നക്ഷത്രവിചാരം
ഉച്ചസ്ഥനായ വ്യാഴവും നീചസ്ഥനായ ചൊവ്വയും ഒരേ രാശിയില്‍ സഞ്ചരിക്കുന്ന കാലം ലോകത്ത് സംഭവിക്കുന്നത്; ജ്യോത്സ്യന്‍ തെങ്കര സുബ്രഹ്‌മണ്യന്‍ എഴുതുന്നു

ലോകത്തില്‍ ശാസ്ത്രം അനുദിനം വളര്‍ന്നു കൊണ്ടേയിരിക്കുകയാണ്. ശാസ്ത്രം എത്ര പുരോഗമിച്ചാലും ശാസ്ത്രത്തിന് കണ്ടെത്താന്‍ പറ്റാത്ത നിഗൂഢമായ പലരഹസ്യങ്ങളും ഈ ലോകത്തില്‍ ഒളിഞ്ഞു കിടപ്പുണ്ട്. നമ്മുടെ ഋഷീശ്വരന്മാര്‍ കാലങ്ങളോളം മഴയും വെയിലും വിശപ്പും ഒന്നുംവകവെക്കാതെ തപശ്ചര്യയിലൂടെ നേടിയെടുത്ത പല അറിവുകളും ഇന്നും ലോകോപകാരപ്രദമായി വര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതിലൊരു ചെറിയ അറിവ് മാത്രമാണ് ജ്യോതിഷം എന്ന മഹാസാഗരം. സമുദ്രത്തില്‍ നിന്നും എത്രകോരി എടുത്താലും നമ്മുടെ കൈകളിലുള്ള ജലം സമുദ്രത്തിനു സമാന മാകുന്നില്ല എന്നതു പോലെ ജ്യോതിഷമെന്നമഹാസാഗരത്തില്‍ നിന്നും എത്രപഠിച്ചാലും നമ്മുടെ അറിവ് കൈക്കുമ്പിളിലെ ജലം പോലെ മാത്രമെ ആകുന്നുള്ളു. ജ്യോതിഷത്തിലൂടെ ഞാന്‍ കണ്ടെത്തിയ നിഗമനങ്ങള്‍ ഏതെങ്കിലും വിധത്തില്‍ ലോകോപകാരപ്രദമാകുന്നു എങ്കില്‍ അതുതന്നെയാണ് ഈ ശാസ്ത്രതത്വത്തിന്റെ ശക്തിയും, വിശ്വാസ്യതയും.

സെപ്റ്റംബര്‍ 18 മുതല്‍ നവംബര്‍ 12 വരെ ഗുരു ചൊവ്വ സംഗമം. ഈ സമയം ജലം മൂലവും, ഭൂമി ക്ഷോഭം മൂലവും പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ലോകത്തിലെ പല സ്ഥലങ്ങളിലുമുള്ള ജനങ്ങള്‍ക്ക് അനുഭവയോഗ്യമായ ഒരു നിര്‍ണ്ണായക കാലഘട്ടമാണ് വരാന്‍ പോകുന്നത്. ജ്യോതിഷപ്രകാരം മഴ, പ്രളയം, ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം, ജലത്തിനായുള്ള അതിര്‍ത്തി സംഘര്‍ഷം എന്നിവയില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ട കാലഘട്ടമാണ്.

2026 സെപ്റ്റംബര്‍ 18 മുതല്‍ നവംബര്‍ 12 വരെ ചൊവ്വ കര്‍ക്കടകരാശിയിലൂടെ സഞ്ചരിക്കുന്ന കാലഘട്ടത്തില്‍ ഭാരതത്തിലും പ്രത്യേകിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജലഭൂമി സംബന്ധമായ പ്രകൃതിക്ഷോഭങ്ങള്‍ ശക്തമാകാന്‍ സാധ്യത കാണുന്നു. കര്‍ക്കടകത്തില്‍ ഉച്ചസ്ഥനായ ഗുരുവിനൊപ്പം നീചസ്ഥനായ ചൊവ്വ സഞ്ചരിക്കുന്നതാണ് ഈ കാലഘട്ടത്തെ പ്രത്യേകമായി നിര്‍ണായകമാക്കുന്നത്.

