സ്പെഷ്യല്‍
നിര്‍മാല്യസമയത്ത് ഉണ്ണിക്കണ്ണന്‍ മുന്നില്‍വന്നപ്പോള്‍ !; ദിവസങ്ങള്‍ക്കു മുമ്പ് ഗുരുവായൂരില്‍ സംഭവിച്ചത്- അനുഭവം

അനുഭവം എഴുത്ത്: ദിവ്യകൃഷ്ണ ഗോപിക

ഹരേ കൃഷ്ണാ… ശ്രീ ഗുരുവായൂരപ്പാ ശരണം.

ഈ കഴിഞ്ഞ മെയ് 12 ഏകാദശി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് എനിക്കുണ്ടായ ഒരു കൃഷ്ണാനുഭവം കൂടി പങ്കുവെക്കട്ടെ.
ആ ഉണ്ണിക്കണ്ണന്റെ സാന്നിധ്യവും അനുഗ്രഹങ്ങളും അനുഭവപ്പെട്ട നിമിഷങ്ങള്‍ എന്റെ കൃഷ്ണബന്ധുക്കളിലേക്ക് എത്തിക്കുക എന്നത് ഭഗവാന്റെ ഇഷ്ടമായി കരുതട്ടെ.

ജീവിതത്തില്‍ ഇന്നേ വരെ എത്ര ശ്രമിച്ചിട്ടും കാണാന്‍ കഴിയാത്ത നിര്‍മ്മാല്യം കാണണമെന്നും ഇതേവരെ കഴിക്കാന്‍ ഭാഗ്യം ലഭിക്കാത്ത ഭഗവാന്റെ അന്നപ്രസാദം കഴിക്കണമെന്നും ഉള്ള വലിയ ആഗ്രഹം മനസ്സില്‍ ഭഗവാനോട് പറഞ്ഞു. ‘ഭഗവാനെ ആഗ്രഹം പറഞ്ഞൂന്നേ ഉളൂട്ടോ എല്ലാം അവിടത്തെ ഇഷ്ടം ‘
മെയ് പതിനൊന്നിന് ഗുരുവായൂര്‍ക്ഷേത്രത്തിലെത്തി ഭഗവത്കൃപ കൊണ്ട് തൊട്ടടുത്ത് റൂമും ശെരിയായി. കൂടെ രണ്ട് കുടുംബവും ഞങ്ങളുടെ കുഞ്ഞുമക്കളും ഉണ്ട്. കുഞ്ഞുമക്കളുടെ മുഖത്തുനോക്കിയപ്പോള്‍ കുട്ടികളെയും കൊണ്ട് നിര്‍മ്മാല്യം തൊഴുക എന്നത് അസാധ്യമായി തോന്നി. എന്തായാലും വരി നിന്ന് കാളിയമര്‍ദ്ദകനായി നിന്ന കണ്ണനുണ്ണിയെ കണ്ട് തൊഴുത് ശീവേലിയും കണ്ട് കണ്ണനെ ഉറക്കി. തൃപ്പുക പ്രസാദവും സേവിച്ച് പുറത്തിറങ്ങി. ഭക്ഷണം കഴിച്ച് തിരികെ റൂമിലേക്ക് പോകാനായി നടന്നു.

