
ഇടവെട്ടിയില്‍ ഔഷധസേവ ആരംഭിച്ചു; ചടങ്ങുകള്‍ ജ്യോതിഷവാര്‍ത്തയില്‍ തത്സമയം
തൊടുപുഴ: കര്‍ക്കടകത്തിന്റെ ദുരിതങ്ങളില്‍ നിന്നും രോഗപീഡകളില്‍ നിന്നും ആശ്വാസം നേടാന്‍ ആയിരങ്ങള്‍ക്ക് അഭയകേന്ദ്രമായി ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അതിവിശിഷ്ടമായ ഔഷധസേവ ആരംഭിച്ചു. ഇന്ന്, ഓഗസ്റ്റ് 1-ന് (കര്‍ക്കടകം 16) പുലര്‍ച്ചെ 5 മണി മുതലാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. നാടിന്റെ നാനാഭാഗത്തുനിന്നും ഭക്തജനങ്ങളുടെ വലിയ പ്രവാഹമാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്.
ചടങ്ങുകള്‍ തത്സമയം കാണാന്‍ ജ്യോതിഷവാര്‍ത്ത പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ ചടങ്ങുകള്‍ ജ്യോതിഷവാര്‍ത്ത ചാനലിലും സ്വസ്തി മലയാളത്തിലും തല്‍സമയം കാണാം.
ഔഷധസേവയുടെ മാഹാത്മ്യം
അയ്യായിരം വര്‍ഷം പഴക്കമുള്ള ഐതിഹ്യമനുസരിച്ച്, പാണ്ഡവരിലെ നകുലന്‍ ‘സര്‍വ്വരോഗശമനം’ എന്ന സങ്കല്‍പ്പത്തില്‍ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം. ധന്വന്തരീമൂര്‍ത്തിയുടെ ചൈതന്യം കുടികൊള്ളുന്ന ഇവിടുത്തെ ഭഗവാന്‍ രോഗദുരിതങ്ങള്‍ അകറ്റി ആയുരാരോഗ്യം നല്‍കുമെന്നാണ് വിശ്വാസം. തൃശൂര്‍ ബ്രഹ്‌മസ്വം മഠത്തിലെ വേദപണ്ഡിതര്‍ ഔഷധസൂക്തങ്ങള്‍ ഉരുവിട്ട് പവിത്രമാക്കിയ ദിവ്യൗഷധം വെണ്ണയില്‍ ചാലിച്ച് അരയാലിലയിലാണ് ഭക്തര്‍ക്ക് നല്‍കുന്നത്. ധന്വന്തരീമന്ത്രം ജപിച്ച്, വടക്കോട്ട് ദര്‍ശനമായിരുന്ന് ഭക്തിയോടെ ഔഷധം സേവിക്കുന്ന ഭക്തര്‍ക്ക് ഔഷധക്കഞ്ഞിയും നല്‍കുന്നു.
ഔഷധസേവയ്ക്കൊപ്പം നടക്കുന്ന നാണയപ്പറ സമര്‍പ്പണവും പ്രധാനമാണ്. മനസ്സിലെ ആഗ്രഹം പ്രാര്‍ത്ഥിച്ച് ഭഗവാന് നാണയപ്പറ സമര്‍പ്പിച്ചാല്‍ അടുത്ത വര്‍ഷത്തിനുള്ളില്‍ ആഗ്രഹം സഫലമാകുമെന്നാണ് ഭക്തരുടെ അനുഭവസാക്ഷ്യം.

