സ്പെഷ്യല്‍
ചാതുർമാസ്യത്തിന് തുടക്കം കുറിച്ച് ദേവശയന ഏകാദശി; വ്രതമെടുത്ത് പുണ്യം നേടാം

ഹൈന്ദവ വിശ്വാസപ്രകാരം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വ്രതാനുഷ്ഠാനങ്ങളില്‍ ഒന്നാണ് ഏകാദശി വ്രതം. അതില്‍ത്തന്നെ, ആഷാഢമാസത്തിലെ ശുക്ലപക്ഷത്തില്‍ വരുന്ന ഏകാദശിക്ക് സവിശേഷ സ്ഥാനമുണ്ട്. ‘ദേവശയന ഏകാദശി’, ‘ഹരിശയനി ഏകാദശി’, ‘ആഷാഢി ഏകാദശി’ എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ പുണ്യദിനം, പ്രപഞ്ചനാഥനായ മഹാവിഷ്ണു യോഗനിദ്രയിലേക്ക് പ്രവേശിക്കുന്ന ദിവസമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം മുതലാണ് ഹിന്ദുമതത്തിലെ പുണ്യമാസങ്ങളായ ‘ചാതുര്‍മാസ്യം’ ആരംഭിക്കുന്നത്. ഈ വര്‍ഷത്തെ ദേവശയന ഏകാദശി ജൂലൈ 25 നാണ്.

ഐതിഹ്യവും പ്രാധാന്യവും

പുരാണങ്ങള്‍ അനുസരിച്ച്, ദേവശയന ഏകാദശി ദിനത്തില്‍ മഹാവിഷ്ണു പാലാഴിയില്‍ അനന്തന്റെ മുകളില്‍ യോഗനിദ്ര ആരംഭിക്കുന്നു. ഈ നിദ്ര നാലുമാസം നീണ്ടുനില്‍ക്കുകയും, കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ ‘പ്രബോധിനി ഏകാദശി’ അല്ലെങ്കില്‍ ഉത്ഥാന ഏകാദശി ദിനത്തില്‍ ഭഗവാന്‍ ഉണരുകയും ചെയ്യുന്നു.

ഇതൊരു സാധാരണ ഉറക്കമല്ല, മറിച്ച് പ്രപഞ്ചത്തിന്റെ അടുത്ത ഘട്ടത്തിനായുള്ള ഭഗവാന്റെ ഗാഢമായ ധ്യാനവും ചിന്തയുമാണ്. ഈ കാലയളവില്‍ സൃഷ്ടി, സ്ഥിതി, സംഹാര കര്‍മ്മങ്ങളുടെ ചുമതല ഭഗവാന്‍ ശിവനെ ഏല്‍പ്പിക്കുന്നുവെന്നും വിശ്വാസമുണ്ട്. അതിനാല്‍, ഈ നാലുമാസക്കാലം ആത്മീയ സാധനകള്‍ക്കും വ്രതങ്ങള്‍ക്കും ഏറ്റവും ഉത്തമമായി കണക്കാക്കപ്പെടുന്നു.

ചാതുര്‍മാസ്യ വ്രതത്തിന്റെ തുടക്കം

ദേവശയന ഏകാദശി ചാതുര്‍മാസ്യ വ്രതത്തിന്റെ ആരംഭം കുറിക്കുന്നു. ഈ നാലുമാസക്കാലം സന്യാസിമാരും ഭക്തരും ജപം, തപസ്സ്, ധ്യാനം, ഭാഗവത പാരായണം തുടങ്ങിയ ആത്മീയ കാര്യങ്ങളില്‍ മുഴുകുന്നു. ഈ കാലയളവില്‍ ഭൗതികവും ലൗകികവുമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം കുറയുന്നു. അതുകൊണ്ടാണ് ചാതുര്‍മാസ്യ കാലഘട്ടത്തില്‍ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗളകര്‍മ്മങ്ങള്‍ പൊതുവെ ഒഴിവാക്കുന്നത്.

വ്രതാനുഷ്ഠാനം എങ്ങനെ?