നിര്‍മ്മാല്യം കാണുക എന്ന ആഗ്രഹം മനസ്സില്‍ ശക്തമായുണ്ട്. നോക്കിയപ്പോള്‍ നിര്‍മ്മാല്യം കാണാന്‍ ഭക്തര്‍ നേരത്തെ സ്ഥാനം പിടിച്ചിരിക്കുന്നു. ആ വരിയുടെ അറ്റത്ത് ചെന്ന് ആ നിമിഷം നിന്നാലും നിര്‍മ്മാല്യം കാണുകയില്ലെന്ന് ഉറപ്പായി. ഭാഗ്യം ഇല്ല എന്ന് സ്വയം പറഞ്ഞ് പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ പിറകില്‍ നിന്ന് ഒരു വിളി ‘അമ്മേ’..മണികണ്ഠന്‍ ആണ്. വളരെ സ്‌നേഹത്തോടെ എന്നെ അമ്മേ എന്ന് വിളിച്ച് സംസാരിക്കാറുള്ള ഫേസ്ബുക്കിലും വാട്‌സപ്പിലും മാത്രം കണ്ട് പരിചയമുള്ള കുട്ടി. ആ കുട്ടീടെ വലിയ ബാഗ് ആര്‍ക്കോ വേണ്ടി സ്ഥാനം പിടിച്ചിരിക്കുന്നു. ഇതാര്‍ക്കാണ് മണികണ്ഠാ ഈ ബാഗ് വെച്ച് സീറ്റ് പിടിച്ചേക്കുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആ കുട്ടി പറഞ്ഞു ‘ആര്‍ക്കുമില്ലമ്മേ ഇവിടെ വെറുതെ വെച്ചെന്നേയുളൂ അമ്മക്കിരിക്കണോ..

എന്റെ കണ്ണാ എന്താ ഈ കേള്‍ക്കുന്നേ.. മോനെ എനിക്കും അമ്മക്കും അനിയത്തിക്കും കൂടി ഇവിടിരിക്കാമോ. അതിനെന്താ ഇവിടിരുന്നോളൂ അമ്മേ ന്ന് മണികണ്ഠനും. ന്റെ കണ്ണന്റെ അനുഗ്രഹം. ദാ വരുന്നു എന്നുപറഞ് വേഗം റൂമില്‍ വന്നു കുളിച്ചു ശുദ്ധിയായി. ഞങ്ങളുടെ ആവേശം കണ്ടിട്ടാവണം ഭര്‍ത്താവും, അനിയനും കുട്ടികളെ നോക്കാമെന്നേറ്റു. കണ്ണനോടും, മണികണ്ഠനോടും ഹൃദയത്തില്‍ നിന്നും നന്ദിപറഞ്ഞ് ഓടിപ്പോയി ഓരോടകുഴലും വാങ്ങി കൈയില്‍ പിടിച്ചു. വരിയില്‍ നിന്ന് തന്നെ എഴുതിയ കീര്‍ത്തങ്ങളും, പാട്ടുകളും പാടി കണ്ണന് സമര്‍പ്പിച്ചു.

ആ വൈകുണ്ഡവാതിലിന് മുന്നില്‍ നിന്ന് കണ്ണനെ ഉണര്‍ത്താനുള്ള സ്തുതിഗീതങ്ങള്‍ ഭക്തര്‍ പാടുന്നത് കേട്ട് സാക്ഷാല്‍ വൈകുണ്ഡത്തിലാണ് എത്തിപ്പെട്ടതെന്നു തോന്നി. ആ ഭൂലോകവൈകുണ്ഡത്തിന്റെ വാതില്‍ തുറന്നതും കണ്ണാ എന്നാര്‍ത്തുവിളിച്ച് ഭക്തര്‍ ഉള്ളിലേക്ക്.കൂടെ ഞാനും ഒരൊഴുക്കില്‍പ്പെട്ടപോലെ ഉള്ളിലേക്ക്.
നാലമ്പലത്തിനകത്തെത്തി മണ്ഡപത്തിന്റെ മുന്നില്‍ നിന്നും കണ്ടു.ആഹാ നിര്‍മ്മാല്യദര്‍ശനം പുണ്യം പുണ്യം. കണ്ണാ..കണ്ണാ.. എന്ന് വിളിച്ച് വീണ്ടും വരിയിലെ തിരക്കിലൂടെ തിരുമുന്നിലെത്തി ഓടകുഴല്‍ സമര്‍പ്പിച്ചു.

