ക്ഷേത്ര വാർത്തകൾ
ഇടവെട്ടി ഔഷധസേവ 2025; കലണ്ടര്‍ പ്രകാശനം ചെയ്തു

ഒരുനേരത്തെ ഔഷധസേവ കൊണ്ട് ഒരു വര്‍ഷം മുഴുവനും സര്‍വ്വരോഗങ്ങള്‍ക്കും ശമനം ലഭിക്കുന്ന ഇടവെട്ടി ഔഷധസേവ ഈ വര്‍ഷം കര്‍ക്കിടകം 16ന് ഓഗസ്റ്റ് ഒന്നിന് ആണ്. 5000 വര്‍ഷങ്ങള്‍ക്കുമപ്പുറത്ത് ദ്വാപരയുഗത്തില്‍ ആയുര്‍വേദത്തിന്റെ ആചാര്യന്മാരും ദേവ വൈദ്യന്മാരും ആയിരുന്ന അശ്വിനിദേവന്മാരുടെ പുത്രന്‍ നകുലന്‍ ലോകമെങ്ങും സൗഖ്യം നല്‍കുകയെന്ന മഹാസങ്കല്പത്തില്‍ പ്രതിഷ്ഠിച്ച ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാന്റെ സന്നിധിയില്‍ എല്ലാവര്‍ഷവും കര്‍ക്കിടകം 16ന് നടക്കുന്ന ഔഷധസേവയില്‍ പങ്കെടുക്കുന്നതിന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഒഴുകി എത്താറുള്ളത്.

ഔഷധസേവയ്ക്ക് എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ഔഷധം സേവിച്ച് മടങ്ങുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങള്‍ ഈ വര്‍ഷവും ഉണ്ടാവും. ഒരേസമയം 1000 പേര്‍ക്ക് ഔഷധം സേവിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഈ വര്‍ഷം ചെയ്യുന്നത്. ഈ വര്‍ഷത്തെ ഔഷധസേവയുടെ കലണ്ടര്‍ പ്രകാശനം തൊടുപുഴ അക്ഷയ കേറ്ററിംഗ് ഉടമ രാജന്‍ അക്ഷയയ്ക്ക് നല്‍കിക്കൊണ്ട് തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. ദീപക് നിര്‍വഹിച്ചു.

Related Posts