
ഇടവെട്ടി ക്ഷേത്രത്തിലെ ഔഷധസേവാ ദിന പൂജകള്‍ക്ക് ബുക്കിംഗ് ആരംഭിച്ചു
തൊടുപുഴ: ഇടുക്കി ജില്ലയിലെ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിശ്വപ്രസിദ്ധമായ ഔഷധസേവയോടനുബന്ധിച്ചുള്ള വിശേഷാല്‍ പൂജകള്‍ക്കും വഴിപാടുകള്‍ക്കുമായി ബുക്കിംഗ് ആരംഭിച്ചു. ഈ വര്‍ഷത്തെ ഔഷധസേവ കര്‍ക്കിടകം 16-ന്, അതായത് ഓഗസ്റ്റ് ഒന്നിനാണ് നടക്കുക. രോഗശമനത്തിനായി നടത്തപ്പെടുന്ന എണ്ണ അഭിഷേകം, ധന്വന്തരി പൂജ, കുട്ടികളുടെ പഠനമികവിനായുള്ള വിദ്യാഗോപാലമന്ത്രാര്‍ച്ചന എന്നിവയാണ് ഈ ദിവസത്തെ പ്രധാന വഴിപാടുകള്‍.
ഭഗവാന്റെ ചൈതന്യം ഏറ്റവും ദീപ്തമായി പ്രകാശിക്കുന്ന ദിവസമാണ് കര്‍ക്കിടകം 16 എന്നാണ് വിശ്വാസം. ഈ പുണ്യദിനത്തില്‍ നടത്തുന്ന ഔഷധസേവ ഒരു വര്‍ഷം മുഴുവന്‍ രോഗങ്ങളില്‍ നിന്ന് രക്ഷ നല്‍കുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. രോഗശാന്തിക്കും പൊതുവായ സൗഖ്യത്തിനും വേണ്ടിയാണ് ഭക്തര്‍ എണ്ണ അഭിഷേകവും ധന്വന്തരി പൂജയും പ്രധാനമായും നടത്തുന്നത്.
കുട്ടികളില്‍ ഏകാഗ്രതയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനും പഠിച്ച കാര്യങ്ങള്‍ യഥാസമയം ഓര്‍മ്മയില്‍ വരുവാനും സഹായിക്കുന്ന പ്രത്യേക പൂജയാണ് വിദ്യാഗോപാലമന്ത്രാര്‍ച്ചന. കര്‍ക്കിടക മാസത്തില്‍ 14 ദിവസം നീണ്ടുനില്‍ക്കുന്ന ഈ പൂജയില്‍ പങ്കാളികളാകുന്നവര്‍ക്ക്, പൂജിച്ച സാരസ്വത ഘൃതം പ്രസാദമായി നല്‍കും.
‘ലോകം സൗഖ്യം നിറയ്ക്കുക’ എന്ന മഹാ സങ്കല്‍പ്പത്തില്‍, അയ്യായിരം വര്‍ഷങ്ങള്‍ക്കപ്പുറം ദേവവൈദ്യന്മാരായ അശ്വിനിദേവന്മാരുടെ പുത്രന്‍ നകുലനാണ് ഈ ക്ഷേത്രം പ്രതിഷ്ഠിച്ചതെന്നാണ് ഐതിഹ്യം. ധന്വന്തരി ഭാവത്തിലുള്ള ശ്രീകൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഔഷധസേവ ദിവസം പുലര്‍ച്ചെ മുതല്‍ ഉച്ചവരെയാണ് ചടങ്ങുകള്‍ നടക്കുക. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സമീപ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് ഭക്തരാണ് എല്ലാ വര്‍ഷവും ഔഷധസേവയ്ക്കായി ഇവിടെ എത്തുന്നത്.
ഈ വിശേഷാല്‍ പൂജകളിലും വഴിപാടുകളിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9495960102.