അതീവ സന്തോഷത്തോടെ നാലമ്പലത്തിന് പുറത്തെത്തി തീര്‍ത്ഥവും ചന്ദനവും കൊടുക്കുന്നതിനരികത്തായി ആളുകള്‍ വിശ്രമിക്കുന്നിടത്ത് ഒരു തൂണിനരികത്തായി സ്ഥാനം പിടിച്ചു. എന്നും ചെയ്യാറുള്ള മാനസപൂജ ഈ നല്ല നിമിഷം കണ്ണന്റെ അടുത്തുവെച്ചു തന്നെ ആകാം എന്ന് വിചാരിച്ചു.

കണ്ണടച്ച് ചമ്രംപടിഞ്ഞിരുന്ന് മനസ്സുകൊണ്ട് ഉണ്ണികണ്ണനെ കുളിപ്പിച്ച് പീലിച്ചര്‍ത്തി, കണ്ണെഴുതി നെറ്റിയില്‍ ഗോപികുറി തൊട്ട് അഭരണങ്ങളും പട്ടുകോണകവും ഉടുപ്പിച്ച് വയറുനിറച്ച് ഊട്ടി പായസവും നേദിച്ച് തൃക്കരങ്ങളില്‍ വെണ്ണയുരുളയും ഓടകുഴലും കൊടുത്ത് മനസ്സുകൊണ്ട് ആ പിഞ്ചുപാദങ്ങളെ പുണര്‍ന്ന് എത്രനേരം ഇരുന്നെന്നറിയില്ല. കണ്ണ് തുറന്നപ്പോള്‍ മണികണ്ഠന്‍ അരികിലുണ്ട്. പ്രസാദവരിയില്‍ ആളുകള്‍ ആയി. അമ്മയും അനിയത്തിയും പദപ്രദിക്ഷണം വെക്കുന്നുണ്ട്.

അമ്മേ നമുക്ക് പ്രസാദം വാങ്ങാം എന്ന് മണികണ്ഠന്‍ ശെരി വരൂ.. എന്ന് പറഞ്ഞ് പ്രസാദം വാങ്ങാന്‍ വരിയില്‍ ചെന്ന് നിന്ന് നേരെ നോക്കിയപ്പോള്‍ ഏകദേശം മൂന്ന് വയസ്സ് തോന്നിക്കുന്ന നല്ല കറുത്തിട്ട് കസവുമുണ്ടൊക്കെ ഉടുത്ത ഒരു ഉണ്ണി ഞാനിരുന്ന അതേ സ്ഥാനത്ത് ആ തൂണില്‍ ചാരി എന്നെ തന്നെ നോക്കിയിരിക്കുന്നു.

എന്റെ കണ്ണാ.. ഈ ഉണ്ണി എപ്പോള്‍ ഇവിടെ വന്നിരുന്നു. എന്റെ അരികിലുണ്ടായിരുന്നോ ഞാനറിഞ്ഞില്ലല്ലോ. ഈ കുട്ടിക്ക് ഉറക്കം വരുന്നില്ലേ നിര്‍മ്മാല്യം കാണാന്‍ വന്നതാണോ ഈ ചെറിയ ഉണ്ണി… ഒറ്റക്കാണല്ലോ ഇരിപ്പ് അച്ഛനും അമ്മയും ഒന്നും കൂടെ ഇല്ലേ. ഇനിപ്പോ എന്റെ കണ്ണനാവോ ഇത്. ഇങ്ങനെ കുറെ ചിന്തകള്‍ ആ സമയം മനസ്സിലൂടെ കടന്നുപോയി. അപ്പോഴാണ് പ്രസാദം കൊടുക്കിന്നിടത്ത് ശ്യാമവര്‍ണ്ണമാര്‍ന്ന ഉണ്ണിക്കണ്ണന്റെ വലിയൊരു ചിത്രം സ്ഥാപിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് ആ ചിത്രത്തിലേക്കു നോക്കിയപ്പോള്‍ ഈ ഉണ്ണീടെ മുഖവും അതുപോലെ തോന്നി. രണ്ടും ഒരുപോലെ ഇരിക്കുന്നു എന്നുറപ്പിക്കാന്‍ വീണ്ടും അവിടിരിക്കുന്ന ഉണ്ണിയെ നോക്കിയപ്പോള്‍ ഉണ്ണി ഇരുന്നിടം ശൂന്യമായിരിക്കുന്നു. പെട്ടെന്ന് കണ്ണ് നിറഞ്ഞു ശരീരം കോരിത്തരിച്ചു. എന്റെ നോട്ടമൊന്നു മാറിയപ്പോഴേക്കും നിമിഷനേരം കൊണ്ട് ഈ ഉണ്ണി എവിടെ പോയി.

