
ദക്ഷിണ ഗുരുവായൂരിലെ ഏകാദശി പുണ്യം: കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രവിശേഷങ്ങള്‍
മധ്യകേരളത്തില്‍ ഭക്തിയുടെയും വിശ്വാസത്തിന്റെയും നിറസാന്നിധ്യമായി നിലകൊള്ളുന്ന അപൂര്‍വ്വം ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്നാണ് കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്ത് സ്ഥിതിചെയ്യുന്ന പൂത്തൃക്കോവില്‍ ക്ഷേത്രം. പടിഞ്ഞാറോട്ട് ദര്‍ശനമായി ഭഗവാന്‍ കുടികൊള്ളുന്ന ഈ മഹാക്ഷേത്രം ഐതിഹ്യങ്ങളാലും ആചാരങ്ങളാലും സമ്പന്നമാണ്.
ഐതിഹ്യവും ചരിത്രവും
‘ഗുരുശ്രീസ്ഥാനം’ എന്ന വാക്കില്‍ നിന്നാണ് ‘കുറിച്ചിത്താനം’ എന്ന സ്ഥലനാമം ഉണ്ടായതെന്നാണ് വിശ്വാസം. ഭക്തശിരോമണിയായ സാക്ഷാല്‍ വില്വമംഗലം സ്വാമിയാരാണ് ഇവിടെ ഭഗവാന്റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചതെന്നത് ഈ ക്ഷേത്രത്തിന്റെ പവിത്രതയും മാഹാത്മ്യവും വിളിച്ചോതുന്നു.
ദക്ഷിണ ഗുരുവായൂര്‍ എന്ന പുണ്യസങ്കേതം
പൂത്തൃക്കോവില്‍ ക്ഷേത്രത്തെ ഭക്തരുടെ ഇടയില്‍ കൂടുതല്‍ പ്രിയങ്കരമാക്കുന്നത് ഇവിടുത്തെ അതിപ്രധാനമായ ഏകാദശി വിളക്കാണ്. കഴിഞ്ഞ 148 വര്‍ഷമായി ഗുരുവായൂര്‍ ഏകാദശി വിളക്കിന്റെ അതേ നാളില്‍ തന്നെയാണ് ഇവിടെയും ഏകാദശി വിളക്ക് ഭക്തിപൂര്‍വ്വം ആചരിച്ചുവരുന്നത്. ഇക്കാരണത്താല്‍ തന്നെ ഈ ക്ഷേത്രം ‘ദക്ഷിണ ഗുരുവായൂര്‍’ എന്നും അറിയപ്പെടുന്നു. ഏകാദശി ദിനത്തില്‍ ഗുരുവായൂര്‍ കണ്ണനെ നേരില്‍ക്കണ്ട് ദര്‍ശനം നടത്താന്‍ സാധിക്കാത്ത ആയിരക്കണക്കിന് ഭക്തര്‍ ആ കുറവ് നികത്താന്‍ അന്ന് ദര്‍ശനത്തിനായി എത്തിച്ചേരുന്നത് ദക്ഷിണ ഗുരുവായൂരായ ഇവിടെയാണ്.
ഭക്തിസാന്ദ്രമായ ഏകാദശി ആഘോഷങ്ങള്‍
ഏകാദശി ദിനത്തിലെ ഉത്സവാഘോഷങ്ങള്‍ അത്യന്തം ഗംഭീരമാണ്. അന്ന് രാവിലെ മേജര്‍ സെറ്റ് പഞ്ചവാദ്യത്തിന്റെയും തുടര്‍ന്ന് പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെയുള്ള ശ്രീബലിയും, വൈകുന്നേരം മേജര്‍ സെറ്റ് പഞ്ചാരിമേളത്തോടുകൂടിയുള്ള കാഴ്ചശ്രീബലിയും ക്ഷേത്രാന്തരീക്ഷത്തെ നാദമുഖരിതമാക്കുന്നു. ഭക്തജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ഭക്തിപൂര്‍വ്വം നടത്തുന്ന മഹാ ഏകാദശി ഊട്ട് ഈ ദിവസത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്.
പള്ളിവേട്ടയും പള്ളിക്കുറുപ്പും
വൈകിട്ടുള്ള ശ്രീബലിക്കു ശേഷമുള്ള ഏകാദശി വിളക്ക് തൊഴാന്‍ ഭക്തജനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുക. ഏകാദശി വിളക്കിന്റെ ഭാഗമായുള്ള നാല് പ്രദക്ഷിണങ്ങള്‍ക്ക് ശേഷം നടക്കുന്ന പ്രസിദ്ധമായ ‘പള്ളിവേട്ട’ ചടങ്ങിനായി ഭഗവാനെ മൈതാനത്തേക്ക് എഴുന്നള്ളിക്കുന്ന കാഴ്ച അതിമനോഹരമാണ്. പള്ളിവേട്ട കഴിഞ്ഞ് അഞ്ചാമത്തെ പ്രദക്ഷിണവും പൂര്‍ത്തിയാക്കിയാണ് ഭഗവാന്‍ ശ്രീകോവിലിലേക്ക് തിരികെ എഴുന്നള്ളുന്നത്.
തുടര്‍ന്ന് ആലവട്ടം, വെഞ്ചാമരം, മുളപൂജയുടെ മുളകള്‍ എന്നിവകൊണ്ട് മോടിയായി അലങ്കരിച്ച മുഖമണ്ഡപത്തിലെ പട്ടുമെത്തയില്‍ ഭഗവാന്റെ ‘പള്ളിക്കുറുപ്പോടു’ (ഉറക്കം) കൂടിയാണ് ആ പുണ്യദിനത്തിലെ ഏകാദശി വിളക്ക് ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകുന്നത്.
ഏകാദശി വിളക്ക് വഴിപാട്
ഈ പുണ്യദിനത്തില്‍ ഭഗവാന്റെ അനുഗ്രഹം തേടി ഭക്തജനങ്ങള്‍ക്ക് വഴിപാടുകള്‍ നടത്താനുള്ള പ്രത്യേക സൗകര്യവുമുണ്ട്. അത്യധികം പ്രാധാന്യമുള്ള പൂത്തൃക്കോവില്‍ ഏകാദശി വിളക്ക് ദിനത്തില്‍ ഭക്തര്‍ക്ക് തങ്ങളുടെ പേരും നക്ഷത്രവും നല്‍കി ‘ഏകാദശി വിളക്ക് വഴിപാട്’ നടത്താവുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 94007 62152

