽപ നിമിഷം കൂടി അവിടെ തൊഴുതു നിന്നു. ഒടുവിൽ ശെരി ഭഗവാനെ അങ്ങെനിക്കു മനസ് കുളിർപ്പിക്കുന്ന ഒരു അനുഭവങ്ങളും തന്നില്ലല്ലോ എന്ന് പറഞ്ഞുകൊണ്ട് ഞാൻ തൊഴുതു തിരിയാൻ തുടങ്ങിയ ആ നിമിഷം ”നിൽക്കൂ,” എന്നാരോ പറയുന്നു. നോക്കിയപ്പോൾ നല്ല ഉയരമുള്ള, നെറ്റിയിൽ വലിയ കുറിയൊക്കെ തൊട്ടു ചിരിച്ചു കൈകൂപ്പി നിൽക്കുന്നൊരാൾ. അദ്ദേഹമെന്നോട് ഞാൻ ചൊല്ലുന്ന മന്ത്രം ഒന്നേറ്റു ചൊല്ലാൻ പറഞ്ഞു. ഞാൻ അത്യാർത്തിയോടെ ”അതിനെന്താ, ചൊല്ലിത്തന്നലും” എന്ന് പറഞ്ഞു. അദ്ദേഹം ചൊല്ലിയ മന്ത്രം വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ഞാൻ ഏറ്റുചൊല്ലിയതു.

എനിക്ക് പറഞ്ഞറിയിക്കാനാകാത്ത, സന്തോഷമാണോ ദുഖമാണോ എന്ന് വേർതിരിച്ചറിയാനാകാത്ത ഒരു നിമിഷം തന്നെയായിരുന്നു അത്. അദ്ദേഹം എന്നോട് ചോദിച്ചു, ”എന്താണിത്ര ദുഃഖമെന്ന്” ഞാൻ നിറകണ്ണുകളോടെ നിസ്സഹായായി നിൽക്കുന്നത് കണ്ടപ്പോൾ അദ്ദേഹമെന്നെ പുറത്തേക്കു വിളിച്ചു. പ്രദക്ഷിണ വീഥിയിൽ എന്നെ ഇരുത്തി അദ്ദേഹം എനിക്കൊരു പുസ്തകമെടുത്തു തന്നിട്ട്, കണ്ണടച്ച് ഒരു പേജുടുത്തു വായിക്കാൻ പറഞ്ഞു.
ഞാൻ ഇക്കാലമത്രയും ഭഗവാനോട് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ആ പേജിൽ ഉത്തരങ്ങളുണ്ടായിരുന്നു. ഉത്സവലഹരിയിൽ മേളക്കൊഴുപ്പിൽ ഭക്തിസാന്ദ്രമായ ആ അന്തരീക്ഷത്തിൽ ഞാൻ ആ വരികൾ വായിച്ചുകൊണ്ടു മതി തീരെ കരഞ്ഞു. ഈ വരികൾ എന്നും ജീവിതത്തോട് ചേർത്തുവെക്കണമെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം എനിക്കൊരു കടലാസ് കഷ്ണം തന്നു, ഹരേ കൃഷ്ണ മഹാമന്ത്രമായിരുന്നു അതിൽ.

ഞാനദ്ദേഹത്തെ തൊട്ടു തൊഴുതുകൊണ്ടു ഒന്നും മിണ്ടാതെ അവിടെനിന്നും വേഗത്തിൽ എന്റെ ഭർത്താവിനും മകനുമെടുത്തേക്കെത്തി. നന്ദനത്തിലെ ബാലാമണിയുടെ അവസ്ഥയായിരുന്നു എനിക്ക്. എന്നെ കണ്ടെന്തു പറ്റിയെന്നു ചേട്ടൻ ചോദിക്കുമ്പോൾ എന്റെ മനസ്സിൽ വന്ന വരികൾ പോലും അതായിരുന്നു, ” ഞാനേ കണ്ടുള്ളു, ഞാൻ മാത്രേ കണ്ടുള്ളു”

എന്റെ അടുത്ത് വന്നയാൾ ആരാണെന്നോ എന്താണെന്നോ ഒന്നും ഞാൻ അറിയാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ മുഖം പോലും എനിക്കോർമ്മയില്ല. അതൊരു സ്വപ്നമായിരുന്നോ എന്നുപോലും എനിക്ക് തോന്നാറുണ്ട്. അപ്പോളൊക്കെ ഞാൻ അദ്ദേഹം എനിക്ക് സമ്മാനിച്ച ആ കടലാസ് കഷ്ണം എടുത്തു നോക്കും. എനിക്കതിന്നു വെറും കടലാസ് മാത്രമല്ല.
ഞാൻ കണ്ടത് ഭഗവാനെ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അല്ലെങ്കിൽ ഞാനും ഭഗവാനും മാത്രം അറിയുന്ന കാര്യം എങ്ങനെ വേറെ ഒരാൾ അറിഞ്ഞു. പരിഭവിച്ചിരുന്ന, തൊഴാതെ മടങ്ങാൻ നിന്ന എന്നെ കണ്ണൻ പരീക്ഷിച്ചെങ്കിലും കൈവിട്ടില്ല, എന്റെ മനസ്സ് നിറച്ചാണ് അവിടെനിന്നും വിട്ടത്. ഏറെ സന്തോഷത്തോടെ നിർവൃതിയോടെയായിരുന്നു അന്ന് ഞാനും കുടുംബവും അവിടെ നിന്നും മടങ്ങിയത്.
ഹന്ത ഭാഗ്യം ജനാന

Related Posts