പ്രസാദം വാങ്ങാന്‍ നില്‍ക്കാതെ മണികണ്ഠനെ വിളിച്ചു. മണികണ്ഠാ വായോ ഒരുണ്ണിയെ നോക്കാനുണ്ട് നല്ല കറുത്തിട്ടൊരുണ്ണി ഇവിടെ ഉണ്ട് നമുക്ക് നോക്കാം. ആ ഭാഗത്തൊക്കെ അനേഷിച്ചു വീണ്ടും നാലമ്പലത്തിന് പുറമെ ഒന്നുകൂടി ചുറ്റി വന്നു ആ ഉണ്ണിയെ അവിടെങ്ങും പിന്നെ കണ്ടില്ല. എന്നാലും എന്റെ ഉണ്ണി ഇത്രപ്പെട്ടന്ന് നീ മറഞ്ഞല്ലോ. അതെന്റെ ഉണ്ണി കണ്ണന്‍ തന്നെയാണെന്ന് എനിക്കുറപ്പുണ്ട്. അതുപോലെ നിര്‍മ്മാല്യം കാണിക്കുന്നതിനായി മണികണ്ഠനെ നിയോഗിച്ചതും എന്റെ പൊന്നുകണ്ണന്‍ തന്നെ.

അത്രക്കും ആത്മാര്‍ത്ഥമായി വാത്സല്യഭക്തിയോടെ ആ ഉണ്ണികണ്ണനെ കൈനീട്ടി വിളിച്ചാല്‍ ആ പരബ്രഹ്‌മം നമ്മുടെ വിരല്‍ത്തുമ്പ് പിടിക്കാന്‍ എത്തുമെന്നുറപ്പാണ്.
ആ ഉണ്ണിക്കണ്ണന്റെ കാരുണ്യം കൊണ്ട് എനിക്കും കുടുംബത്തിനും രാവിലെയും, ഉച്ചക്കും ഒരു തിരക്കിലും പെടാതെ ഭഗവാന്റെ അന്നപ്രസാദം വയറുനിറച്ച് കഴിച്ച് സംതൃപ്തിയോടെ മടങ്ങാന്‍ സാധിച്ചു.

ആ ഉണ്ണിക്കണ്ണന്റെ സ്‌നേഹവും, കുസൃതിയും, അത്ഭുതങ്ങളുമെക്കെ അനുഭവിച്ചറിയണമെങ്കില്‍.. ആത്മാര്‍ത്ഥമായ പ്രേമഭക്തിയോടെ… വാത്സല്യഭക്തിയോടെ ആ തിരുനടയില്‍ നിന്ന് ഉള്ളിന്റെ ഉള്ളില്‍ നിന്നൊരു വിളി വിളിക്കൂ… ന്റെ കണ്ണാ… ന്ന്…
ഉണ്ണികൃഷ്ണ മുകുന്ദാ… ജനാര്‍ദ്ദനാ….
ഉണ്ണികൃഷ്ണ… മുകുന്ദാ… ജനാര്‍ദ്ദനാ….

ഭഗവത് ഭക്തരായ എന്റെ എല്ലാ കൃഷ്ണബന്ധുക്കള്‍ക്കും ആ ഉണ്ണിക്കണ്ണന്റെ സ്‌നേഹം അനുഭവമാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ അക്ഷരപ്പൂക്കള്‍ ഗുരുവായൂര്‍ ഉണ്ണികണ്ണന്റെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കുന്നു.
സര്‍വ്വം കൃഷ്ണാര്‍പ്പണം

Related Posts