
ഭാഗ്യം തെളിയാനും ഉന്നത വിജയം കൈവരിക്കാനും ജപിക്കേണ്ട മന്ത്രം
നാമെല്ലാം ജീവിതത്തില്‍ ഏതുകാര്യത്തിനും ഭാഗ്യം ആഗ്രഹിക്കുന്നവരാണല്ലോ. പലപ്രാവശ്യം ശ്രമിച്ചാലും ചില കാര്യങ്ങളില്‍ ആഗ്രഹിക്കുന്ന ഫലങ്ങള്‍ ലഭിക്കുന്നില്ലായെങ്കിൽ അതിനു പ്രധാന കാരണം ആ സമയം ഭാഗ്യം നമ്മുടെ പക്ഷത്തല്ല എന്നതാണ്. ചിലകാര്യങ്ങള്‍ ഭാഗ്യം കൂടിയുണ്ടെങ്കിലേ നടക്കുകയുള്ളു. അതിന് ഈശ്വരകടാക്ഷം അത്യാവശ്യമാണ്. ഭാഗ്യം തെളിയാൻ ആദിഗുരുവായ ദക്ഷിണാമൂർത്തിയെ ഭജിക്കുന്നത് അഭീഷ്ട ഫലദായകമാണ്. ഭാഗ്യം തുണയ്ക്കാൻ മാത്രമല്ല, സർവ്വ കാര്യവിജയത്തിനും കുട്ടികൾക്ക് ബുദ്ധി വികസിക്കാനും ഉന്നത വിജയം കൈവരാനും ദക്ഷിണാമൂർത്തീ ഭജനം ഉത്തമമാണ്.
ഭഗവാൻ ശ്രീപരമേശ്വരന്റെ ജ്ഞാനരൂപഭാവമാണ് ദക്ഷിണാമൂര്‍ത്തി. അറിവുകൾ എല്ലാം ഗ്രഹിച്ചിട്ടും പൂർണത നേടിയില്ല എന്നു വ്യസനിക്കുന്ന ഋഷിമാർക്കു മുന്നിൽ യുവഭാവത്തിൽ ഭഗവാൻ ശിവൻ അവതരിക്കുകയും ചിന്മുദ്രയോടുകൂടി ആൽവൃക്ഷച്ചുവട്ടിലിരുന്നു മൗനത്തിലൂടെ ശിഷ്യരുടെ സംശയങ്ങളെല്ലാം ദുരീകരിക്കുകയും ചെയ്തു. ഭഗവാന്റെ ചിന്മുദ്ര ബ്രഹ്മജ്ഞാനത്തെ സൂചിപ്പിക്കുന്നു. സതീവിയോഗത്താൽ തപസ്സനുഷ്ഠിച്ച ശിവഭഗവാന്റെ മൂർത്തിഭേദമാണ് ദക്ഷിണാമൂർത്തി എന്നും വിശ്വാസമുണ്ട്.
ഓം നമോ ഭഗവതേ ദക്ഷിണാമൂര്‍ത്തയെ ഉഗ്രായ വിശ്വനാഥായ പാര്‍വതിപതയേ നമഃ
എന്ന മന്ത്രം കൈക്കുമ്പിളില്‍ ജലമെടുത്ത ശേഷം എട്ടുതവണ ജപിച്ചശേഷം കുടിക്കണം. ഇപ്രകാരം 41 ദിവസം വിധിപ്രകാരം ശുദ്ധിയോടുകൂടി ചെയ്താല്‍ ഭാഗ്യം തെളിയുമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.
ദക്ഷിണാമൂർത്തിയെ സങ്കല്പിച്ചുകൊണ്ടുള്ള ഗുരുപൂജ അത്യുത്തമമാണ്. ബ്രാഹ്മമുഹൂർത്തത്തിൽ ഭഗവാന്റെ മൂലമന്ത്രം 108 തവണ ജപിക്കുന്നത് കുട്ടികളിൽ ഓർമശക്തി നിലനിർത്താനും സഹായകരമാകും.
ദക്ഷിണാമൂർത്തീമൂലമന്ത്രം
“ഓം ദം ദക്ഷിണാമൂർത്തയേ നമഃ”
അർഥം മനസ്സിലാക്കി ദക്ഷിണാമൂർത്തീ സ്തുതി ജപിക്കുന്നതും സർവ കാര്യവിജയത്തിന് ഉത്തമമാണ്.
ദക്ഷിണാമൂർത്തീ സ്തുതി
“ഗുരവേ സർവലോകാനാം
ഭിഷജേ ഭവരോഗിണാം
നിധയേ സർവ വിദ്യാനാം
ദക്ഷിണാമൂര്‍ത്തയേ നമഃ ”
അർഥം :- സർവ ലോകത്തിനും ഗുരുവും രോഗങ്ങളെല്ലാം മാറ്റിത്തരുന്ന വൈദ്യനും സർവ വിദ്യകൾക്കും അധിപനും തെക്കോട്ട് ദർശനമായി ഇരുന്നു ജ്ഞാനം പ്രദാനം ചെയ്യുന്നവനുമായ ഭഗവാനെ ഞാൻ നമിക്കുന്നു.
പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിൽ പ്രധാനപ്രതിഷ്ഠയുടെ തെക്കുഭാഗത്തായി ദക്ഷിണാമൂർത്തീ പ്രതിഷ്ഠയുണ്ട്. തൃശ്ശൂർ വടക്കുംനാഥക്ഷേത്രവും ഏറ്റുമാനൂർ മഹാദേവക്ഷേത്രവും ഇതിനുദാഹരണമാണ്. വിദ്യാ ഗുണത്തിനായി ഇവിടെ അർച്ചന നടത്തി പ്രാർഥിക്കുന്നത് ഉത്തമമാണ്. കുട്ടികളിൽ ബുദ്ധി വികാസത്തിനായി ദക്ഷിണാമൂർത്തീമന്ത്രം നിത്യവും ജപിക്കാം.
ദക്ഷിണാമൂർത്തീ മന്ത്രം
“ഓം നമോ ഭഗവതേ ദക്ഷിണാമൂർത്തയേ
മഹ്യം മേധാം പ്രജ്ഞാം പ്രയശ്ച സ്വാഹാ”
മന്ത്രങ്ങള്‍ ഉത്തമനായ ആചാര്യന്റെ ഉപദേശപ്രകാരം മാത്രമേ ജപിക്കാവൂ.