ക്ഷേത്ര വാർത്തകൾ
ഏഴംകുളം ദേവീക്ഷേത്രത്തില്‍ അഞ്ചാമത് ഹിന്ദു മത സമ്മേളനവും നവരാത്രി മഹോത്സവവും ഒക്ടോബര്‍ 11 മുതല്‍

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ഏഴംകുളം ദേവീക്ഷേത്രത്തില്‍ അഞ്ചാമത് ഏഴംകുളം ഹിന്ദു മത സമ്മേളനവും 30-ാമത് ശ്രീമദ് ദേവീഭാഗവത നവാഹജ്ഞാനയജ്ഞവും നവരാത്രി സംഗീതോത്സവവും ഒക്ടോബര്‍ 11 മുതല്‍ 21 വരെ വിപുലമായ ചടങ്ങുകളോടെ നടക്കും. കന്യാകുമാരിയില്‍ നിന്നുള്ള പ്രൊഫ. വിമല്‍ വിജയ് ആണ് ഈ വര്‍ഷത്തെ യജ്ഞാചാര്യന്‍.

ഹിന്ദു മത സമ്മേളനം (ഒക്ടോബര്‍ 11)

ഒക്ടോബര്‍ 11 ഞായറാഴ്ച നടക്കുന്ന ഹിന്ദു മത സമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കും.

രാവിലെ 8.30-ന് ഏഴംകുളം ദേവീക്ഷേത്ര മേല്‍ശാന്തി ബ്രഹ്‌മശ്രീ രഞ്ജിത്ത് നാരായണ ഭട്ടതിരി ഭദ്രദീപം തെളിയിക്കും.
രാവിലെ 9.30-ന് തൃശ്ശൂര്‍ ഓങ്കാരാശ്രമം മഠാധിപതി പൂജനീയ സ്വാമിജി ശ്രീ. നിഗമാനന്ദ തീര്‍ത്ഥജി മഹാരാജ് സമ്മേളനത്തിന്റെ ഉദ്ഘാടനവും പ്രഭാഷണവും നിര്‍വഹിക്കും.
രാവിലെ 11.00-ന് പാലക്കാട് സന്ദീപനി സാധനാലയത്തിലെ ശ്രീമതി ശ്രുതി ശ്യാം പ്രഭാഷണം നടത്തും.
വൈകിട്ട് 5.00-ന് പാലക്കാട് സന്ദീപനി സാധനാലയം ഡയറക്ടര്‍ ഡോ. ശ്യാം പ്രസാദ് പ്രഭാഷണം നടത്തും.
വൈകിട്ട് 6.30-ന് കോട്ടയം ഡി.ബി കോളേജ് അസ്സോസിയേറ്റ് പ്രൊഫസര്‍ പ്രൊഫ. ഇന്ദുലേഖ നായര്‍ സമാപന സഭയുടെ ഉദ്ഘാടനവും പ്രഭാഷണവും നിര്‍വഹിക്കും.

നവരാത്രി ആരംഭം (ഒക്ടോബര്‍ 12)

ഒക്ടോബര്‍ 12 തിങ്കളാഴ്ച വൈകിട്ടാണ് നവരാത്രി ചടങ്ങുകള്‍ക്ക് ഔദ്യോഗികമായി തുടക്കമാകുന്നത്. വൈകിട്ട് 6.30-ന് തന്ത്രിമുഖ്യന്‍ ബ്രഹ്‌മശ്രീ രമേഷ് ഭാനുഭാനു പണ്ടാരത്തില്‍ ആചാര്യവരണവും ഭദ്രദീപപ്രതിഷ്ഠയും നിര്‍വഹിക്കും.
ദേവി ഭാഗവത നവാഹജ്ഞാനയജ്ഞത്തിന്റെയും നവരാത്രി സംഗീതോത്സവത്തിന്റെയും ഉദ്ഘാടനം അടൂര്‍ എം.എല്‍.എ അഡ്വ. സി.വി. ശാന്തകുമാര്‍ നിര്‍വഹിക്കും.