ശക്തമായ മഴ ഉണ്ടാകാനും ജലത്തിന്റെ ആധിക്യം മൂലം ഭൂമിയുടെ സ്ഥിരതയെ അത് ബാധിക്കുകയും പലയിടങ്ങളിലും വെള്ളപ്പൊക്കം ഉരുള്‍ പൊട്ടല്‍ തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങള്‍ക്കും അത് മൂലം കാരണമാകുകയും ചെയ്യും. കൂടാതെ ചന്ദ്രന്റെ ആധിപത്യത്തിലുള്ള ജലരാശിയാണ് കര്‍ക്കടകം. തല്‍ഫലമായി സമുദ്രം, നദികള്‍, ജലാശയങ്ങള്‍, മഴ, ഭൂഗര്‍ഭജലം, ഈര്‍പ്പമുള്ള മണ്ണ്, കൃഷിഭൂമി, മലഞ്ചരിവുകള്‍, തീരപ്രദേശങ്ങള്‍ എന്നിവയുമായി ഈ രാശിക്ക് ബന്ധമുള്ളതുകൊണ്ട്

ഉരുള്‍പൊട്ടല്‍, അഗ്‌നിഭയം , ഇതിനോടു ബന്ധപ്പെട്ട അപകടകങ്ങള്‍, കടല്‍ക്ഷോഭം ഭൂമികുലുക്കം എന്നിവക്ക് സാദ്ധ്യത കൂടുതലാണ്. കൂടാതെ കാരകനായ ചൊവ്വ കര്‍ക്കടകത്തില്‍ ദുര്‍ബലനാകുകയും, ഗുരു ഉച്ചസ്ഥിതിയില്‍ തുടരുകയും ചെയ്യുമ്പോള്‍ ജലത്തിന്റെ ആധിക്യം ഭൂമിയുടെ സ്വാഭാവികസ്ഥിരതയെ ബാധിക്കുകയും,ഭൂമി തീരെ ദുര്‍ബ്ബലമായ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേകിച്ച് മലയടിവാരങ്ങളിലും,മലമ്പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഈ സമയം പ്രത്യേകം സാഹചര്യം മനസ്സിലാക്കി ഗവര്‍മ്മേണ്ട് തരുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അപകടങ്ങളുടെ ഗൌരവം കുറക്കാന്‍ സാധിക്കും എന്നതുറപ്പാണ്.

പ്രത്യേകിച്ച് അമിതമഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, നദീതീര ഇടിച്ചില്‍, തീരദേശ മണ്ണൊലിപ്പ്, കൃഷിനാശം തുടങ്ങിയ സംഭവങ്ങള്‍ ഈ കാലഘട്ടത്തില്‍ വര്‍ധിക്കാന്‍ ജ്യോതിഷപ്രകാരം വളരെ സാധ്യതയുള്ള സമയമാണ് ഇത്. സമുദ്രത്തിലെ വ്യതിയാനങ്ങള്‍ നിമിത്തം തീരദേശപ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും ജ്യോതിഷപ്രകാരം അവഗണിക്കാനാവില്ല.

സെപ്റ്റംബര്‍ 18-ന് ചൊവ്വ മിഥുനത്തില്‍നിന്ന് കര്‍ക്കടകത്തിലേക്ക് പ്രവേശിക്കുന്ന രാശിസന്ധി രൂപപ്പെടുന്നുണ്ട്. കാരണം ചൊവ്വ രാശിസന്ധിയിലൂടെ കടന്നുപോകുന്ന സെപ്റ്റംബര്‍ 18-നോടടുത്ത ദിവസങ്ങളില്‍ പൊടുന്നനെയുള്ള കാലാവസ്ഥയില്‍ വരുന്നമാറ്റങ്ങള്‍, അപകടങ്ങള്‍, അയല്‍ രാജ്യങ്ങളുമായി സൈനികമായ ഉരസല്‍ തുടങ്ങിയ സാഹചര്യങ്ങള്‍ നേരിടാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്.

