
ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ കാഴ്ചക്കുല സമര്‍പ്പണവും പുത്തരിനിവേദ്യവും
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ കാഴ്ചക്കുല സമര്‍പ്പണം ഉത്രാടനാളായ സെപ്റ്റംബര്‍ 4ന് രാവിലെ 8ന് നടക്കും. കൊടിമരച്ചുവട്ടില്‍ അരിമാവുകൊണ്ടണിഞ്ഞ് നാക്കിലവച്ച് ആദ്യകാഴ്ചക്കുല മേല്‍ശാന്തി എന്‍.വി.കൃഷ്ണന്‍ നമ്പൂതിരി ദേവിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം അധികൃതരും ഭക്തജനങ്ങളും കാഴ്ചക്കുലകള്‍ സമര്‍പ്പിക്കും. തിരുവോണനാളായ സെപ്റ്റംബര്‍ 5ന് തൃപ്പുത്തരി നടക്കും.
തൃപ്പുത്തരി നിവേദ്യത്തോടൊപ്പം പുത്തരിപ്പായസം, കാളന്‍, ഓലന്‍, ഇഞ്ചിതൈര്,എരിശേരി, ചേനയും കായും മെഴുക്കുപുരട്ടി, വറുത്തുപ്പേരി, ഉപ്പുമാങ്ങ എന്നിവയും ദേവിക്ക് ഉച്ചപൂജയ്ക്ക് നിവേദിക്കും. നെയ്യ്, കുരുമുളക്‌പൊടി, എന്നിവ കൊണ്ടാണ് നിവേദ്യങ്ങള്‍ തയാറാക്കുക.
ക്ഷേത്ര ഉൗരാളന്‍മാരായ പള്ളിപ്പുറത്ത് മനയില്‍നിന്നാണ് നിവേദ്യത്തിന് ആവശ്യമായ ഉപ്പുമാങ്ങ കൊണ്ടുവരുന്നത്. തിരുവോണദിനം രാവിലെ 11ന് നട അടയ്ക്കും. തുടര്‍ന്ന് 11.30ന് തിരുവോണ സദ്യയും പുത്തരിനിവേദ്യവും നടക്കുമെന്ന് ദേവസ്വം അസിസ്റ്റന്റ് കമ്മീഷ്ണര്‍ അറിയിച്ചു.