യജ്ഞശാലയിലെ നവരാത്രിപൂജാ മണ്ഡപ ഭദ്രദീപ പ്രകാശനവും വിഗ്രഹപ്രതിഷ്ഠയും പരമപൂജനീയ സ്വാമി മഹാമണ്ഡലേശ്വര്‍ ആനന്ദഭവനം ഭാരതി മഹാരാജ് നിര്‍വ്വഹിക്കും.

വൈകിട്ട് 7.15-ന് യജ്ഞാചാര്യന്‍ പ്രൊഫ. വിമല്‍ വിജയ് ദേവീഭാഗവത മാഹാത്മ്യ പാരായണവും പ്രഭാഷണവും നടത്തും.

പ്രധാന പൂജകളും വഴിപാടുകളും

ഒക്ടോബര്‍ 13 മുതല്‍ ഒമ്പത് ദിവസങ്ങളിലും രാവിലെ 6 മണിക്ക് ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. 6.30 മുതല്‍ വേദജപം, ശ്രീസൂക്തജപം, ലളിതാസഹസ്രനാമം, സൗന്ദര്യലഹരീപാരായണം, ശ്രീമദ് ദേവീഭാഗവത പാരായണം എന്നിവയുണ്ടാകും. ഉച്ചയ്ക്ക് 12.30 മുതല്‍ അന്നപ്രസാദം വിതരണം ചെയ്യും. വൈകിട്ട് 7 മണി മുതല്‍ എല്ലാ ദിവസവും പ്രഗത്ഭരായ കലാകാരന്മാര്‍ പങ്കെടുക്കുന്ന സംഗീതസദസ്സും ഉണ്ടായിരിക്കും. നവരാത്രി ദിവസങ്ങളില്‍ ഒമ്പത് ദിവസവും ഭക്തജനങ്ങളുടെ വഴിപാടായി ഏഴംകുളത്തമ്മയ്ക്ക് തങ്ക മുഖദര്‍ശനം ചാര്‍ത്തല്‍ ഉണ്ടായിരിക്കും.

ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിദ്യാരംഭം

പൂജവെയ്പ്പ് (ഒക്ടോബര്‍ 18): വൈകിട്ട് 6.30-നാണ് പൂജവെയ്പ്പ്. പുസ്തകം പൂജവെയ്ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 18 വൈകിട്ട് 6 മണിക്ക് മുന്‍പായി ക്ഷേത്രത്തില്‍ എത്തിച്ചേരണം.

ദുര്‍ഗ്ഗാഷ്ടമി (ഒക്ടോബര്‍ 19): രാവിലെ 10.30-ന് നവഗ്രഹശാന്തിഹവനവും വൈകിട്ട് 4.30-ന് മഹാലക്ഷ്മീപൂജയും ശനിദോഷ നിവാരണപൂജയും നടക്കും.

മഹാനവമി (ഒക്ടോബര്‍ 20): രാവിലെ 9 മണിക്ക് ലളിതാസപ്തശതീഹവനം, 10-ന് കുമാരിപൂജ, 11-ന് വിദ്യാഗോപാലമന്ത്രാര്‍ച്ചന എന്നിവ നടക്കും. വൈകിട്ട് 5.30-ന് കുട്ടികളുടെ ചെണ്ടമേളം അരങ്ങേറ്റവും 6 മണിക്ക് മഹാ പുഷ്പാഭിഷേകവും ഉണ്ടായിരിക്കും.

വിജയദശമി (ഒക്ടോബര്‍ 21): രാവിലെ 6.30 മുതല്‍ പൂജയെടുപ്പും വിദ്യാരംഭവും നടക്കും. പ്രൊഫ. വിമല്‍വിജയ്, ഡോ. ബീനാകുറുപ്പ്, ശ്രീമതി ശ്രീരഞ്ജു ടീച്ചര്‍, ശ്രീ. മോഹന്‍ ജെ. നായര്‍ എന്നിവര്‍ കുട്ടികളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തും. രാവിലെ 10.30-ന് അവഭൃഥസ്‌നാന ഘോഷയാത്രയും ഉച്ചയ്ക്ക് 12 മണിക്ക് ശ്രീമദ് ദേവീഭാഗവത സമര്‍പ്പണവും നടക്കും. വൈകിട്ട് തൃശൂര്‍ ഡോ. സായ്റാം നയിക്കുന്ന സംഗീതസദസ്സോടെ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനമാകും.

 

Related Posts