
ആയുരാരോഗ്യ സൗഖ്യത്തിനായി ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക മാസത്തില്‍ വിശേഷാല്‍ വഴിപാടുകള്‍
ആയുര്‍വേദത്തിന്റെ ആചാര്യന്മാരായ അശ്വിനിദേവന്മാരുടെ പുത്രന്‍ നകുലന്‍ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന, തൊടുപുഴയ്ക്കടുത്തുള്ള ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക മാസത്തില്‍ രോഗശാന്തിക്കും ആയുരാരോഗ്യ സൗഖ്യത്തിനുമായി സവിശേഷമായ വഴിപാടുകള്‍ നടത്തുന്നതായി ദേവസ്വം അറിയിച്ചു.
ലോകത്തിന് മുഴുവന്‍ സൗഖ്യം നല്‍കുക എന്ന സങ്കല്‍പ്പത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍, കര്‍ക്കിടക മാസത്തില്‍ ഭഗവാന്റെ ചൈതന്യം ഏറ്റവും വര്‍ധിച്ചിരിക്കുമെന്നാണ് വിശ്വാസം. ഈ പുണ്യമാസത്തില്‍ ഭക്തര്‍ക്ക് അവരവരുടെ പേരിലും നാളിലും വിശേഷാല്‍ വഴിപാടുകള്‍ നടത്താം.
പ്രധാന വഴിപാടുകള്‍
ഒരുകുടം എള്ളെണ്ണ സമര്‍പ്പണം: ആയുരാരോഗ്യ സൗഖ്യം, ഐശ്വര്യം എന്നിവയ്ക്കും കുട്ടികള്‍ക്ക് ഏകാഗ്രതയും ബുദ്ധിശക്തിയും വര്‍ദ്ധിക്കുന്നതിനും ഈ വഴിപാട് ഉത്തമമാണ്. ഭഗവാന് അഭിഷേകം ചെയ്ത എണ്ണ രോഗശമനത്തിനും രോഗങ്ങള്‍ വരാതിരിക്കാനും ഫലപ്രദമാണെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.
21 ദിവസത്തെ സ്വസ്തിസൂക്താര്‍ച്ചന: രോഗശാന്തിക്കായി നടത്തുന്ന ഈ അര്‍ച്ചനയോടൊപ്പം എള്ളെണ്ണ സമര്‍പ്പണവും ചന്ദനം ചാര്‍ത്തും നടത്തുന്നത് രോഗദുരിതങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുമെന്നും വിശ്വാസമുണ്ട്. ഇവ കൂടാതെ ധന്വന്തരീ പൂജ, അത്താഴപൂജ എന്നിവയും പ്രധാന വഴിപാടുകളാണ്.
ഭഗവാന് എള്ളെണ്ണ സമര്‍പ്പിക്കുകയും മറ്റ് വഴിപാടുകള്‍ കഴിക്കുകയും ചെയ്യുന്ന ഭക്തരുടെ പേരിലും നാളിലും പൂജകള്‍ നടത്തിയ ശേഷം, അഭിഷേകം ചെയ്ത എണ്ണയും ചാര്‍ത്തിയ ചന്ദനവും പ്രസാദമായി തപാല്‍ വഴി അയച്ചുനല്‍കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിനും, പ്രസാദമായി ലഭിക്കുന്ന എണ്ണയും ചന്ദനവും ഉപയോഗിക്കേണ്ട വിധം അറിയുന്നതിനും 9495960102 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.