ക്ഷേത്ര വാർത്തകൾ
സര്‍വൈശ്വര്യത്തിനായി ശ്രീപിച്ചേലിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മഹാശ്രീചക്രപൂജ ആരംഭിച്ചു; ഭക്തര്‍ക്ക് അനുഗ്രഹവര്‍ഷം!

അങ്കമാലി: അതീവ പ്രാധാന്യമുള്ള മഹാശ്രീചക്രപൂജ അങ്കമാലി എളവൂര്‍ ശ്രീപിച്ചേലിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് (നവംബര്‍ 9) രാവിലെ ആരംഭിച്ചു. സര്‍വൈശ്വര്യത്തിനും ദുരിതശാന്തിക്കുമായി നടത്തുന്ന ഈ പുണ്യകര്‍മ്മം, ത്രികാലപൂജാ സഹിതം രാവിലെ 6 മണിക്ക് തുടങ്ങി വൈകിട്ട് 8 മണി വരെ തുടരും. ആദിപരാശക്തിയായ ശ്രീലളിതാംബികയില്‍ നിന്നാണ് എല്ലാ ദേവീദേവന്മാരുടെയും ഉത്ഭവം. ശ്രീചക്രത്തില്‍ വസിക്കുന്ന ആ അമ്മയില്‍ എല്ലാ ദേവീദേവന്മാരുടെയും എല്ലാ യന്ത്രങ്ങളുടെയും ചൈതന്യം കുടികൊള്ളുന്നു. അതുകൊണ്ടുതന്നെ ശ്രീചക്ര പൂജയ്ക്ക് അതീവ പ്രാധാന്യമുണ്ട്.

രാവിലെ 5ന് ഉഷപൂജയോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. 7.30 മുതല്‍ 8.30 വരെ നടന്ന ശ്രീമദ് ലളിതാസഹസ്രനാമ സമൂഹജപത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. രാവിലെ 9 മണി മുതല്‍ മഹാശ്രീചക്രപൂജ തുടര്‍ച്ചയായി നടക്കുകയാണ്.

ഉച്ചയ്ക്ക് 2ന് നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ ബ്രഹ്‌മശ്രീ മാടവന പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ വിശേഷാല്‍ പ്രഭാഷണം ഉണ്ടാകും. നൃത്തം, സംഗീതം, ജ്യോതിഷം, ആരോഗ്യം എന്നീ വിഭാഗങ്ങളിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും.

വൈകിട്ട് 4ന് മഹാശ്രീചക്രപൂജ തുടര്‍ച്ചയായി നടക്കുമ്പോള്‍ സംഗീതാര്‍ച്ചനയും നൃത്താര്‍ച്ചനയും അരങ്ങേറും.

രാത്രി 8.30ന് അന്നമനട മുരളീധരമാരാരും സംഘവും നയിക്കുന്ന പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ മഹാദീപാരാധനയോടെ ഇന്നത്തെ ചടങ്ങുകള്‍ക്ക് സമാപനമാകും.

മഹാശ്രീചക്രപൂജ ജ്യോതിഷവാര്‍ത്ത, ജ്യോതിസ്ടിവി എന്നീ ചാനലുകളിലും ജിയോ ടിവി പ്ലാറ്റ്ഫോമിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

 

Related Posts