ചോറ്റാനിക്കരയില്‍ നവരാത്രി ഉത്സവം 3ന് തുടങ്ങും
ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ നവരാത്രി ഉത്സവ പരിപാടികള്‍ ഒക്ടോബര്‍ 3 മുതല്‍ 13 വരെ നടക്കും. പ്രശസ്തരുടേതുള്‍പ്പെടെ വിവിധ കലാപരിപാടികളും നവരാത്രിക്കാലത്ത് ക്ഷേത്രാങ്കണത്തില്‍ നടക്കും. ദേവിക്ക് അര്‍ച്ചനയായി സംഗീത, നൃത്തോത്സവവും ഉണ്ട്.
നവരാത്രി ഉത്സവം വ്യാഴാഴ്ച കലാസാംസ്‌കാരിക സമ്മേളനത്തോടെയാണ് തുടങ്ങുന്നത്. വൈകീട്ട് 5.30-ന് സംവിധായകന്‍ ഷാജി കൈലാസ് ഉദ്ഘാടനം നിര്‍വഹിക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. സുദര്‍ശന്‍ അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ് വിശിഷ്ടാതിഥിയായിരിക്കും.
വെള്ളിയാഴ്ച രാവിലെ 7-ന് നവരാത്രി സംഗീതോത്സവം തുടങ്ങും. 10-ന് വൈകീട്ടാണ് സരസ്വതീ മണ്ഡപത്തില്‍ പൂജവെപ്പ്. അന്ന് രാവിലെ 7 മുതല്‍ നവരാത്രി നൃത്തോത്സവവും തുടങ്ങും.
ദുര്‍ഗാഷ്ടമി ദിവസമായ 11-ന് രാവിലെ 8.30-ന് സിനിമാതാരം ജയറാമിന്റെ പ്രമാണത്തില്‍ 150 വാദ്യകലാകാരന്‍മാര്‍ പങ്കെടുക്കുന്ന പവിഴമല്ലിത്തറ മേളം. മഹാനവമി ദിവസമായ 12-ന് രാവിലെ 7.30-ന് 51 സംഗീതജ്ഞര്‍ പങ്കെടുക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനം, 8.30-ന് മൂന്ന് ഗജവീരന്‍മാരോടൊപ്പം പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളത്തോടുകൂടി ശീവേലി, രാത്രി 8.30-ന് ചോറ്റാനിക്കര വിജയന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യത്തോടുകൂടി വിളക്കിനെഴുന്നള്ളിപ്പ് തുടങ്ങിയവയുണ്ട്.
വിജയദശമി ദിവസമായ 13-ന് രാവിലെ പൂജയെടുപ്പ് കഴിഞ്ഞ് 8.30 മുതല്‍ ക്ഷേത്രനടയില്‍ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കും.