ഈ ഒറ്റ സ്തുതി മാത്രം പാരായണം ചെയ്താലും ശ്രേയസ്കരം; ദേവീ മാഹാത്മ്യം പാരായണം ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ
മനഃശാന്തിയും സമാധാനവും ആഗ്രഹനിർവൃതിയും പരമമായ മോക്ഷവും ലഭിക്കാൻ ആഗ്രഹമുള്ള ആർക്കും ദേവീമാഹാത്മ്യം പാരായണം ചെയ്യാം. ആരോഗ്യവും സമ്പത്തും സന്തോഷവും അനുഭവിക്കുന്ന കാലത്തുതന്നെ ദേവീഭജനം പതിവാക്കിയാൽ ആപത്തുകൾ തട്ടിമാറ്റപ്പെടും.
ആർക്കൊക്കെ ദേവീ മാഹാത്മ്യം പാരായണം ചെയ്യാം
ദേവിയിലുള്ള പരമമായ ഭക്തിയാണ് ദേവീ മാഹാത്മ്യം പാരായണത്തിനുള്ള യോഗ്യത. അത്തരം ഭക്തി ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരും യോഗ്യരാണ്. മനഃശുദ്ധിയും മുഖ്യം.
ദേവീ മാഹാത്മ്യം പാരായണം ചെയ്യുവാൻ ഗുരുപദേശം വേണമെന്നില്ല. ഉള്ളിൽ തോന്നലുണ്ടാവുന്നത് തന്നെ പാരായണത്തിന് അർഹത സിദ്ധിച്ചതിന്റെ ലക്ഷണമാണ്. അക്ഷരസ്ഫുടതയോടെ പാരായണം ചെയ്യാൻ ശ്രദ്ധിക്കണം. ദേവീമാഹാത്മ്യം ശ്ലോകങ്ങൾ, മന്ത്രങ്ങൾ എന്ന നിലയിൽ ഉപാസിക്കാം. മന്ത്രം എന്ന നിലയ്ക്ക് ദേവീമാഹാത്മ്യം സാധനയ്ക്ക് ഉപയോഗിക്കുകയാണെങ്കിൽ നവാംഗങ്ങളോ ത്രയാംഗങ്ങളോ ചേർത്ത് നവാക്ഷരീ ജപസഹിതം വേണം സാധന ചെയ്യുവാൻ. മന്ത്രം യഥാവിധി കവചം, ഋഷി, ഛന്ദസ് എന്നീ ന്യാസങ്ങളോട് ജപിക്കണമെന്ന് കുളാർണ്ണവതന്ത്രം വ്യക്തമായി പറഞ്ഞിരിക്കുന്നു
നവാക്ഷരീമന്ത്രജപം
നവാക്ഷരീമന്ത്രജപത്തിന് ഗുരുപദേശം ആവശ്യമുണ്ട്. നവാക്ഷരീമന്ത്രത്തിന്റെ വിസ്തരിക്കപ്പെട്ട രൂപമാണ് ദേവീമാഹാത്മ്യം. അതിനാൽ 13 അദ്ധ്യായങ്ങളടങ്ങിയ ദേവീമാഹാത്മ്യം ഭക്തിപൂർവ്വം പാരായണം ചെയ്യുന്ന ഭക്തന് നവാക്ഷരി ജപിച്ച ഫലം ലഭിക്കും.
പാരായണം ചെയ്യേണ്ട വിധം
ദേവീമാഹാത്മ്യം പാരായണം ചെയ്യുവാൻ ഏകാഗ്രഭക്തി വേണം. ശ്രദ്ധയും ഭക്തിയും പുലർത്തുക. മന:ശുദ്ധി പാലിക്കുക പാരായണം ചെയ്യുന്ന കഥാ സന്ദർഭങ്ങൾ മനസ്സിൽ കണ്ടുകൊണ്ട് അക്ഷരസ്ഫുടതയോടും അർത്ഥം ഗ്രഹിച്ചും പാരായണം ചെയ്യുക. ഇത് പതിവാക്കിയാൽ ശ്രദ്ധയും ഭക്തിയും വർദ്ധിച്ചു വരും. വളരെ ഉച്ചത്തിലും പതിഞ്ഞ ശബ്ദത്തിലും പാരായണം ചെയ്യരുത്. ഗ്രന്ഥം പീഠത്തിൽ വച്ചാണ് പാരായണം ചെയ്യേണ്ടത്. സംഗീതാത്മകമായും അതിവേഗത്തിൽ അവസാനിപ്പിക്കാൻ വെമ്പലോടെയും പാരായണം ചെയ്യരുത്. തല കുലുക്കിയും കൈകാൽ ഇളക്കിയും ആകരുത് പാരായണം. അർത്ഥമറിയാതെ, മന്ത്രാക്ഷരഘടനമുറിച്ച് പാരായണമരുത്. നവാംഗങ്ങളോ ത്രയാംഗങ്ങളോ ചേർത്ത് പാരായ ണം ചെയ്യണം. മൂന്നു ദിവസം കൊണ്ടോ ഒരാഴ്ചകൊണ്ടോ പാരായണം ഒരാവർത്തി പൂർത്തിയാക്കുന്ന രീതി അവലംബിക്കാം. പാരായണം ചെയ്യാൻ നിശ്ചയിച്ച ഭാഗങ്ങൾ ഇടയ്ക്ക് നിർത്തരുത്. അദ്ധ്യായം മുഴുവൻ പാരായണം ചെയ്യണം. ഇടയ്ക്കുവച്ചു നിർത്തേണ്ടിവന്നാൽ ആ അദ്ധ്യായം തുടക്കം മുതൽ തന്നെ വീണ്ടും പാരായണം ചെയ്യണം.
