
ഇടവൂര്‍ ശങ്കരനാരായണ ക്ഷേത്രത്തില്‍ സ്കന്ദജ്ഞാനാമൃതം പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി
കാലടി: ഇടവൂര്‍ ചേരാനല്ലൂര്‍ ധര്‍മ്മപരിപാലന സഭയുടെ ശങ്കരനാരായണ ക്ഷേത്രത്തില്‍ സ്കന്ദഷഷ്ഠി വ്രതത്തോടനുബന്ധിച്ച് നടത്തുന്ന ആറുദിവസത്തെ സ്കന്ദജ്ഞാനാമൃതം ആത്മീയ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി. നവംബര്‍ 9 മുതല്‍ 14 വരെ ദിവസവും വൈകിട്ട് 6.30 മുതലാണ് പരിപാടികള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ നടന്ന പ്രഭാഷണത്തില്‍ എല്‍എംആര്‍കെ സ്ഥാപകന്‍ രജിത് കുമാര്‍ ഭക്തജനങ്ങളുമായി സംവദിച്ചു. വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യം, മുരുകഭക്തി, സുബ്രഹ്മണ്യ ഉപാസന തുടങ്ങിയ വിഷയങ്ങള്‍ പ്രഭാഷണത്തില്‍ പ്രതിപാദിച്ചു.
ആറുദിവസങ്ങളിലായി ആത്മീയ-ആദ്ധ്യാത്മിക രംഗത്തെ പ്രമുഖരാണ് പ്രഭാഷണങ്ങള്‍ നടത്തുന്നത്. ഇന്ന് (നവംബര്‍ 10) വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി പ്രഭാഷണം നടത്തും. നവംബര്‍ 11ന് ഡോ. ടി.പി. ആര്. നമ്പൂതിരി, 12ന് ഡോ. രാമാനന്ദ്, 13ന് പ്രൊഫ. സരിത അയ്യര്‍, 14ന് പ്രൊഫ. ഹരീഷ് ചന്ദ്രശേഖരന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
സ്കന്ദഷഷ്ഠി ദിനമായ നവംബര്‍ 15ന് ക്ഷേത്രത്തില്‍ വിപുലമായ പൂജാകര്‍മ്മങ്ങളും വിശേഷാല്‍ ചടങ്ങുകളും നടക്കും. പുലര്‍ച്ചെ 5.45ന് ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ 7.35ന് കലശപൂജ, 9.30ന് ഷഷ്ഠിമാനസപൂജയും സുബ്രഹ്മണ്യാര്ച്ചനയും, 11ന് വിശേഷാല്‍ അഭിഷേകം, ഉച്ചയ്ക്ക് 12ന് ഉച്ചപൂജ എന്നിവ നടക്കും.
ഇതോടനുബന്ധിച്ച് 1001 ഭക്തര്‍ക്ക് പുടവവിതരണവും സംഘടിപ്പിക്കുന്നുണ്ട്. ജ്യോതിഷരത്നം സുഭാഷ് ഗുരുക്കള്‍ പുടവ വിതരണം നിര്‍വഹിക്കും. തുടര്‍ന്ന് പഞ്ചവാദ്യവും മഹാപ്രസാദ ഊട്ടും നടക്കും. സ്കന്ദഷഷ്ഠി ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് അഡ്വ. ബിജു കര്ണ്ണന്, സെക്രട്ടറി വി.എസ്. അജയകുമാര്‍, ട്രഷറര്‍ വി.എന്‍.ജോഷി എന്നിവര്‍ അറിയിച്ചു.

