സ്പെഷ്യല്‍
ജൂൺ 1 അതിവിശിഷ്ട ഗുരു പ്രദോഷം: ശിവഭഗവാനെ ഭജിക്കാൻ ഇതിലും നല്ലൊരു ദിവസമില്ല

ശിവപ്രീതി വരുത്തുന്നതിന് ആചരിക്കുന്ന ശ്രേഷ്ഠകര്‍മ്മങ്ങളിലൊന്നാണു പ്രദോഷവ്രതം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണു പ്രദോഷമായി കണക്കാക്കുന്നത്. പ്രദോഷം മാസത്തില്‍ രണ്ടെണ്ണം ഉണ്ട്, കറുത്തപക്ഷത്തിലേതും വെളുത്തപക്ഷത്തിലേതും. രണ്ടു പ്രദോഷവും, വ്രതം അനുഷ്ഠിക്കാറുണ്ട്. കറുത്തപക്ഷത്തിലെ പ്രദോഷമാണു കൂടുതല്‍ പ്രധാനം. ജൂണ്‍ 1ന് പരമശിവന്റെ അനുഗ്രഹം ലഭിക്കുന്നതിനായി പ്രദോഷ വ്രതം ആചരിക്കാം. ഇത്തവണ പ്രദോഷം വ്യാഴാഴ്ചയായതിനാല്‍ അത് ഗുരു പ്രദോഷമാണ്.

 

പ്രദോഷ വ്രതമെടുത്താൽ (Benefits of Pradosha Vratam)

പുണ്യക്രിയകള്‍ക്ക് ഏറ്റവും ഉത്തമമായ ദിവസമായാണു പ്രദോഷത്തെ കരുതുന്നത്. ദാരിദ്ര്യദുഃഖ ശമനം, കീര്‍ത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യുന്ന വ്രതമാണിത്.

വ്രതമെടുക്കേണ്ട രീതി

പ്രഭാതസ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തുക. ഉപവാസവും പഞ്ചാക്ഷരീ മന്ത്രം ജപവും നിര്‍ബന്ധം. സ്നാന ശേഷം സന്ധ്യയ്ക്കു ക്ഷേത്രദര്‍ശനം നടത്തി ശിവപൂജ നടത്തി കൂവളമാല സമര്‍പ്പിക്കുകയും വേണം. ഈ സമയത്ത് കൂവളത്തിലകൊണ്ട് അര്‍ച്ചന നടത്തുന്നതും വിശേഷമാണ്. അതിനു ശേഷം പാരണയോടുകൂടി വ്രതസമാപ്തി വരുത്താം.

സ്ത്രീ പുരുഷ ഭേദമില്ലാതെ വ്രതം അനുഷ്ഠിക്കാവുന്നതാണ്. ശിവസ്തോത്രങ്ങള്‍, ശിവസഹസ്രനാമം എന്നിവ ജപിച്ചും, ശിവക്ഷേത്ര ദര്‍ശനം എന്നിവയോടുകൂടിയും വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം.

പ്രദോഷസന്ധ്യാ സമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും. ആ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കുന്നു. ബ്രഹ്‌മാവ് താളം പിടിക്കുന്നു. ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതുന്നു. മഹാലക്ഷ്മി ഗീതം ആലപിക്കുന്നു. മഹാവിഷ്ണു മൃദംഗം വായിക്കുന്നു. നന്ദിയും ഭൃംഗിയും നടനം ചെയ്യുന്നു. സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കുന്നു. ഗന്ധര്‍വയക്ഷ കിന്നരന്മാര്‍, അപ്സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കുന്നു. അങ്ങനെ പ്രദോഷസന്ധ്യാ സമയത്ത് കൈലാസത്തില്‍ എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യമുണ്ട്.

പ്രദോഷ സന്ധ്യാവേളയില്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ ജഗജ്ജനനിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും.

june 2023
pradosham
Related Posts