ചുരുങ്ങിയ രീതിയിൽ എങ്ങനെ പാരായണം ചെയ്യാം
ദേവീ മാഹാത്മ്യത്തിലെ ഒരൊറ്റ ചരിതം മാത്രമേ പാരായണം ചെയ്യാൻ കഴിയൂ എങ്കിൽ അത് മദ്ധ്യമചരിതമായിരിക്കണമെന്നും, ഒരൊറ്റ അദ്ധ്യായമേ പാരായണം ചെയ്യാൻ കഴിയുന്നുള്ളൂ എങ്കിൽ അത് 11-ാം അദ്ധ്യായമായിരിക്കണമെന്നും ഒരൊറ്റ ശ്ലോകമേ ജപിക്കാൻ സൗകര്യമാവുന്നുള്ളൂ എങ്കിൽ അത് 11-ാം അദ്ധ്യായത്തിലെ നാരായണീയസ്തുതിയിൽ അടങ്ങിയ സർവ്വമംഗളമംഗല്യേ…. എന്ന ശ്ലോകം ആയിരിക്കണമെന്നുമാണ് പ്രമാണം. ഈ ചുരുങ്ങിയ പാരായണം കഥാസന്ദർഭം മനസ്സിൽ കണ്ടാകുവാൻ ശ്രമിക്കുക. മഹിഷാസുരമർദ്ദിനിയുടെ അവതാരവും മഹിസുരമർദ്ദനവും മഹിഷാസുരനിഗ്രഹം ചെയ്ത ദേവിയെ നോക്കിയുള്ള ദേവന്മാരുടെ സ്തുതിയും മനസ്സിൽ ചിത്രം പോലെ കണ്ട് പാരായണം നടത്തിയാൽ ഫലം അപാരമായിരിക്കും.
സ്ത്രീകൾ ദേവീമാഹാത്മ്യം പാരായണം ചെയ്യുമ്പോൾ
ദേവീമാഹാത്മ്യം സ്ത്രീകൾക്ക് പാരായണം ചെയ്യാം, മാത്രമല്ല സ്ത്രീകളുടെ ദേവീമാഹാത്മ്യം പാരായണത്തിന് കൂടുതൽ വൈശിഷ്ട്യവും പ്രസക്തിയുമുണ്ട്. സ്ത്രീകൾ ദേവിയുടെ അംശജാതരാണെന്നാണ് പറയാറുള്ളത്. ഗൃഹലക്ഷ്മികളായ സ്ത്രീകൾ ദേവിയുടെ അംശങ്ങൾ തന്നെയാണെന്നാണ് ദേവീഭാഗവതത്തിലും പറയുന്നത്. പരാശക്തിയും ജഗദംബയുമായ ദേവിയുടെ അംശജാതകളായതിനാൽ സ്ത്രീകളിൽ മാതൃഭാവം സഹജമായിത്തന്നെ കുടികൊള്ളുന്നു. ദേവീമാഹാത്മ്യ പാരായണത്തിലൂടെ ആ മാതൃഭാവം കൂടുതൽ പു ഷ്ടിപ്പെടുന്നു. അത് അവർക്കും കുടുംബത്തിനും ഐശ്വര്യദായകവും അനുഗ്രഹദായകവുമായി മാറുന്നു. ഫലപ്രാപ്തിയിൽ സ്ത്രീകളുടെ ദേവീ മാഹാത്മ്യം പാരായണം പുരുഷന്മാരുടേതിലും ഒരു പടി എങ്കിലും മുന്നിലാണ്. സ്ത്രീകൾക്ക് ദേവീമാഹാത്മ്യം നിത്യവും മുഴുവനും പാരായണം ചെയ്യുന്നതിന് സമയക്കുറവും പ്രായോഗിക ബുദ്ധിമുട്ടും ഉണ്ടെങ്കിൽ പതിനൊന്നാം അദ്ധ്യായത്തിലെ നാരായണീ സ്തുതി മാത്രമായി നിത്യവും പാരായണം ചെയ്യാം. സർവ്വമംഗള മംഗല്യേ… എന്ന ശ്ലോകം കഴിയുന്നത്ര തവണ നിത്യവും ജപിക്കുന്നത് തന്റെയും കുടുംബത്തിന്റെയും ശ്രേയസ്സിന് അതിവിശിഷ്ടമാണ്.