ദേവശയന ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് സര്‍വ്വ പാപങ്ങളെയും ഇല്ലാതാക്കി പുണ്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. വ്രതം അനുഷ്ഠിക്കേണ്ട രീതി താഴെപ്പറയുന്നു:

ഏകാദശിയുടെ തലേദിവസമായ ദശമിക്ക് ഒരിക്കലൂണ് (ഒരു നേരം മാത്രം അരിയാഹാരം) ശീലമാക്കുക. ലളിതവും സാത്വികവുമായ ഭക്ഷണം കഴിക്കുക.

ഏകാദശി ദിവസം ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കുളിച്ച് ശുദ്ധിയായി, പൂജാമുറിയില്‍ വിളക്ക് തെളിയിച്ച് മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക. വിഷ്ണു വിഗ്രഹത്തിലോ ചിത്രത്തിലോ തുളസിയില, വെള്ളപ്പൂക്കള്‍ എന്നിവ സമര്‍പ്പിക്കാം.

ഉപവാസം: അന്നേദിവസം പൂര്‍ണ്ണമായി ഉപവസിക്കുന്നത് അത്യുത്തമം. ആരോഗ്യപരമായ കാരണങ്ങളാല്‍ സാധിക്കാത്തവര്‍ക്ക് പഴങ്ങളോ പാലോ കഴിച്ച് ഭാഗികമായി വ്രതം അനുഷ്ഠിക്കാം. അരി കൊണ്ടുണ്ടാക്കിയ ഭക്ഷണങ്ങള്‍, ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം.

ഭഗവത് സ്മരണ: ദിവസം മുഴുവന്‍ വിഷ്ണു സ്മരണയില്‍ കഴിയുക. വിഷ്ണു സഹസ്രനാമം, നാരായണീയം, ഭാഗവതം, ഭഗവദ്ഗീത എന്നിവ പാരായണം ചെയ്യുന്നതും കേള്‍ക്കുന്നതും ശ്രേഷ്ഠമാണ്. ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന മൂലമന്ത്രം നിരന്തരം ജപിക്കുക.

പാരണവീടല്‍: പിറ്റേന്ന് ദ്വാദശി ദിവസം രാവിലെ കുളിച്ച് പൂജകള്‍ക്ക് ശേഷം തുളസിയില ഇട്ട തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. പാരണ വീടാന്‍ (വ്രതം അവസാനിപ്പിക്കല്‍) ദ്വാദശി തിഥി അവസാനിക്കുന്നതിനു മുന്‍പ് ഭക്ഷണം കഴിക്കണം.

വ്രതഫലം

ദേവശയന ഏകാദശി വ്രതം ഭക്തിയോടെ അനുഷ്ഠിക്കുന്നവര്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. ഈ വ്രതത്തിലൂടെ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങളില്‍ നിന്ന് മുക്തി ലഭിക്കുകയും, ആഗ്രഹസാഫല്യം, കുടുംബത്തില്‍ സമാധാനം, ആരോഗ്യം എന്നിവയുണ്ടാവുകയും ചെയ്യും. ഭഗവാന്‍ യോഗനിദ്രയിലായിരിക്കുമ്പോള്‍ പൂര്‍ണ്ണമായ സമര്‍പ്പണത്തോടെ പ്രാര്‍ത്ഥിക്കുന്ന ഭക്തരെ അദ്ദേഹം ഒരിക്കലും കൈവിടില്ല. മോക്ഷപ്രാപ്തിക്ക് വരെ ഈ ഏകാദശി വ്രതം സഹായിക്കുമെന്നും ആചാര്യന്മാര്‍ പറയുന്നു.

ഈ ദേവശയന ഏകാദശി ദിനം വ്രതമെടുത്ത് പ്രാര്‍ത്ഥനകളോടെ ആചരിച്ച് മഹാവിഷ്ണുവിന്റെ അനുഗ്രഹത്തിന് പാത്രീഭൂതരാകാന്‍ ഏവര്‍ക്കും സാധിക്കട്ടെ.

ദേവശയ ഏകാദശിയുടെ പ്രാധാന്യത്തെയും ഐതിഹ്യത്തെയും കുറിച്ച് ഉഷ കെ.നമ്പൂതിരി ജ്യോതിഷവാര്‍ത്താ ചാനലില്‍ നടത്തിയ പ്രഭാഷണം കേള്‍ക്കാം.

Related Posts