ഈ സമയത്ത് മഴയുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം മഴയില്‍ അളവില്‍ കൂടുതല്‍ ജലം മഴയായി പെയ്യുമ്പോള്‍ നദികളിലെയും ജലസംഭരണികളിലെയും ജലനിരപ്പുകള്‍ ക്രമാതീതമായി ഉയരുകയും, അതിനടുത്ത താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതുമാണ്.

സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 17 വരെയുള്ള പ്രത്യക കാലയളവ് നിര്‍ണായകഘട്ടം ആയതിനാല്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

സെപ്റ്റംബര്‍ 24-ഓടെ ചൊവ്വ പൂയം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 17 വരെയുള്ള കാലം ശക്തമായ മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, മലഞ്ചരിവുകളിലെ മണ്ണിന്റെ അസ്ഥിരത മൂലം മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് കൂടുതല്‍ സാധ്യതയുള്ള ഘട്ടമായി ജ്യോതിഷപ്രകാരം കാണുന്നു.

പഴക്കം ചെന്ന അണക്കെട്ടുകള്‍, ജലസംഭരണികള്‍, കനാലുകള്‍, നദീതീരനിര്‍മാണങ്ങള്‍ എന്നിവയുടെ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട കാലഘട്ടം കൂടിയാണ്. കൃഷിയിടങ്ങള്‍ വെള്ളത്തിലാകുക, വിളകള്‍ നശിക്കുക, വളര്‍ത്തുമൃഗങ്ങള്‍ക്ക് അപകടം സംഭവിക്കുക, ഗതാഗതം താറുമാറാകുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് സാദ്ധ്യത കൂടുതലാണ്. കൂടാതെ ഒക്ടോബര്‍ 17 മുതല്‍ കടല്‍ക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യത കൂടുതലാണ്.

ഒക്ടോബര്‍ 17-ഓടെ ചൊവ്വ ആയില്യം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നതിലൂടെ നവംബര്‍ 12 വരെയുള്ള കാലഘട്ടത്തില്‍ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ്, കടല്‍ക്ഷോഭം, ഉയര്‍ന്ന തിരമാലകള്‍, തീരദേശത്ത് നാശനഷ്ടങ്ങള്‍, ശക്തമായ ചുഴലിക്കാറ്റ് എന്നീ സാഹചര്യങ്ങള്‍ ശക്തമായി നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. ഭൂകമ്പത്തേക്കാള്‍ സാദ്ധ്യത കൂടുതല്‍ കാണുന്നത് ജലവുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ക്കാണ്.

ചൊവ്വ ഭൂമിയുടെയും ഭൂഗര്‍ഭപ്രവര്‍ത്തനങ്ങളുടെയും കാരകനായതിനാല്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, ഭൂമി താഴ്ന്നുപോകല്‍, നദീതീര ഇടിച്ചില്‍, തീരദേശമാറ്റം തുടങ്ങിയവ ഈ കാലഘട്ടത്തിലെ പ്രധാന പ്രകൃതിക്ഷോഭ സൂചനകളായി മാറാനാണ് കൂടുതല്‍ സാധ്യത കാണുന്നത് .സമുദ്രത്തിനടിയിലുണ്ടാകുന്ന ഭൂചലനങ്ങള്‍ നിമിത്തം സുനാമി സാദ്ധ്യതയും തള്ളിക്കളയാനാകില്ല എന്നതാണ് സത്യം.

ഇന്ത്യയില്‍ ഈ പ്രദേശങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്.

