സ്പെഷ്യല്‍
ഏറ്റുമാനൂരമ്പലത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം ഇന്ന്

പരശുരാമനാല്‍ സ്ഥാപിതമായ 108 ശിവാലയങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം. ഇവിടെ അഘോരരൂപത്തിലുള്ള ശിവഭഗവാന്റെ പ്രതിഷ്ഠയാണുള്ളത്. പടിഞ്ഞാറോട്ടു ദര്‍ശനമായി വാണരുളുന്ന ഭഗവാനെ ദര്‍ശിച്ച് മനമുരുകി പ്രാര്‍ഥിച്ചാല്‍ സകലപാപങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം.

ഏഴരപ്പൊന്നാന ദര്‍ശനം

പ്രശസ്തമായ കെടാവിളക്കും ഏഴരപ്പൊന്നാന ദര്‍ശനവും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഏഴരപ്പൊന്നാന ദര്‍ശനം കുംഭമാസത്തില്‍ മാത്രമാണുള്ളത്. ക്ഷേത്രത്തിനുള്ളിലെ ആസ്ഥാന മണ്ഡപത്തില്‍ ഇന്ന് (മാര്‍ച്ച് 6) രാത്രി 12നാണ് ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും. തന്ത്രി കണ്ഠര് രാജീവര്, തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ പ്രത്യേക പൂജകള്‍ക്കു ശേഷമാണ് ക്ഷേത്രാങ്കണത്തിലെ ആസ്ഥാനമണ്ഡപം തുറക്കുന്നത്. ഇതിനു മുന്നോടിയായി ശ്രീകോവിലില്‍ നിന്ന് ഏറ്റുമാനൂരപ്പനെ ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടിന് ഏഴരപ്പൊന്നാനകളെ പുറത്തേക്ക് എഴുന്നള്ളിക്കും. ആറാട്ട് ദിവസമായ എട്ടു വരെ ആസ്ഥാന മണ്ഡപത്തില്‍ ഏഴരപ്പൊന്നാനകളെ ദര്‍ശിക്കാം.

ഐശ്വര്യത്തിന്റെ പ്രതീകമാണ് ഏഴരപ്പൊന്നാന. ഏഴരപ്പൊന്നാന ദര്‍ശനത്തിലൂടെ സര്‍വ്വൈശ്വര്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം. ശ്രീകോവിലില്‍ നിന്ന് ഏറ്റുമാനൂരപ്പനെ ക്ഷേത്രമതില്‍ക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നെള്ളിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് ആരംഭം കുറിക്കുന്നത്.

മഹാദേവന്റെ തിടമ്പിന് ഇരുവശത്തുമായി സ്വര്‍ണത്തില്‍ തീര്‍ത്ത പൊന്നാനകളെ അണിനിരത്തും. ഇടതുഭാഗത്ത് നാലും വലതുഭാഗത്ത് മൂന്നും പൊന്നാനകളെയാണ് വയ്ക്കുക. തിടമ്പിന് താഴെ മുന്‍ഭാഗത്തായി അരപ്പൊന്നാനയെ വയ്ക്കുന്നു.

വരിക്കപ്ലാവിന്റെ തടിയില്‍ ആനയുടെ രൂപം കൊത്തിയെടുത്ത് സ്വര്‍ണ്ണപ്പാളികള്‍ തറച്ചാണ് പൊന്നാനയെ നിര്‍മ്മിച്ചിരിക്കുന്നത്. വലിയ ആനകള്‍ക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം.

ഏഴരപ്പൊന്നാനകള്‍ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നാണ് വിശ്വാസം. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൌമന്‍, വാമനന്‍ എന്നിവയാണ് ദിക്ക്ഗജങ്ങള്‍.

ഇതില്‍ വാമനന്‍ ചെറുതായതുകൊണ്ട് അരപൊന്നാനയായി. ഈ അരപ്പൊന്നാനയുടെ പുറത്തേറിയാണ് ഭഗവാന്‍ ആസ്ഥാന മണ്ഡപത്തിലിരിക്കുന്നത്.സകല ദേവന്മാരും സന്നിഹിതരാകുന്ന ആ സന്ദര്‍ഭത്തില്‍ അഷ്ടദിഗ്ഗജങ്ങളാല്‍ സന്നിഹിതനാകുന്ന ശ്രീപരമശിവനെ വണങ്ങി പ്രാര്‍ഥിക്കുന്നത് ജീവിതത്തിലെ അപൂര്‍വഭാഗ്യവും അനുഗ്രഹവുമാണ്.

പ്രധാന വഴിപാടുകള്‍

ബലിക്കല്‍പുരയിലെ കെടാവിളക്കില്‍ എണ്ണ ഒഴിക്കുന്നതാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട വഴിപാട്. വലിയ വിളക്കില്‍ എണ്ണ ഒഴിച്ച് നൊന്തു പ്രാര്‍ത്ഥിച്ചാല്‍ ഏറ്റുമാനൂരപ്പന്‍ വിളികേള്‍ക്കുമെന്നാണ് വിശ്വാസം. വലിയ വിളക്കിന്റെ മൂടിയില്‍ പിടിച്ചിരിക്കുന്ന മഷികൊണ്ട് കണ്ണെഴുതിയാല്‍ നേത്രരോഗങ്ങള്‍ ശമിക്കുമെന്നും പന്ത്രണ്ടു ദിവസം മുടങ്ങാതെ നിര്‍മാല്യ ദര്‍ശനം നടത്തിയാല്‍ ഏത് അഭീഷ്ടകാര്യവും സാധിക്കുമെന്നും ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.

ettumanoor ezhara ponnana darshanam
Ettumanoor Mahadevar Temple
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം
ഏഴരപ്പൊന്നാനദര്‍ശനം
Related Posts