കേരളകര്‍ണാടക പശ്ചിമഘട്ടം, മഹാരാഷ്ട്രയിലെ കൊങ്കണ്‍ഘട്ട് മേഖലകള്‍, ഉത്തരാഖണ്ഡ്ഹിമാചരോല്‍ പ്രദേശ് ഉള്‍പ്പെടുന്ന ഹിമാലയന്‍ മേഖലകള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ആന്ധ്രപ്രദേശ്,ഒഡീഷ,പശ്ചിമബംഗാള്‍, തീരമേഖലകള്‍, രാജ്യത്തെ വലിയ നദീതടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ജാഗ്രത അവശ്യമാണ്.

കേരളത്തില്‍ മലനിരകളും നദികളും തീരദേശവും ഉയര്‍ന്ന മഴ ലഭിക്കുന്ന പ്രദേശങ്ങളും അടുത്തടുത്തായി സ്ഥിതിചെയ്യുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, നദീതീര ഇടിച്ചില്‍, വെള്ളക്കെട്ട്, തീരദേശ മണ്ണൊലിപ്പ്, കൃഷിനാശം തുടങ്ങിയ സംഭവങ്ങള്‍ക്ക് കൂടുതല്‍ സാധ്യത കാണുന്നുണ്ട്.

ഇന്ത്യപാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഈ സമയം സംഘര്‍ഷസാധ്യത വര്‍ദ്ധിക്കും കാരണം
ചൊവ്വ സൈന്യം, ആയുധം, അതിര്‍ത്തി, ആക്രമണം, പ്രത്യാക്രമണം എന്നിവയുടെ കാരകനാണ്. ചൊവ്വ കര്‍ക്കടകത്തില്‍ പ്രവേശിക്കുന്നതോടെ ഇന്ത്യയുടെ അതിര്‍ത്തിയിലും, സംഘര്‍ഷ സാദ്ധ്യത ഉരുത്തിരിഞ്ഞുവരും. തല്‍ഫലമായി ഈ സാഹചര്യത്തില്‍ ഇന്ത്യപാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമം വര്‍ദ്ധിക്കുകയും, ശത്രുക്കളുടെ ഡ്രോണുകള്‍ അതിര്‍ത്തി ലംഘനം നടത്തുകയും, ഭീകരാക്രമണശ്രമം ഉണ്ടാകുകയും, തല്‍ഫലമായി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിയന്ത്രിതമായ ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകുകയും സിന്ദൂറില്‍ സംഭവിച്ച പോലെ പാക്കിസ്ഥാന് അടികിട്ടി പിന്മാറേണ്ട ഗതിയിലേക്ക് വരാനുളള സാധ്യത ശക്തമാണ്. എന്നാല്‍ പരിമിതമായ തിരിച്ചടിയാണ് പാക്കിസ്ഥാന് കിട്ടുന്നതെങ്കിലും അത് ശക്തവും എന്നും ഓര്‍ക്കുന്നതുമായിരിക്കും.

ഗുരു ഉച്ചസ്ഥനായതിനാല്‍ നിയന്ത്രിതമായ സ്വഭാവത്തിലുള്ള പ്രത്യാക്രമണം മാത്രമെ ഭാരതത്തില്‍ നിന്നും ഉണ്ടാകുകയുള്ളു. കാരണം സംഘര്‍ഷം സമ്പൂര്‍ണ യുദ്ധമായി മാറുന്നതിനെക്കാള്‍ കടുത്ത മുന്നറിയിപ്പിലും പരിമിതമായ സൈനികനടപടികളിലും ഒതുങ്ങാനുള്ള സാധ്യതയാണ് കൂടുതല്‍ കാണുന്നത്. ലോകരാജ്യങ്ങളില്‍ നിന്നും വലിയ ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ നയതന്ത്ര ഇടപെടലുകളും മധ്യസ്ഥശ്രമങ്ങളും ഉണ്ടാകും.പാകിസ്ഥാന് മറ്റുരാജ്യങ്ങളില്‍ നിന്നും പ്രത്യേകിച്ച് ചൈന, തുര്‍ക്കി, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചേക്കാക്കാമെങ്കിലും അതൊന്നു ഭാരതത്തെ ബാധിക്കില്ല എന്നതുറപ്പാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഈ സമയം പ്രതിഫലനങ്ങള്‍ ഉണ്ടാകാം. പ്രത്യകിച്ച്
മലകളും നദികളും കൂടിച്ചേരുന്ന പ്രദേശങ്ങള്‍, സമുദ്രതീരങ്ങള്‍, ദ്വീപുകള്‍, താഴ്ന്ന ഭൂപ്രദേശങ്ങള്‍, വലിയ നദീതടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രകൃതിയിലെ അസാധാരണമായ മാറ്റങ്ങള്‍ പ്രകടമാകാം. സ്‌കോട്ട്‌ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, ന്യൂസിലാന്‍ഡ്, മൗറീഷ്യസ്, പരാഗ്വേ, വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലെ ചില പ്രദേശങ്ങള്‍ എന്നിവയും നിരീക്ഷിക്കേണ്ട മേഖലകളില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ ഓരോ രാജ്യത്തിന്റെയും കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വ്യത്യസ്തമായതിനാല്‍ സംഭവങ്ങളുടെ സ്വഭാവവും തീവ്രതയും ഒരുപോലെയായിരിക്കില്ല . എന്നാലും മുന്‍കരുതല്‍ അനിവാര്യമാണ്.

കര്‍ക്കടകത്തിലെ ഉച്ചഗുരുനീചചൊവ്വ സംഗമത്തിന്റെ പ്രധാന സന്ദേശം എന്തെന്നാല്‍ ജ്യോതിഷപ്രകാരം അഗ്‌നിയാല്‍ ഭൂമി വരളുന്നു എന്നതിനെക്കാള്‍ ജലത്തിന്റെ ആധിക്യം ഭൂമിയുടെ സ്വാഭാവികസ്ഥിരതയെ ബാധിക്കുന്നു എന്നതാണ്.
ഇരുട്ടത്തു നടക്കുന്നവന് തിരിനാളം മുന്നോട്ടു പോകാന്‍ ഉപകരിക്കുന്നതുപോലെ ജ്യോതിഷമെന്ന ദീപം നമുക്ക് മുന്നില്‍ കാണിച്ചുതരുന്ന കാഴ്ചകളാണ് ഇതെല്ലാം. എന്നാല്‍ ഇതിനേക്കാളും അപ്പുറം ഏറ്റവും വലുതായിട്ടുള്ളത് ഈശ്വരാനുഗ്രഹവും ഗുരുനാഥന്റെ അനുഗ്രഹവുമാണ്. ഇത് രണ്ടു മുണ്ടെങ്കില്‍ ഏതാപത്തിനേയും തരണം ചെയ്ത് നമുക്കും രാജ്യത്തിനും മുന്നോട്ടു പോകാം എന്നതുറപ്പാണ് അതുതന്നെയാണ് പരമമായ സത്യം.

ഇതിനോടനുബന്ധിച്ച് പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട എന്തെങ്കിലും മുന്നറിയിപ്പുകള്‍ ഔദ്യോഗികമായി ഗവര്‍മ്മേണ്ടില്‍ നിന്നോ മേലധികാരികളില്‍ നിന്നോ ലഭിച്ചാല്‍ പൊതുജനങ്ങള്‍ അത് കര്‍ശനമായി പാലിക്കേണ്ടതാണ് എന്നു കൂടി ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. കാരണം ഇത് വരുംകാലത്തെക്കുറിച്ചുള്ള എന്റെ ജ്യോതിഷ പരമായ ഒരു നിരീക്ഷണം മാത്രമാണ് എന്നു കൂടി പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

ജ്യോത്സ്യന്‍ തെങ്കര
സുബ്രഹ്‌മണ്യന്‍
94478 40 774

Related Posts